Breaking News

Trending right now:
Description
 
Sep 09, 2015

കേരള പോലീസിന്റെ ഹെല്‍മറ്റ് പീഡനം മുതലാക്കാന്‍ കാറുകാരുടെ വന്‍ ഓഫര്‍!

തോമസ് മത്തായി കരിക്കംപള്ളില്‍
image ആലപ്പുഴ: ഹെല്‍മറ്റ് നിയമത്തിന്റെ പേരില്‍ കേരളത്തില്‍ പോലീസിനെക്കൊണ്ട് സഹികെടുന്ന ഇരുചക്രവാഹനയാത്രക്കാരെ ആകര്‍ഷിക്കാന്‍ നാലുചക്രവാഹന നിര്‍മാതാക്കള്‍ വന്‍ ഓഫറുകളുമായി രംഗത്ത്. പണമുള്ളവരെക്കൊണ്ട് സ്‌കൂട്ടറിനോ മോട്ടോര്‍സൈക്കിളിനോ പകരം കാറു വാങ്ങിപ്പിക്കുകയെന്നുള്ളതാണ് ലക്ഷ്യം. മഴയും വെയിലും കൊണ്ട് സഞ്ചരിക്കേണ്ട എന്നതിനാല്‍ അനേകം പേര്‍ ഇതിലേക്ക് ആകൃഷ്ടരാകും. കാറുകളുടെ വില വലിയ തോതില്‍ കൂടാത്തതും ഇന്ധനക്ഷമത കൂടുന്നതും പോലീസിന്റെ അട്ടും തുപ്പും സഹിക്കേണ്ടാത്തതും ബൈക്കിനേക്കാള്‍ നല്ലത് കാറാണെന്ന നിലയില്‍ ജനങ്ങളെ എത്തിക്കും. എന്നാല്‍ വാഹനസാന്ദ്രത കൊണ്ടു പൊറുതിമുട്ടിത്തുടങ്ങിയിരിക്കുന്ന സംസ്ഥാനത്ത് ഗതാഗതക്കുരുക്കും പാര്‍ക്കിംഗ് പ്രശ്‌നങ്ങളും ഇതോടെ പതിമടങ്ങാകും. ഏതായാലും കേരള പോലീസിന്റെ ഹെല്‍മറ്റ് പീഡനം മറ്റൊരു ബിസിനസ് സെഗ്‌മെന്റിന്റെ വളര്‍ച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.

'ഹെല്‍മറ്റില്‍ നിന്ന് സീറ്റ്‌ബെല്‍റ്റിലേക്കു മാറി ആഘോഷമാക്കൂ' എന്ന നിലയിലാണ് കാറുകാരുടെ പരസ്യം. അതിനു പ്രത്യേകമായി ഇപ്പോള്‍ 5,000 രൂപ കാറിന്റെ വിലയില്‍ കുറവു നല്കുന്നുണ്ട്. ഇതിനോടു ചേര്‍ത്ത് മറ്റു പല ഓഫറുകളും കൂടി ചേര്‍ക്കുമ്പോള്‍ ശരാശരി അമ്പതിനായിരം രൂപയെങ്കിലും ഉപയോക്താവിനു ലാഭമാകും.

റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെയും ആത്യാവശ്യമുള്ള ജംഗ്ഷനുകളില്‍ പോലും ട്രാഫിക് നിയന്ത്രിക്കാതെയും ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്, സണ്‍ഫിലിം, മിറര്‍ തുടങ്ങിയ നിരര്‍ഥക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് വഴിയില്‍ നിന്നു തന്നെ പിഴത്തുക പോലീസ് പിടിച്ചുവാങ്ങുന്നത് സര്‍ക്കാരിന്റെ രഹസ്യനിര്‍ദേശത്തെത്തുടര്‍ന്നാണെന്നു ജനങ്ങളുടെ പക്ഷത്തു നിന്നു ആരോപണമുണ്ട്. അല്ലെങ്കില്‍ പോലീസ് സേനയില്‍ ആവശ്യത്തിനു ആളില്ലെന്നു പറയുമ്പോള്‍ തന്നെ ഹെല്‍മറ്റില്ലാത്തവരെ പിടികൂടാന്‍ ദിവസവും സംസ്ഥാനത്ത് നൂറുകണക്കിനു ജീപ്പുകളും അതില്‍ കുറഞ്ഞത് ആറു പോലീസുകാര്‍ വീതവുമാണ് റോഡിന്റെ വശത്ത് തണലത്തു കാത്തുകിടക്കുന്നത്.

