Breaking News

Trending right now:
Description
 
Sep 13, 2015

മൂന്നാര്‍ സമര വേദിയിലേയ്‌ക്ക്‌ വനിത നേതാക്കളുടെ പ്രളയം, ആരെയും അടുപ്പിക്കാതെ സമരക്കാര്‍

imageമൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമര വേദിയിലേയ്‌ക്ക്‌ രാഷ്ട്രീയക്കാരെ അടുപ്പിക്കാതിരുന്ന സമരക്കാര്‍ ഈ എസ്‌ ബിജിമോള്‍ എം എല്‍ എയെ സ്വീകരിച്ചതോടെയാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ വനിത നേതാക്കളെ സമര ഭൂമിയിലേയ്‌ക്ക്‌ പറഞ്ഞയച്ചു സ്‌ത്രീ സമരം പിടിച്ചടക്കുവാന്‍ ശ്രമിച്ചത്‌. എന്നാല്‍ വന്ന രാഷ്ട്രീയ നേതാക്കളെയെല്ലാം സമര ഭൂമിയില്‍ അടുപ്പിക്കാതെ സമരക്കാര്‍ ഓടിച്ചു വിടുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. സമരക്കാരുടെ ചൂട്‌ അറിഞ്ഞതില്‍ സി പിഎമ്മിന്റെ ശ്രീമതി ടീച്ചര്‍ മുതല്‍ കോണ്‍ഗ്രസിന്റെ ബിന്ദു കൃഷ്‌ണ വരെയുള്ള സ്റ്റാര്‍ നേതാക്കള്‍ ഉള്‍പ്പെടുന്നു. വനിത മന്ത്രി ജയലക്ഷ്‌മിയെയും കെ കെ രമയെയും സമരക്കാര്‍ സ്വീകരിച്ചില്ല.

എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസവും അവര്‍ക്കൊപ്പം ആയിരുന്നു ബിജിമോള്‍. അവരുടെ വിഷയങ്ങളില്‍ ഇടപ്പെട്ടു അവരിലൊരാളായി അവര്‍ക്കൊപ്പം നിന്നപ്പോള്‍ മറ്റു നേതാക്കള്‍ക്ക്‌ എന്തുകൊണ്ടു സാധിക്കുന്നില്ല അല്ലെങ്കില്‍ അവരെ എന്തുകൊണ്ട്‌ വിശ്വാസത്തില്‍ എടുക്കുന്നില്ല എന്ന ചോദ്യത്തിന്‌ രാഷ്ട്രീയക്കാര്‍ എങ്ങനെയായിരിക്കണമെന്ന പൊതുജനത്തിന്റെ പ്രതീക്ഷയുടെ ഉത്തരം ഉണ്ട്‌. 

