Breaking News

Trending right now:
Description
 
Dec 20, 2012

അനുഭവം ഒരു കഥകൊണ്ട്‌ പൊള്ളിയത്‌

വി. ദിലീപ്‌, ശ്രീരാഗം, അരീക്കുഴ പി.ഒ, തൊടുപുഴ, ഇടുക്കി 685 584 ഫോണ്‍: 9446542313 9446542313 9446542313 9446542313
image
ഒരു കഥകൊണ്ട്‌ പൊള്ളിയിട്ടുണ്ട്‌. ഒരിക്കല്‍ മാത്രം. കഥയെഴുത്തുകാരനായി അറിയപ്പെടാനുള്ള തിടുക്കങ്ങള്‍ മാത്രം പൊടിച്ചൂട്ട്‌ വീശി എന്നെ വഴി നടത്തിയിരുന്ന കാലത്ത്‌. കോട്ടയം എംജി യൂണിവേഴ്‌സിറ്റിയില്‍ പത്രപ്രവര്‍ത്തനം പഠിച്ചുകൊണ്ടിരുന്നപ്പോള്‍.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ വാരികയില്‍ അച്ചടിച്ചുവന്ന അക്കഥ എനിക്ക്‌ നാട്ടില്‍ കുപ്രസിദ്ധി നേടിത്തന്നു. യഥാര്‍ത്ഥത്തില്‍ ഉള്ളതായ ഞങ്ങളുടെ അയല്‍ഗ്രാമത്തിന്റെ പേര്‌ ഞാന്‍ കഥയില്‍ അതേപടി ഉപയോഗിച്ചതാണ്‌ കാരണം. അതോടെ കഥാപാത്രങ്ങള്‍ തങ്ങളാണെന്നവകാശപ്പെട്ട്‌ പലരും മുന്നോട്ടു വന്നു. തങ്ങളെ തേജോവധം ചെയ്യാനായി മന:പൂര്‍വം ഞാന്‍ നടത്തിയ ഉദ്യമമെന്ന വ്യാഖ്യാനംകൂടി വന്നതോടെ വിവാദത്തിനു തീപിടിച്ചു. തുടര്‍ന്ന്‌ വീട്ടിലേയ്‌ക്ക്‌ തുടരെ ഭീഷണി നിറഞ്ഞ ഫോണ്‍കോളുകള്‍, നോട്ടീസ്‌ പ്രചാരണങ്ങള്‍, മൈക്കില്‍ കെട്ടി പ്രചാരണം. അതിലൊരു വരി ഇങ്ങനെ. "തെറിക്കഥയെഴുതി ഒരു ഗ്രാമത്തെയൊന്നാകെ അപമാനിച്ച കഥാകൃത്തിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇന്നാട്ടിലെ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്‌..."

അക്ഷരങ്ങളില്‍ തപിപ്പിക്കുന്ന എന്തോ ഉണ്ടെന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ ഞാനറിഞ്ഞു. അതില്‍ കൂടുതല്‍ ആ സംഭവത്തിന്‌ എന്റെ സാഹിത്യജീവിതത്തില്‍ വലിയ പ്രാധാന്യമൊന്നും ഞാന്‍ കൊടുത്തിട്ടില്ല. എന്നാല്‍, എന്നെ ഉന്മേഷം പിടിപ്പിച്ച മറ്റു ചില കാര്യങ്ങള്‍ ഈ കഥാവിവാദത്തിന്‌ അനുബന്ധമായുണ്ടായി. 

കഥ പ്രസിദ്ധീകരിച്ചുവന്ന വാരിക നാട്ടില്‍ ചൂടപ്പംപോലെ വിറ്റുതീര്‍ന്നപ്പോള്‍ കോഴിക്കോട്ടുനിന്നും വീണ്ടും കോപ്പികള്‍ പീടികകളില്‍ നിറഞ്ഞു. കഥയില്‍ പരാമര്‍ശിക്കപ്പെട്ട ഗ്രാമത്തിലെ കഥാപാത്രങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ കൂടി എന്റെ വീട്ടിലേയ്‌ക്ക്‌ ബഹുജനമാര്‍ച്ച്‌ സംഘടിപ്പിക്കാനൊരുങ്ങുന്ന സമയമാണത്‌. നാട്ടിലെങ്ങും ചര്‍ച്ചാവിഷയം എന്റെ കഥ തന്നെ. അതോടെ ഇറക്കുമതി ചെയ്‌ത കോപ്പികളും തീര്‍ന്നു. തുടര്‍ന്ന്‌ കഥയുടെ ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പികളുടെ വില്‍പ്പനയായി. ഒരു കോപ്പിക്ക്‌ അഞ്ചുരൂപ നിരക്കില്‍. വിറ്റുവരവില്‍ എഴുത്തുകാരന്‌ യാതൊരു അവകാശവുമില്ലാത്ത ഒരു കച്ചവടം. 

