Breaking News

Trending right now:
Description
 
Dec 20, 2012

കോതമംഗലം നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ അധികൃതര്‍ പിടിവാശി വെടിയണം

image
വിനോദ്‌ മത്തായി
വൈസ്‌ പ്രസിഡന്റ്‌, യുണൈറ്റഡ്‌ നഴ്‌സസ്‌ പ്രവാസി അസോസിയേഷന്‍

നീണ്ട സമരങ്ങള്‍ക്കൊടുവില്‍ കോതമംഗലം മാര്‍ ബസേലിയസ്‌ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ ഒതുങ്ങിയെന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍, സമരം ചെയ്‌തവരെ തിരിച്ചെടുക്കാമെന്ന ഉറപ്പില്‍നിന്ന്‌ പിന്നോക്കം പോകുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. 

സമരം ഒത്തുതീര്‍ക്കാന്‍ എല്ലാക്കാര്യങ്ങള്‍ക്കും സമ്മതമാണെന്നു പറഞ്ഞ ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസ്‌ ഇപ്പോള്‍ എല്ലാക്കാര്യങ്ങളിലും പിന്നോക്കം പോയിരിക്കുകയാണ്‌.   സമരക്കാര്‍ പടിക്കു പുറത്തുതന്നെ എന്ന നിലപാടാണ്‌ ഷിബു കുര്യാക്കോസ്‌ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്‌.   നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം നല്‌കാമെന്ന വാഗ്‌ദാനവും വെള്ളത്തില്‍ വരച്ച വര പോലെയാകുന്ന സ്ഥിതിയാണ്‌. 

വിപുലമായ വിശ്വാസപിന്തുണയുള്ള സഭ നേതൃത്വം നല്‌കുന്ന ആശുപത്രിയില്‍ കുറഞ്ഞ വേതനം പോലും നല്‌കാതിരിക്കുന്നു എന്നത്‌ വിശ്വാസികളിലും ഏറെ അമര്‍ഷമുണ്ടാക്കുന്നതാണ്‌. ലക്ഷക്കണക്കിനു വിശ്വാസികളുടെ പിന്തുണയോടെയും സ്‌നേഹപൂര്‍ണമായ സഹകരണത്തോടെയും നടത്തുന്ന ആശുപത്രിയില്‍ ചില വ്യക്തികളുടെ മാത്രം കടുപിടുത്തത്തിന്റെ പേരില്‍ ജീവനക്കാര്‍ക്ക്‌ നീതി നിഷേധിക്കരുത്‌. നേരായ വഴിയിലേയ്‌ക്ക്‌ ആശുപത്രി ഭരിക്കുന്നവരെ വഴിതിരിച്ചുവിടാന്‍ ഇക്കാര്യത്തില്‍ സഭാനേതൃത്വം ഇടപെടേണ്ടി വന്നാല്‍ അതിനു തയാറാകണമെന്നാണ്‌ വിശ്വാസികള്‍ ആഗ്രഹിക്കുന്നത്‌. 

ഏതാനും നഴ്‌സുമാരുടെ പിച്ചക്കാശ്‌ പിടിച്ചുവച്ചിട്ട്‌ നേട്ടമൊന്നും ഉണ്ടാക്കാനില്ലെന്നു തിരിച്ചറിവുണ്ടായിട്ടും ഊതി വീര്‍പ്പിച്ച ഈഗോയുടെ പേരില്‍ ജീവനക്കാരെ ഉപദ്രവിക്കുന്നത്‌ ഒരു ഭരണാധികാരിക്കും യോജിച്ചതല്ല. സര്‍ക്കാരും പ്രതിപക്ഷവും നാട്ടുകാരും മാധ്യമങ്ങളും നഴ്‌സുമാരുടെ സമരത്തിന്‌ നല്‌കിയ നിര്‍ലോഭമായ പിന്തുണയില്‍നിന്ന്‌ ഇക്കാര്യം വ്യക്തമാണ്‌. ഇനിയെങ്കിലും അനാവശ്യമായ നെഗളം വിട്ട്‌ ആശുപത്രി ഭരണം കൈയാളുന്നവര്‍ ശരിയായ പാതയിലേയ്‌ക്കു വരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. 

കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാതെ പിടിവാശി മാത്രം കൈമുതലാക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന്‌ കാലം തെളിയിച്ചുതരും. ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും ഈ നല്ലവസരത്തില്‍ പിടിവാശി ഉപേക്ഷിക്കാനും സാധാരണക്കാരായ ജീവനക്കാര്‍ക്ക്‌ നിയമം അനുശാസിക്കുന്ന കുറഞ്ഞ ശമ്പളം നല്‌കാനും തയാറാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.