Breaking News

Trending right now:
Description
 
Sep 10, 2015

ടി.പി. 51 സിനിമ കേരളത്തിലെ 39 കേന്ദ്രങ്ങളില്‍ നാളെ മുതല്‍; വടകരയില്‍ പ്രദര്‍ശിപ്പിക്കില്ല

image കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ജീവിതവും മരണവും ഇതിവൃത്തമാക്കി മൊയ്‌തു താഴത്ത്‌ സംവിധാനം ചെയ്‌ത ടി.പി. 51 എന്ന സിനിമ നാളെ കേരളത്‌ിലെ 39 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍, ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച വടകരയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ലഭിച്ചില്ല. വടകരയില്‍ മാത്രമാണു തിയറ്റര്‍ ലഭിക്കാത്തത്‌. ഇവിടുത്തെ നാലു തീയറ്ററുകളിലൊന്നായ കേരള ക്വയറില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആദ്യം സമ്മതിച്ചെങ്കിലും ട്രേഡ്‌ യൂണിയന്‍ ഇടപെടലില്‍ പിന്മാറുകയായിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഒരു തിയറ്റര്‍ പോലും അനുവദിക്കാത്തതിനു പിന്നില്‍ ഫാസിസ്റ്റ്‌ ശക്തികളാണെന്നു സംവിധായകന്‍ മൊയ്‌തു താഴത്ത്‌ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ സിനിമ കാണാന്‍ പാടില്ലെന്ന്‌ ആഗ്രഹിക്കുന്നവരുടെ ശ്രമഫലമാണ്‌ വടകരയില്‍ മാത്രം ഇതിനു തിയറ്റര്‍ ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ ബോര്‍ഡ്‌ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ റിവൈസിങ്‌ കമ്മിറ്റി മുമ്പാകെ ടിപി 51 പ്രദര്‍ശിപ്പിച്ച്‌ അനുമതിവാങ്ങുകയായിരുന്നു. ചിത്രീകരണത്തിന്റെ വിവിധഘട്ടങ്ങളില്‍ എതിര്‍പ്പുകള്‍ ഉണ്ടായി. മുടക്കോഴി മലയില്‍നിന്ന്‌ കൊടിസുനിയെ പൊലീസ്‌ പിടിക്കുന്ന രംഗം വിലങ്ങാട്‌ മലയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഔട്ട്‌ഡോര്‍ യൂണിറ്റിന്റെ വാഹനങ്ങള്‍ കേടുവരുത്തുകയും എതിര്‍പ്പ്‌ ഉയരുകയും ചെയ്‌തതോടെ ചിത്രീകരണം തൊടുപുഴയിലേക്ക്‌ മാറ്റി. റിലീസിങ്‌ അടുത്തതോടെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ഭീഷണിസന്ദേശങ്ങളും വന്നിരുന്നു. സിനിമയുടെ ആരംഭത്തില്‍തന്നെ തുടങ്ങിയ ഭീഷണി ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പുവരെ തുടരുകയാണ്‌. തനിക്കെതിരേ നിരന്തരം വധഭീഷണി ഉണ്ടാകുന്നുണ്ടെന്നും ചിലപ്പോള്‍ താന്‍ ഇതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വരുമെന്നും സംവിധായകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.