Breaking News

Trending right now:
Description
 
Sep 19, 2015

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യവാര്‍ഷികത്തിന്‌ തുടക്കം

image മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 85-ാമത്‌ പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ക്ക്‌ ഇന്നു തിരുവല്ല തിരുമൂലപുരത്ത്‌ തുടക്കമാകും. തിരുമൂലപുരം സെന്റ്‌ മേരീസ്‌ ദേവാലയത്തോടു ചേര്‍ന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ്‌ നഗറിലും തിരുവല്ല സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രലിലുമായാണ്‌ മൂന്നു ദിവസത്തെ പരിപാടികള്‍. ഇന്നു രാവിലെ 6.30ന്‌ തിരുമൂലപുരം സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ റവ. ഡോ. തോമസ്‌ കൊടിനാട്ടുംകുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാനയ്‌ക്കും ആരാധനയ്‌ക്കും നേതൃത്വം നല്‍കും. പത്തിന്‌ ജീവോത്സവ്‌ എക്‌സിബിഷന്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. 3.30ന്‌ വിവിധ സ്ഥലങ്ങളില്‍ നിന്നും ഛായാചിത്ര, പതാക, ദീപശിഖാ പ്രയാണങ്ങള്‍ സെന്റ്‌ ജോണ്‍സ്‌ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിച്ചേരും. വിവിധ പ്രയാണങ്ങള്‍ തിരുവല്ല സെന്റ്‌ ജോണ്‍സ്‌ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ സംഗമിച്ച്‌ പുനരൈക്യ വിളംബര ഘോഷയാത്രയായി തിരുമൂലപുരം മാര്‍ ഈവാനിയോസ്‌ നഗറില്‍ എത്തും. തുടര്‍ന്ന്‌ കൂരിയ മെത്രാനും പൂന - കട്‌കി എക്‌സാര്‍ക്കേറ്റ്‌ അധ്യക്ഷനുമായ ഡോ. തോമസ്‌ മാര്‍ അന്തോണിയോസ്‌ മെത്രാപ്പോലീത്ത കാതോലിക്കാ പതാകയും ആര്‍ച്ച്‌ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത പേപ്പല്‍ പതാകയും എംസിവൈഎം സഭാതല സമിതി ഡയറക്ടര്‍ ഫാ. തോമസ്‌ കയ്യാലയ്‌ക്കല്‍ എംസിവൈഎം പതാകയും ഉയര്‍ത്തും.

നാളെ രാവിലെ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന്‌ സഭാതല അല്‌മായ, യുവജന, ചില്‍ഡ്രന്‍സ്‌ ലീഗ്‌ സമ്മേളനങ്ങള്‍ വിവിധ വേദികളില്‍ നടക്കും. തിരുമൂലപുരത്ത്‌ പുതുതായി പണികഴിപ്പിച്ചിട്ടുള്ള മലങ്കരയുടെ പിതൃഗൃഹം എന്നു വിളിക്കുന്ന ബേസ്‌ ആബോ ദ്‌ മലങ്കരയുടെ കൂദാശ ഉച്ചകഴിഞ്ഞ്‌ 1.30ന്‌ നടക്കും. 2.30ന്‌ മാര്‍ ഈവാനിയോസ്‌ നഗറില്‍ സന്യസ്‌ത വര്‍ഷാചരണം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. ഡോ.ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും സ്വാമി വീരഭദ്രാനന്ദ എന്നിവര്‍ പ്രഭാഷണങ്ങളും നടത്തും. 21നു രാവിലെ എട്ടിന്‌ മാര്‍ ഈവാനിയോസ്‌ നഗറില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തിലും സഭയിലെ ഇതര മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും സഹകാര്‍മികത്വത്തിലും സമൂഹബലി നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വചനസന്ദേശം നല്‍കും. പൊതു സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ്‌ ചിറമേല്‍ അവയവദാന ബോധവത്‌കരണ ക്ലാസ്‌ നയിക്കും. മലങ്കര കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം അംഗങ്ങള്‍ ഒപ്പിട്ട അവയവദാന സമ്മതപത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങും.