Breaking News

Trending right now:
Description
 
Sep 13, 2015

ഫാമില്‍ ജൈവ പച്ചക്കറി കേന്ദ്രം ആലപ്പുഴയില്‍

image ആലപ്പുഴ: കര്‍ഷക കൂട്ടായ്മയിലൂടെ തികച്ചും ജൈവമാര്‍ഗത്തില്‍ ഉത്പാദിപ്പിച്ചു പരിശുദ്ധി ഉറപ്പാക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വില്പന കേന്ദ്രമായ ഫാമില്‍ ഓര്‍ഗാനിക് ഷോപ് പട്ടണത്തില്‍ ആരംഭിക്കുന്നു. നാട്ടിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ന്യായവിലയ്ക്ക് വിപണിയിലെത്തിക്കുകയാണ്.

മുഹമ്മയ്ക്കു സമീപമുള്ള നൂറ്റുപാറ പ്രദേശത്തെ ഇരുപതു കര്‍ഷകര്‍ ചേര്‍ന്നുള്ള സ്വയം സഹായ സംഘമാണ് പച്ചക്കറികള്‍ നട്ടുവളര്‍ത്തി വിളവെടുക്കുന്നത്. ജൈവ വളങ്ങളും ജൈവ കീട-രോഗ നിയന്ത്രണവും മാത്രം പ്രയോഗിച്ചാണ് പച്ചക്കറി തോട്ടങ്ങളിലെ കൃഷി. പ്രമുഖ ജൈവകൃഷി വിദഗ്ധന്‍ കെ.വി.ദയാല്‍ കൃഷിക്കു നേതൃത്വം നല്കുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ ഗുണനിലവാരം കൃഷിശാസ്ത്രജ്ഞര്‍ പരിശോധിച്ചു വിലയിരുത്തിയ ശേഷമായിരിക്കും വില്പനയ്‌ക്കെത്തിക്കുക. കൃത്യവും കര്‍ശനവുമായ പരിശോധനാ ഏര്‍പ്പാടുകളുണ്ടാകും. പച്ചക്കറി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണെന്നു ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൃഷിയിടം സന്ദര്‍ശിക്കാന്‍ അവസരമുണ്ടായിരിക്കും.

പൊതുജനങ്ങള്‍ക്കു ജൈവ പച്ചക്കറികളും പഴങ്ങളും സ്ഥിരമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷോപ്പിന്റെ പ്രവര്‍ത്തനമെന്നു ഫാമില്‍ ഫാം മാനേജിംഗ് ഡയറക്ടര്‍ ജിനോ ജി. മാളിയേക്കല്‍ ചൂണ്ടിക്കാട്ടി. തോണ്ടന്‍കുളങ്ങര ഉടുപ്പി അമ്പലത്തിനു എതിര്‍വശത്തുള്ള ടെമ്പിള്‍ വ്യൂ റസിഡന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന നാടന്‍പാല്‍ വിതരണ കേന്ദ്രമായ മില്‍ക്ക് പോട്ടിനോടനുബന്ധിച്ചാണ് പച്ചക്കറി വില്പന കേന്ദ്രം.

ഫാമില്‍ ഓര്‍ഗാനിക് ഷോപ്പിന്റെ ഉദ്ഘാടനം 2015 നവംബര്‍ 14-നു തിങ്കളാഴ്ച രാവിലെ 11-നു കൈരളി ടി.വി ഡയറക്ടറും പുന്നപ്ര പഞ്ചായത്തിലെ മികച്ച ജൈവ കര്‍ഷകനുമായ പി.എ.സിദ്ധാര്‍ഥ മേനോന്‍ നിര്‍വഹിക്കും. ആദ്യ വില്പന ജൈവകൃഷി വിദഗ്ധന്‍ കെ.വി.ദയാല്‍ നടത്തും. ആര്‍.എസ്.എസ്. പ്രചാര്‍ പ്രമുഖ് ജി. വിനോദ് കൂമാര്‍ ഏറ്റുവാങ്ങും. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബാബു, അട്ടപ്പാടി മല്ലീശ്വര ഓര്‍ഗാനിക് മൂവ്‌മെന്റ് ഡയറക്ടര്‍ പി.ജെ.മാത്യു, ബ്രാഹ്മണ സഭ സംസ്ഥാന സെക്രട്ടറിയും കേരള ആയുര്‍വേദ സമാജം ഡയറക്ടറുമായ സുബ്രഹ്മണ്യ മൂസത് തുടങ്ങിയവര്‍ ആശംസകള്‍ നേരും. 

ഫാമില്‍ ഓര്‍ഗാനിക് ഷോപ്പില്‍ നിന്നു ഇരുനൂറു രൂപയിലേറെ തുകയ്ക്കു പച്ചക്കറി വാങ്ങുന്ന തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) അംഗങ്ങള്‍ക്ക് അഞ്ചു ശതമാനം ഡിസ്‌ക്കൗണ്ട് ലഭ്യമാക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയതായി പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അറിയിച്ചു. ഇതിനായി പേരു രജിസ്റ്റര്‍ ചെയ്യണം. റസിഡന്റസ് അസോസിയേഷന്‍ പ്രദേശത്തും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ഉത്പാദിപ്പിക്കുന്ന വിളകള്‍ വിറ്റഴിക്കാന്‍ ഏര്‍പ്പാടുകളുണ്ടാക്കുകയും ചെയ്യും.

ഇതേസമയം, ജൈവപച്ചക്കറിക്കു പ്രത്യേക വില നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമെന്നു കൃഷി വകുപ്പു മന്ത്രി കെ.പി.മോഹനന്‍ അറിയിച്ചിട്ടുണ്ട്. ജൈവ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുവാന്‍ കര്‍ഷകരെക്കൂടി പങ്കെടുപ്പിച്ച് 16-ന് ആലപ്പുഴയില്‍ യോഗം ചേരും.