Breaking News

Trending right now:
Description
 
Sep 18, 2015

ഒരു ഉഡായിപ്പ്‌ പത്രപ്രവര്‍ത്തകയും പാവം ഞാനും........

ജനറ്റ്‌ ബിനോയി
imageജോലിയുടെ ഭാഗമായി വയനാട്ടില്‍ നിന്നും ചേര്‍ത്തലയിലേയ്‌്‌ക്കുള്ള യാത്രമധ്യേ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചു അര്‍ദ്ധരാത്രിയ്‌ക്ക്‌ ഒരു സ്‌ത്രീയെ പരിചയപ്പെട്ടത്‌. സ്വതന്ത്രപത്രപ്രവര്‍ത്തകയെന്നു പരിചയപ്പെടുത്തി പ്രമുഖ മലയാള പത്രത്തിന്റെ പേരു ചേര്‍ത്തടിച്ച വിസിറ്റിംഗു കാര്‍ഡും അവര്‍ എനിക്കു നല്‍കി. 
പത്രപ്രവര്‍ത്തക എന്നു കേട്ടതോടെ എനിക്ക്‌ ത്രില്ലായി. രാത്രിയില്‍ ഉറക്കം കളഞ്ഞു ട്രെയിനിലിരുന്ന്‌ പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ച്‌ ഗംഭീര ചര്‍ച്ച. സിനിമ ലോകത്തെ ബന്ധങ്ങളെക്കുറിച്ചെല്ലാം അവര്‍ വാചാലയായി. നാലോളം സിനിമയ്‌ക്ക്‌ തിരക്കഥ എഴുതുകയാണത്രേ കക്ഷി. നമ്മുടെ ലോഹിതദാസിനെയൊക്കെ ലോഹിയെന്നാണ്‌ കക്ഷി അഭിസംബോധന ചെയ്‌തത്‌. ദീലീപിന്റെയും മഞ്ചുവാര്യരുടെയും കുടുംബ ജീവിതമൊക്കെ പച്ചവെള്ളം പോലെ പറയുന്നു. ...

ജേര്‍ണലിസം പഠിച്ചു പോയതു കൊണ്ടും പത്രത്താളില്‍ സ്റ്റോറി ചെയ്‌തു നാലാളറിയുന്ന പത്രപ്രവര്‍ത്തകയാകണമെന്ന അതിമോഹം ഉണ്ടായിരുന്നതു കൊണ്ടും ഇത്രയേറെ ആശയങ്ങള്‍ ഉള്ള ഒരാളെ പരിചയപ്പെടാന്‍ സാധിച്ചതില്‍ ഞാനും ഹാപ്പിയായി. പത്രപ്രവര്‍ത്തനം തലയ്‌ക്ക്‌ പിടിച്ച പീരുമേടുകാരിയായ എന്റെ ചങ്ങാതിയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ജേര്‍ണലിസ്റ്റിന്‌ പെരുത്ത സന്തോഷം. 
ഇതുപ്പോലെ ഊര്‍ജ്ജസ്വലയായ തേടി നടക്കുകയായിരുന്നത്രേ അവര്‍. കൂട്ടായ പ്രവര്‍ത്തങ്ങളുടെ സാധ്യത അവര്‍ വിശദമായി അവതരിപ്പിച്ചു. ഏതായാലും എറണാകുളത്തിറങ്ങി ഞാന്‍ വീട്ടിലേയ്‌ക്ക്‌ ബസു പിടിച്ചു. തിരുവനന്തപുരത്ത്‌ പോകുന്ന ഭവതി ഒരാഴ്‌ചയ്‌ക്ക്‌ ശേഷം കോഴിക്കോട്ടെയ്‌ക്ക്‌ മടങ്ങുമെന്നാണ്‌ പറഞ്ഞിരുന്നത്‌. ചാന്‍സുകള്‍ വിളിച്ചറിയ്‌ക്കണമെന്നു പറഞ്ഞു ഫോണ്‍ നമ്പരും കൊടുത്തു. എപ്പോഴെങ്കിലും കാണാമെന്നു പറഞ്ഞാണ്‌ ഞാന്‍ പിരിഞ്ഞത്‌.
സ്വതന്ത്ര പത്രലോകത്തെ കൂട്ടുകാരിയെ സിനിമയില്‍ തിരക്കഥാകൃത്താക്കാവാന്‍ ഇതാ വലിയ അവസരം വന്നിചേര്‍ന്നിരിക്കുന്നു. ഞാന്‍ ഉള്‍പുളകിതയായി സന്തോഷ വര്‍ത്തമാനം വീട്ടിലേയ്‌ക്ക്‌ വരുന്ന വഴി തന്നെ ബൂത്തില്‍ കയറി കൂട്ടുകാരിയെ വിളിച്ചറിയിച്ചു. ഇതാ വെറും പത്രപ്രവര്‍ത്തനവുമായി നടക്കുന്ന നിന്നെ നാലാള്‍ അറിയുന്ന തിരക്കഥാകൃത്താക്കാന്‍ ഞാന്‍ പോകുകയാണെന്ന അഹംഭാവം എന്റെ സ്വരത്തിലും ഉണ്ടായിരുന്നു.( ഹോസ്‌റ്റലില്‍ വച്ചു ഈ കൂട്ടുകാരിയുടെ ബോറന്‍ സാഹിത്യം എല്ലാ ദിവസവും കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യയായിരുന്നു ഞാന്‍)

