Breaking News

Trending right now:
Description
 
Sep 16, 2015

സത്‌നായുടെ മെത്രാനായി മാര്‍ ജോസഫ്‌ കൊടകല്ലില്‍ അഭിഷിക്തനായി

image മധ്യപ്രദേശിലെ സീറോ മലബാര്‍ രൂപതയായ സത്‌നായുടെ മൂന്നാമത്തെ മെത്രാനായി മാര്‍ ജോസഫ്‌ കൊടകല്ലില്‍ അഭിഷിക്തനായി. സത്‌നായിലെ സെന്റ്‌ വിന്‍സെന്റ്‌ കത്തീഡ്രലില്‍ ഇന്നലെ രാവിലെ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വംവഹിച്ചു. ഭോപ്പാല്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ലിയോ കൊര്‍ണേലിയോ, സത്‌നായുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ സഹകാര്‍മികരായി. നാഗ്‌പൂര്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഏബ്രഹാം വിരുതുകുളങ്ങര സന്ദേശം നല്‍കി. ഭാരതത്തിലെ പാവങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്‌ക്കായി സീറോ മലബാര്‍ സഭയുടെ മിഷന്‍ രംഗം പ്രതിജ്ഞാബദ്ധമാണെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. വിദ്യാഭ്യാസം, ആതുരസേവനം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങി വിവിധ മേഖലകളില്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്‌. സത്‌നാ രൂപതയെ കഴിഞ്ഞ കാലങ്ങളില്‍ നയിച്ച മാര്‍ എ.ഡി. മറ്റം, മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവരുടെ ശുശ്രൂഷകള്‍ വിലപ്പെട്ടതാണ്‌. മെത്രാന്‍ശുശ്രൂഷയിലേക്കു പ്രവേശിച്ചിരിക്കുന്ന മാര്‍ കൊടകല്ലിലിനു പ്രേഷിത തീക്ഷ്‌ണതയോടെ രൂപതയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, ജബല്‍പുര്‍ ബിഷപ്‌ ഡോ. ജെറാള്‍ഡ്‌ അല്‍മിഡ എന്നിവരുള്‍പ്പടെ 22 മെത്രാന്മാരും സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ്‌ ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍, മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ സെക്രട്ടറി ഫാ. സെബിന്‍ കാഞ്ഞിരത്തിങ്കല്‍, മാര്‍ കൊടകല്ലിലിന്റെ ജ്യേഷ്‌ഠസഹോദരന്‍ ഫാ. കുര്യാക്കോസ്‌ കൊടകല്ലില്‍ എന്നിവരും സത്‌നാ രൂപതയിലെ വൈദികരും ശുശ്രൂഷകളില്‍ സഹകാര്‍മികരായി.