റേഷന്‍ പീടികയില്‍ പവര്‍കട്ട്‌ സമയത്ത്‌ അരണ്ട ചിമ്മിനി വിളക്ക്‌ കത്തിച്ചുവെച്ച്‌ കടയുടമയായ വൃദ്ധന്‍ ചുറ്റുമുള്ളവര്‍ക്കായി എന്റെ കഥ ഉറക്കെ വായിച്ചുകൊടുത്തുവത്രേ. വയോജന വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളാണ്‌ അദ്ദേഹമെന്നതും ഒരു വസ്‌തുതയാണ്‌. ഒരു യുവകഥാകൃത്തിന്റെ പേരെഴുതുകയെന്ന മലയാളം ചോദ്യപേപ്പറിലെ ചോദ്യത്തിന്‌ കുട്ടികളില്‍ ഏറെ പേരും വി. ദിലീപ്‌ എന്നെഴുതിയപ്പോള്‍ അവര്‍ക്ക്‌ അര മാര്‍ക്ക്‌ വീതം കൊടുക്കാനുള്ള ഭാഗ്യം എന്റെ അമ്മയ്‌ക്കുണ്ടായി. അമ്മ പഠിപ്പിച്ചുകൊണ്ടിരുന്ന സ്‌കൂളിലും പ്രധാന സംഭാഷണ വിഷയം അക്കാലത്ത്‌ ഇതായിരുന്നല്ലോ. 

എന്റെ കഥ നാട്ടില്‍ ഉണ്ടാക്കിയ തമാശകള്‍ ഇങ്ങനെ പോകുന്നു. ഞാന്‍ ഒരിക്കല്‍പോലും പരിചയപ്പെട്ടിട്ടില്ലാത്ത അന്തരിച്ച തിക്കൊടിയന്‍ മാഷ്‌ ഈ കഥാവിവാദം സംബന്ധിച്ച്‌ ഒരു ടിവി വാര്‍ത്തയില്‍ എനിക്കുവേണ്ടി വീറോടെ വാദിച്ചത്‌ കാണാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 

ഇപ്പോള്‍ ഇത്രയും ലാഘവത്വത്തോടെ ഓര്‍ക്കുമ്പോളും മനസ്‌ ചെറുതായി വിചാരപ്പെടുന്നു. ഇരുപത്‌-ഇരുപത്തൊന്ന്‌ വയസ്‌ മാത്രുമുണ്ടായിരുന്നപ്പോള്‍ എനിക്ക്‌ സാഹിത്യംവഴി ലഭിച്ച ആദ്യ അവാര്‍ഡ്‌ ഇതായിരുന്നല്ലോ. കഥാവിവാദം- അതെന്നില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ? ഉവ്വ്‌. സാഹിത്യം, ജീവിതത്തിനു മേല്‍ വലിച്ചുകെട്ടിയ തോരണം മാത്രമല്ല. പലയര്‍ത്ഥത്തിലും അത്‌ ജീവിതംതന്നെയാണ്‌. സൂക്ഷിച്ച്‌ ഇടപെട്ടില്ലെങ്കില്‍ ദഹിപ്പിച്ചു കളയുന്നത്രയും തീയുള്ള ജീവിതം. സാഹിത്യരചന ഏത്‌ ഉദ്ദേശ്യത്തിനുവേണ്ടിയുള്ളതാണെങ്കിലും ഒരാളെപ്പോലും മുറിപ്പെടുത്തിക്കൂടാ. എനിക്കു പ്രണയമുണ്ട്‌ എന്നു മറ്റുള്ളവരെ അറിയിക്കാന്‍വേണ്ടി ഒരു പെണ്ണിന്റെ കയ്യും പിടിച്ചുനടക്കുന്ന ലാഘവം എഴുത്തില്‍ വന്നുകൂടാ. അങ്ങേയറ്റം സത്യസന്ധമായ ബന്ധമാകണം എഴുത്തും എഴുത്തുകാരനും തമ്മില്‍. വിവാദകഥാപാത്രത്തിനെ നാട്ടില്‍നിന്നും കല്ലെറിഞ്ഞോടിക്കുന്ന ദൃശ്യം ദു:സ്വപ്‌നം കണ്ട എന്റെയൊരു ചങ്ങാതി അക്കാലത്ത്‌ എനിക്കെഴുതിയിരുന്നു. അതിനും ഇപ്പോള്‍ മറുപടിയുണ്ട്‌. ജനങ്ങള്‍ പുറത്താക്കട്ടെ, വായനക്കാര്‍ പുറത്താക്കട്ടെ, അതിനൊക്കെ മുമ്പ്‌ സ്വയം ഭ്രഷ്ട്‌ കല്‌്‌പിച്ച്‌ രചനയുടെ അജ്ഞാതപാതകളില്‍ അലയുന്ന ഒരാള്‍ക്കല്ലേ എഴുത്തുകാരനാകാനാകൂ? അയാള്‍ എവിടെനിന്ന്‌ എങ്ങോട്ട്‌ പോകാന്‍?