പിറ്റേ ദിവസം അതിരാവിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകയുെട ഒരു ഫോണ്‍കോള്‍. ഞാന്‍ വൈകിട്ട്‌ ചേര്‍ത്തലയില്‍ എത്തും. 
വൈകിട്ട്‌ ഞാന്‍ ചേര്‍ത്തലയിലെ എന്റെ വീട്ടിലേയ്‌ക്ക്‌ വരുന്നു. അപ്രതീക്ഷിതമായ വരവില്‍ എന്തോ പന്തിക്കേടു തോന്നിയെങ്കിലും പീരുമേട്ടിലെ കൂട്ടുകാരിയെ ഞാന്‍ വിളിച്ചു വരുത്തി. 
സ്വതന്ത്ര പത്രപ്രവര്‍ത്തക ചേച്ചിയുടെ വാചകമടിയില്‍ പന്തിക്കേടും പൊരുത്തക്കേടുകളും മണക്കുന്നതായി പീരുമേട്ടിലെ കൂട്ടുകാരി പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു. 
"നീ എല്ലാത്തിനെയും പത്രക്കാരെപ്പോലെ സംശയ ദൃഷ്ടിയോടെ നോക്കുന്നതു കൊണ്ടാണ്‌. " 
അതിഥിയായി എത്തിയ സ്വതന്ത്ര പത്രപ്രവര്‍ത്തകയ്‌ക്ക്‌ ഹോം സയന്‍സുകാരിയായി അനിയത്തിയുടെ പാളിപ്പോയ ചീരക്കറിയിലെ വെള്ളം ഊറ്റിയെടുത്ത്‌ കുരുമുളക്‌ പൊടിയുപമിട്ട്‌ സൂപ്പാക്കി നല്‍കി നന്നായി സത്‌ക്കരിച്ചുവെങ്കിലും എവിടെ കിടത്തുമെന്നായി ആശങ്ക. അവസാനം സ്വതന്ത്ര പത്ര പ്രവര്‍ത്തകയെ ഒരു മുറിയില്‍ കിടത്തി ഞങ്ങള്‍ ഉറങ്ങാതെ കാവലിരുന്നു. ഒരുവിധത്തില്‍ പുലര്‍ച്ചേ അവരെ ഞങ്ങള്‍ പായ്‌ക്ക്‌ ചെയ്‌തു. ഇനിയും ഇതുപ്പോലെയുള്ള ഉഡായിപ്പുകളെ വിളിച്ചുകൊണ്ടു വന്നു മെനക്കെടുത്തരുതെന്ന്‌ പറഞ്ഞു ചീത്ത വിളിച്ചും എന്റെ വിവരക്കേടിനെ പ്രകീര്‍ത്തിച്ചും കൂട്ടുകാരി മടങ്ങി.
4-ാം ദിവസം ഇടുക്കി ജില്ലില്‍ നിന്നു ആലപ്പുഴ ജില്ലയിലേയ്‌ക്ക്‌ ഫോണ്‍ കോള്‍. സഹോദരി ഇന്നത്തെ പത്രമെടുത്ത്‌ ഒന്നു മറിച്ചു നോക്ക്‌ 
നോക്കിയാ ഞാന്‍ ഞെട്ടി. പിന്നെ വീട്ടുകാരെ കാണിച്ചതോടെ വീട്ടുകാരും കൂട്ടമായി ഞെട്ടി. 
വാര്‍ത്തയിങ്ങനെ .... 'അറിയിപ്പ്‌ ' ഈ ചിത്രത്തില്‍ കാണുന്ന .....യാള്‍ .... പത്രവുമായി യാതൊരു ബന്ധവുമില്ല പത്രത്തിന്റെ പേരുപയോഗിച്ചു സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പുകളും നടത്തിയതായി അറിയുന്നു. വട്ടക്കണ്ണട വച്ച ആ സ്വതന്ത്ര പത്രപ്രവര്‍ത്തകയുടെ പത്രത്തിലെ ചിത്രത്തിലേയ്‌ക്ക്‌ വീണ്ടും വീണ്ടും ഞാന്‍ നോക്കി. ഇന്നലെ ഞാന്‍ പരിചയപ്പെട്ട അതേ സ്‌ത്രീ. എന്റെ അനിയത്തിയുടെ ചീര സൂപ്പു കുടിച്ച്‌ അവള്‍ ലോകപ്രശസ്‌തയായ പാചകക്കാരിയാകുമെന്നും ചാനലിലെ കുക്കറി ഷോയില്‍ ഒരവസരം വാങ്ങിത്തരാമെന്നും പറഞ്ഞ അത്‌േ പത്രപ്രവര്‍ത്തക... എന്റെ കൂട്ടൂകാരിയെ മറ്റൊരു ലോഹിത ദാസാക്കുമെന്നു മോഹിപ്പിച്ച അതേ പത്രപ്രവര്‍ത്തക തട്ടിപ്പ്‌ പത്രപ്രവര്‍ത്തകയായി പത്രതാളില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കമലിന്റെ ചിത്രം, സത്യന്‍ അന്തിക്കാട്‌, ലോഹി, സത്യമായിട്ടും എന്നിലെ പത്രപ്രവര്‍ത്തക പകച്ചു പോയി. 


