Breaking News

Trending right now:
Description
 
Sep 13, 2015

കലാമണ്ഡലം സത്യഭാമ അന്തരിച്ചു

image പ്രശസ്‌ത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായിരുന്ന കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്‌ക്ക്‌ രണ്ടിന്‌ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. വൈകുന്നേരം നാലിന്‌ ഷൊര്‍ണൂര്‍ ശാന്തിതീരത്ത്‌ സംസ്‌കരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം ആദ്യമായി ലഭിച്ചത്‌ സത്യഭാമയ്‌ക്കായിരുന്നു. 2014-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 21 വര്‍ഷം മുമ്പ്‌ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിരുന്നു. ശ്രീകുമാരന്‍തമ്പിയുടെ ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയുടെ നൃത്തസംവിധാനം നിര്‍വഹിച്ചത്‌ സത്യഭാമയായിരുന്നു. ആ സിനിമയിലെ മലയാളിപെണ്ണേ നിന്റെ മനസ്‌..... എന്നുതുടങ്ങുന്ന ഗാനത്തിന്റെ മോഹിനിയാട്ട രംഗങ്ങള്‍ ചിട്ടപ്പെട്ടുത്തിയത്‌ സത്യഭാമയാണ്‌. കേരള കലാമണ്ഡലം അവാര്‍ഡ്‌, കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്‌, കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെലോഷിപ്പ്‌, കേരളസര്‍ക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകളും സ്വന്തമാക്കാനായി. മോഹിനിയാട്ടത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി വേഷവിധാനത്തിലും കേശാലങ്കാരത്തിലും പരിഷ്‌കാരങ്ങള്‍ വരുത്തിയത്‌ സത്യഭാമയാണ്‌. കഥകളില്‍നിന്നു മോഹിനിയാട്ടത്തെ മോചിപ്പിച്ച്‌ ഭംഗിയുള്ള മുദ്രകളാക്കി ലളിതമാക്കിയത്‌ സത്യഭാമയാണ്‌. കലാമണ്ഡലം പത്മനാഭന്‍ നായരില്‍നിന്നാണ്‌ കഥകളിയിലെ പ്രധാന സ്‌ത്രീ വേഷങ്ങള്‍ പഠിച്ചത്‌. മോഹിനിയാട്ടത്തില്‍ അഞ്ചുവര്‍ണങ്ങള്‍, 11 പദങ്ങള്‍, ഒരു തില്ലാന എന്നിവ പുതിയതായി സംവിധാനം ചെയ്‌തു. ചില കവിതകള്‍ മോഹിനിയാട്ട രൂപത്തില്‍ ആവിഷ്‌കരിച്ചു ബാലേകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്‌തു. 1954-ല്‍ മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ മലയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സംഘത്തിലെ അഗമായിരുന്നു. തലശേരി കമ്പനാട്ട്‌ കൃഷ്‌ണന്‍ നായരുടെയും വേണാട്ട്‌ അമ്മിണിയമ്മയുടെയും മകളാണ്‌ സത്യഭാമ. 1937 നവംബര്‍ നാലിനാണ്‌ ജനിച്ചത്‌.