സമര മുഖങ്ങളില്‍ സ്‌ത്രീപക്ഷ ഇമേജു നോക്കാതെ പൊതുജനത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബിജിമോളെ സമരക്കാര്‍ പ്രതീക്ഷയോടെയാണ്‌ നോക്കിയത്‌. 
തോട്ടം തൊഴിലാളികളുടെ പ്രശ്‌നം ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ തോട്ടം തൊഴിലാളികളുടെ വേഷത്തില്‍ എത്തി അവരുടെ പ്രശ്‌നങ്ങളെ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയുടെ മുമ്പില്‍ പോലും അവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ വനിതയില്‍ സമരക്കാര്‍ വിശ്വാസം അര്‍പ്പിച്ചതില്‍ ന്യായം ഉണ്ട്‌. 
മുന്നാര്‍ സമരത്തെ തമിഴ്‌ തീവ്രവാദികളുടെ സമരമായി മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ ഈ സമരം വേദനിക്കുന്ന, ദുരിതം അനുഭവിക്കുന്ന സ്‌ത്രീകളുടെ ന്യായമായ പോരാട്ടമെന്നു പറഞ്ഞു കൊണ്ടു ആദ്യമായി രംഗത്ത്‌ എത്തിയതും ബിജിമോളായിരുന്നു. 
പതിറ്റാണ്ടുകളായി തോട്ടം മേഖലകളില്‍ ഗേറ്റുകള്‍ സ്ഥാപിച്ചു സാധാരണ ജനത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തോട്ടം ഉടമകളുടെ ധാര്‍ഷ്ട്യത്തിന്‌ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ അണികളെ ഇറക്കിയല്ല എംഎല്‍എ പ്രതീരോധം സൃഷ്ടിച്ചത്‌. അണികളെ കേസിലേയ്‌ക്ക്‌ തള്ളിവിടാതിരിക്കാന്‍, അവര്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ എംഎല്‍ എ പ്രതിരോധം സൃഷ്ടിച്ചപ്പോള്‍ സ്‌ത്രീ എങ്ങനെ പെരുമാറണമെന്ന ചട്ടക്കൂട്ടുകള്‍ താഴെ വീണു പോയിരിന്നിരിക്കാം. പക്ഷേ, നേതാവ്‌ ഇങ്ങനെയായിരിക്കണമെന്നു ഇടുക്കിയിലെ ജനം മനസില്‍ പറഞ്ഞതിന്റെ തെളിവാണ്‌ മുന്നാര്‍ സമരത്തില്‍ സമരക്കാര്‍ ബിജിമോളെ സ്വീകരിച്ചതിലൂടെ മനസിലാകുന്നത്‌. 
സാധാരണക്കാരന്റെ, ദുരിതം അനുഭവിക്കുന്നവന്റെ വിഷയങ്ങളില്‍ കൊടിയുടെ നിറം നോക്കാതെ ഇമേജുകളുടെ ബാധ്യതകളില്ലാതെ സ്ഥാനങ്ങളുടെ തലക്കനം ഇല്ലാതെ ഇടപെടുന്ന എംഎല്‍എയെയാണ്‌ ഇടുക്കിക്കാര്‍ കണ്ടത്‌. 1840 ദിവസം നീണ്ട ആദിവാസി സമരം രാഷ്ട്രീയ കൊടി ഇല്ലാത്തതിന്റെ പേരില്‍ മുഖ്യധാര പാര്‍ട്ടികള്‍ ഉപേക്ഷിച്ചപ്പോള്‍ സമരത്തില്‍ ആദ്യമുതല്‍ ഇടപെടുകയും അവര്‍ക്കൊപ്പം നില്‍ക്കുവാനും ബിജിമോള്‍ എംഎല്‍എയെ ഉണ്ടായിരുന്നൊള്ളു. അവരുടെ വിഷയം മാധ്യമങ്ങളില്‍ കൊണ്ടുവരുവാനും അതുവഴി വിഷയ പരിഹാരത്തിന്‌ അധികാരികളെ ഏതു സമരമുറയും സ്വീകരിക്കാന്‍ ബിജിമോള്‍ തയാറായി. ആദിവാസികള്‍ക്ക്‌ വാസയോഗ്യമായ ഭുമി നല്‍കാന്‍ സര്‍ക്കാര്‍ തയാറായതിന്റെ പിന്നില്‍ ഇത്തരം സമരങ്ങള്‍ ഉണ്ടായിരുന്നു. 

ഇടുക്കിയിലെ സമരങ്ങള്‍ ന്യായമായിരുന്നപ്പോള്‍ എല്ലായിടത്തും ബിജിമോളുടെ ഇടപെടല്‍ ഉണ്ടായിരുന്നു. കര്‍ഷകര്‍ക്കെതിരായ കസ്‌തൂരി രംഗന്‍ സമരമായിരുന്നാലും ജനങ്ങളുടെ ജീവന്‍ ത്രാസില്‍ ആടുന്ന മുല്ലപ്പെരിയാര്‍ സമരമായിരുന്നാലും അവരുടെ മണ്ഡലത്തിലെ വിഷയങ്ങളില്‍ ആദ്യ പ്രതിഷേധിച്ചു രംഗത്ത്‌ എത്തിയവരില്‍ അവര്‍ തന്നെയായിരുന്നു മുന്നില്‍. ഇമേജുകള്‍ നോക്കാതെ, ആരോപണങ്ങളെ ഭയക്കാതെ ബിജിമോള്‍ ധൈര്യം പൂര്‍വം രംഗത്തു നിന്നു.

അണികളെ മുന്നിലേയ്‌ക്ക്‌ തള്ളിവിട്ടു പിന്നില്‍ നിന്ന്‌ കളിക്കുന്ന രാഷ്ട്രീയക്കാരെ ജനം മടുത്തു തുടങ്ങയിരിക്കുന്നു. അവര്‍ക്കു വേണ്ടത്‌ അവരുടെ വിഷയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയാണ്‌. അത്‌ വനിതയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വിഎസിനെ മൂന്നാര്‍ സമരക്കാര്‍ സ്വീകരിച്ചത്‌ അവരുടെ വേദനകളില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ്‌.