Breaking News

Trending right now:
Description
 
Sep 10, 2015

സ്വര്‍ണ ബോണ്ട്‌ പദ്ധതിക്കും സ്വര്‍ണ നിക്ഷേപ പദ്ധതിക്കും അംഗീകാരം

image രാജ്യത്തു ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള സ്വര്‍ണം പ്രയോജനപ്പെടുത്താനും സ്വര്‍ണ ഇറക്കുമതി കുറയ്‌ക്കാനുമായി സ്വര്‍ണ ബോണ്ട്‌ (കടപ്പത്രം) സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക്‌ കേന്ദ്ര മന്ത്രിസഭ അനുമതിനല്‍കി. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണബാറുകളും സ്വര്‍ണനാണയങ്ങളും വാങ്ങുന്നവര്‍ക്കു പ്രയോജനപ്പെടുത്താവുന്നതാണു സ്വര്‍ണ്ണബോണ്ട്‌ പദ്ധതി. ബോണ്ട്‌ തുകയ്‌ക്ക്‌ പലിശയും ലഭിക്കുമെന്നതാണ്‌ പ്രത്യേകത. സ്വര്‍ണ ബോണ്ടുകള്‍ വായ്‌പയ്‌ക്കായി ഈടുവയ്‌ക്കുകയും ചെയ്യാം. ബോണ്ട്‌ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ്‌ വേണമെങ്കില്‍ മറിച്ചുവില്‍ക്കുകയുമാകാം. ബോണ്ട്‌ വാങ്ങുന്ന സമയത്തെ സ്വര്‍ണ്ണത്തിന്റെ വിലയനുസരിച്ചാണ്‌ പലിശനിരക്കു നിശ്ചയിക്കുക. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെയാണ്‌ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അന്നത്തെ സ്വര്‍ണവിലയ്‌ക്ക്‌ അനുസരിച്ചുള്ള തുകയും പലിശയും തിരിച്ചുനല്‍കും. സ്വര്‍ണവില ഇടിഞ്ഞുനില്‍ക്കുന്ന സമയമാണെങ്കില്‍ നിക്ഷേപകനു മൂന്നുവര്‍ഷത്തേക്കോ അതിലും കൂടുതല്‍ കാലത്തേക്കോ ബോണ്ട്‌ നീട്ടാനുമാകും. സ്വര്‍ണത്തില്‍നിന്നു ദീര്‍ഘകാലനേട്ടം ആഗ്രഹിക്കുന്നവര്‍ക്കു സ്വര്‍ണം വാങ്ങാതെ അതേ നേട്ടം എടുക്കാന്‍ ഉദ്ദേശിച്ചാണു സ്വര്‍ണബോണ്ട്‌ ഇറക്കുന്നത്‌. വെറുതേ ഇരിക്കുന്ന സ്വര്‍ണം പുറത്തുകൊണ്‌ുവരാനാണു സ്വര്‍ണനിക്ഷേപ പദ്ധതി ബാങ്കുകള്‍വഴി നടപ്പാക്കുന്നത്‌. പുറത്തുവരുന്ന സ്വര്‍ണം ഉരുക്കി ആഭരണ നിര്‍മാതാക്കള്‍ക്കു നല്‍കുകയോ റിസര്‍വ്‌ ബാങ്കിന്റെ ശേഖരത്തിലേക്കു മാറ്റുകയോ ചെയ്യും. രണ്ടു പദ്ധതിയിലും പലിശ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

നിക്ഷേപത്തിനായി ജനങ്ങള്‍ സ്വര്‍ണ ബാറുകളും സ്വര്‍ണനാണയങ്ങളും വാങ്ങിക്കൂട്ടുന്നതു നിരുത്സാഹപ്പെടുത്തി സ്വര്‍ണ ഇറക്കുമതി കുറയ്‌ക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തു കുറഞ്ഞത്‌ 20,000 ടണ്‍ സ്വര്‍ണം ഉപയോഗമില്ലാതെ ഇരിപ്പുണ്ടെന്നാണു നിഗമനം. ഇതു പ്രയോജനപ്പെടുത്തിയാല്‍ ഇറക്കുമതി ഗണ്യമായി കുറയ്‌ക്കാമെന്നു ഗവണ്‍മെന്റ്‌ കരുതുന്നു. പ്രതിവര്‍ഷം ആയിരം ടണ്ണിനടുത്തു സ്വര്‍ണം രാജ്യത്ത്‌ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഇതിന്‌ ഇപ്പോഴത്തെ നിരക്കില്‍ 2.7 ലക്ഷം കോടി രൂപ ചെലവു വരും. പെട്രോളിയം കഴിഞ്ഞാല്‍ ഏറ്റവും വലിയ ഇറക്കുമതി ഇനമാണു സ്വര്‍ണം. പല വര്‍ഷങ്ങളിലും രാജ്യത്തിന്റെ അടവുശിഷ്‌ടനിലയെ സ്വര്‍ണ ഇറക്കുമതി ബാധിക്കുന്നുണ്ട്‌. പൊതുബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ ഇന്നലെ കാബിനറ്റ്‌ അംഗീകരിക്കുകയായിരുന്നെന്നു ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി. ഇതു കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയല്ല. കസ്റ്റമറെ അറിയുക (കെവൈസി) പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചേ നിക്ഷേപം നടത്താനാകൂ: മന്ത്രി പറഞ്ഞു.