Breaking News

Trending right now:
Description
 
Dec 21, 2012

ഇത്‌ ആകാശക്കൊട്ടാരം, സൗദി രാജകുമാരന്‌ വെറും കളിപ്പാട്ടം

image
ആകാശത്ത്‌ പറന്നു നടക്കാന്‍ എന്തൊക്കെ സൗകര്യങ്ങള്‍ വേണം. സൗദി രാജകുമാരനും ബില്യണറുമായ അല്‍വലീദ്‌ ബില്‍ തലാലിന്റെ കാര്യത്തിലാണെങ്കില്‍ ലോകത്തിലെ ഏറ്റവും മുന്തിയ സ്വീറ്റ്‌ റൂമുകളേക്കാള്‍ ഗംഭീരമാകണം തന്റെ വിമാനം. ഇതിനായി ചെറിയ പ്ലെയിനുകളൊന്നുമല്ല സൗദി രാജകുമാരന്‍ തെരഞ്ഞെടുത്തത്‌. എണ്ണൂറു യാത്രക്കാര്‍ക്ക്‌ യാത്ര ചെയ്യാനാകുന്ന എയര്‍ബസ്‌ എ380 തന്നെയാണ്‌. എന്നിട്ട്‌ ഇതിന്റെ സീറ്റുകളെല്ലാം എടുത്തുമാറ്റി ആഡംബര വസതി പോലെ ഇതിനെ മോടി പിടിപ്പിച്ചു. നിലവിലുള്ള ബിസിനസ്‌ ക്ലാസുകളെ നാണിപ്പിക്കുന്ന ആഡംബരാണ്‌ ഈ വിമാനത്തിനുള്ളില്‍. 

ലോകത്തിലെ ഏറ്റവും സമ്പന്നന്മാരില്‍ ഒരാളും മികച്ച നിക്ഷേപകനുമായ വാറന്‍ ബഫറ്റിനോട്‌ സൗദി രാജകുമാരനെ പലപ്പോഴും ഉപമിക്കുന്നത്‌. ഗള്‍ഫിന്റെ ബഫറ്റ്‌ എന്ന വിശേഷണം ശരിക്കും ഇണങ്ങും. എയര്‍ബസ്‌ 380 കൂടാതെ എയര്‍ബസ്‌ 231, 747 എന്നിവയും രാജകുമാരന്‌ സ്വന്തം.



ഒരിക്കല്‍ ഇന്ധനം നിറച്ചാല്‍ എണ്ണായിരം മൈല്‍ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ എയര്‍ബസ്‌ ശരിക്കും പറക്കുന്ന കൊട്ടാരംതന്നെ. ലക്ഷ്വറി സ്വീറ്റുകളും ടക്കി ബാത്ത്‌ടബുകളും കണ്‍സര്‍ട്ട്‌ ഹാളുകളും ബോര്‍ഡ്‌ റൂമുമെല്ലാം ഇതിലുണ്ട്‌. ഏത്‌ ദിശയില്‍ പറന്നാലും മെക്കയിലയ്‌ക്ക്‌ ഓട്ടോമാറ്റിക്കായി തിരിയുന്ന ഇലക്ട്രോണിക്‌ മാറ്റുകളാണ്‌ പ്രാര്‍ത്ഥനാ മുറികളുടെ പ്രത്യേകത. ആകെ 240 മില്യണാണ്‌ പ്രൈവറ്റ്‌ ജെറ്റിന്റെ ചെലവ്‌.

ലോകത്തില്‍തന്നെ ആദ്യമായി സ്‌പൈറല്‍ സ്റ്റെയര്‍കേയ്‌സ്‌ ഉപയോഗിച്ചിരിക്കുന്നത്‌ ഈ വിമാനത്തിലാണ്‌. വിമാനം ടാര്‍മാര്‍ക്കിലെത്തുമ്പോള്‍ സ്‌പൈറല്‍ സ്റ്റെയര്‍കേയ്‌സ്‌ താഴേയ്‌ക്ക്‌ ഇറങ്ങിവരും. ചുവന്ന പരവതാനി ടാര്‍മാര്‍ക്കില്‍ നിവര്‍ന്നുവരും. ഓസ്‌കാര്‍ അവാര്‍ഡ്‌ ദാനച്ചടങ്ങിലേതു പോലെ തോന്നുമെന്നു കണ്ടുനില്‍ക്കുന്നവര്‍ പറയുന്നു. ലോകമെങ്ങുമുള്ള ഓഹരിവിലകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനുകള്‍ അടങ്ങിയതാണ്‌ ബോര്‍ഡ്‌ റൂം. നാല്‌ ലക്ഷ്വറി സ്വീറ്റുകളുണ്ട്‌ ഇതിനുള്ളില്‍. 

ഇരുന്നൂറ്റി അറുപത്തൊന്ന്‌ അടി വിംഗ്‌ സ്‌പാനുള്ളവിമാനത്തിന്റെ നീളം 239 അടിയാണ്‌. ഉയരം 79 അടി. കാബിന്‍ വീതി 23 അടി. മൂന്നു ടെന്നിസ്‌ കോര്‍ട്ടുകളുടെ വലിപ്പമുണ്ട്‌ ഫ്‌ളോര്‍ സ്‌പേയ്‌സിനു മാത്രം.