Breaking News

Trending right now:
Description
 
Sep 27, 2015

ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ ഇന്ന്‌; 5,69,516 പരീക്ഷാര്‍ഥികള്‍

image ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ പ്രശ്‌നോത്തരി മത്സരമെന്നറിയപ്പെടുന്ന ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ ഇന്നു നടക്കും. കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉച്ചയ്‌ക്ക്‌ രണ്ടു മുതല്‍ 3.30വരെ നടത്തുന്ന മത്സരം അയ്യായിരം പരീക്ഷാകേന്ദ്രങ്ങളിലായിട്ടാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. 5,69,516 പേര്‍ പരീക്ഷ എഴുതും. മലയാളം, ഇംഗ്ലീഷ്‌, തമിഴ്‌, ഹിന്ദി ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്‌. ഉത്തരേന്ത്യയിലെ 24 രൂപതകള്‍ ഉള്‍പ്പെടെ ആകെ 57 രൂപതകളിലായാണ്‌ ഇക്കുറി ലോഗോസ്‌ ക്വിസ്‌ നടക്കുന്നത്‌. എറണാകുളം- അങ്കമാലി അതിരൂപതയിലാണ്‌ ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത്‌ - 67,838 പേര്‍. കുറവിലങ്ങാട്‌ മര്‍ത്ത്‌മറിയം ഫൊറോന പള്ളിയാണ്‌ ഏറ്റവുമധികം പേരെ പരീക്ഷയ്‌ക്കിരുത്തുന്ന ഇടവക. 4,600 പേരാണ്‌ ഇവിടെ പരീക്ഷയെഴുതുക. വിദേശത്തുള്ളവര്‍ക്ക്‌ ഓണ്‍ലൈനായി ലോഗോസ്‌ ക്വിസില്‍ പങ്കെടുക്കാനും സജ്ജീകരണമൊരുക്കിയിട്ടുണ്ട്‌. സംസ്ഥാനതല മത്സരം നവംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. സംസ്ഥാനതലത്തില്‍ ഒന്നാമതെത്തുന്ന ലോഗോസ്‌ പ്രതിഭയ്‌ക്കു വിശുദ്ധനാട്‌ തീര്‍ഥാടനവും പാലയ്‌ക്കല്‍ തോമ്മാ മല്‌പാന്‍ കാഷ്‌ അവാര്‍ഡും സമ്മാനിക്കും. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്കു നിരവധി കാഷ്‌ അവാര്‍ഡുകളും സമ്മാനങ്ങളുമുണ്ട്‌. സമര്‍പ്പിത വര്‍ഷത്തോടനുബന്ധിച്ച്‌ ഇക്കുറി ലോഗോസ്‌ സമര്‍പ്പിത പ്രതിഭാപട്ടവും സമ്മാനിക്കും.