ഇന്ന്‌ വീണ്ടും അവരെ ഓര്‍ക്കാന്‍ കാരണമുണ്ട്‌. എന്റെ പീരുമേട്ടിലെ കൂട്ടുകാരി അവരെ വീണ്ടും കണ്ടു. ഇത്തവണ ഒരു വ്യത്യാസമുണ്ട്‌ സാമൂഹ്യപ്രവര്‍ത്തകയായാണ്‌. സ്‌ത്രീകളെ പുനരുദ്ധരിക്കാന്‍ നടക്കുന്ന അവര്‍ കൂട്ടുകാരിയെ തിരിച്ചറിഞ്ഞതോടെ അവിടെ നിന്നു മുങ്ങി. 
പുതിയ പേരില്‍ പുതിയ തട്ടിപ്പുമായി അവര്‍ മറ്റൊരിടത്ത്‌ പൊങ്ങിയിട്ടുണ്ടാകും.... പുതിയ പുതിയ തട്ടിപ്പുകളുടെ കഥ കേള്‍ക്കുമ്പോള്‍ ഭാഗ്യം കൊണ്ട്‌ ഒരു തട്ടിപ്പില്‍ നിന്ന്‌ ഞാന്‍ രക്ഷപ്പെട്ട അനുഭവം ഞാന്‍ ഓര്‍ക്കും. അമിതമായി വാചകമടിക്കുന്നവരെ വിശ്വസിക്കാതിരിക്കുകയാണെങ്കില്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്ന്‌ ഒരു പരിധിയ വരെയെങ്കിലും നമുക്ക്‌ രക്ഷപ്പെടാം.