യഥാര്‍ഥത്തില്‍ റോഡില്‍ വാഹനാപകടകാരണമാകുന്നവരെ കാണാനോ പിടികൂടാനോ നിശ്ചലമായി എവിടെയെങ്കിലും കൈ നീട്ടി നില്ക്കുന്ന പോലീസുകാര്‍ക്കാകുന്നില്ല. പകരം മാനസികമായോ ശാരീരികമായോ മറ്റാര്‍ക്കും ഒരു തരത്തിലും ക്ഷതമുണ്ടാക്കാത്ത സംഘടിതരല്ലാത്തവരെ ഒറ്റക്കൊറ്റയ്ക്കു തടഞ്ഞു നിര്‍ത്തി, ആരുടേയും പരാതിയില്ലാതെ ഹെല്‍മറ്റിന്റെ പേരില്‍ തുടങ്ങി പീഡനമാര്‍ഗങ്ങള്‍ കൂടി പ്രയോഗിച്ചു വലിയ കുറ്റങ്ങള്‍ വരെ ചാര്‍ത്തി പിഴത്തുക പിഴിഞ്ഞെടുക്കുകയാണ്. നാട്ടിലെ മറ്റൊരു ക്രിമിനല്‍ കുറ്റവാളികളെയും പിടികൂടാന്‍ പോലീസ് ആവേശം കാട്ടാതിരിക്കുമ്പോള്‍ ഹെല്‍മറ്റിന്റെ കാര്യത്തില്‍ മാത്രമാണ് മെയ്യനങ്ങാതെയുള്ള പോലീസ് ശുഷ്‌കാന്തിയും ഒപ്പം ധാര്‍ഷ്ട്യവും. ധാരാളമായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള റോഡുകളില്‍ പോലും കിലോമീറ്ററുകള്‍ മാറിമാറി ഹെല്‍മറ്റ് വേട്ട മാത്രം നടത്തുന്നത് സ്ഥിരം കാഴ്ചയാണ്.

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരില്‍ ഒരാള്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതിയെന്നും ചില മതങ്ങളില്‍പ്പെട്ടവര്‍ ഹെല്‍മറ്റ് ധരിക്കേണ്ട എന്നുമുള്ള നിയമം തികച്ചും വ്യര്‍ഥവും അധാര്‍മികവുമാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. അത്തരമൊരു നിയമം പിഴപണപ്പിരിവും മതപ്രീണനവും കൈക്കൂലിയും മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു വ്യക്തമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതു കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ മൗനാനുവാദം ഇല്ലെങ്കില്‍ വഴിപ്പിരിവു കൊഴുപ്പിക്കാന്‍ നിയമം അനുശാസിക്കാത്ത രീതിയിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സാധാരണ ഉദ്യോഗസ്ഥര്‍ക്കു കഴിയില്ല. ഹെല്‍മറ്റ് ഇല്ലാത്ത വാഹനാപകട കേസുകളില്‍ ഇന്‍ഷ്വറന്‍സ് തുക നല്കിക്കാതിരിക്കാനുള്ള നടപടികള്‍ക്കുള്ള നിര്‍ദേശം, ഹെല്‍മറ്റില്ലാത്തവരുടെ വാഹനം ഉടനെ കണ്ടു കെട്ടി ലേലം ചെയ്യാനുള്ള നടപടികള്‍, ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവര്‍ക്കു ബങ്കില്‍ പെട്രോള്‍ നല്കാതിരിക്കുക തുടങ്ങിയ ഉത്തരവുകളെല്ലാം അടുത്തകാലത്ത് പോലീസ് ഉദ്യോഗസ്ഥരാണ് പുറപ്പെടുവിച്ചത്. മലയാള സിനിമയിലും സീരിയലിലും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്ന നടീനടന്മാരെ അറസ്റ്റ് ചെയ്യണമെന്ന നടപ്പിലാക്കാനാകാത്ത വിചിത്രമായ ഉത്തരവു പോലും ആവേശപൂര്‍വം ഒരു ഉദ്യോഗസ്ഥനില്‍ നിന്നു കേരളത്തിലുണ്ടായി! കോടതി മുമ്പാകെ നിലനില്ക്കാത്ത ഇത്തരം തലതിരിഞ്ഞ നിയമക്രമങ്ങളൊന്നും ആള്‍ക്കാരുടെ സുരക്ഷ മാത്രം ലക്ഷ്യമാക്കിയുള്ളതല്ലെന്നും വന്‍ രഹസ്യ പണമിടപാടുകള്‍ പിന്നിലുണ്ടെന്നും പകല്‍ പോലെ വ്യക്തമാണെന്നു ഇരുചക്രവാഹന സഞ്ചാരികള്‍ അഭിപ്രായപ്പെടുന്നു.

ഇതേസമയം, ഹെല്‍മറ്റ് ധരിച്ച് അപകടത്തില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരുടെയും മരിക്കുന്നവരുടെ ഹെല്‍മറ്റ് പോലീസ് അപകടസ്ഥലത്തു നിന്നു രഹസ്യമായി കടത്തിക്കൊണ്ടുപോകുന്നതു പതിവാണെന്നു പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വരുന്നുമുണ്ട്. അപകടം ഹെല്‍മറ്റില്ലാത്തതിനാലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പോലീസ് കുബുദ്ധിയാണത്. ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കു ഡ്രൈവിംഗ് വേളയില്‍ തീരുമാനങ്ങളെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും രോഗകാരണങ്ങളാകുമെന്നും മറ്റുമുള്ള ഗവേഷക അഭിപ്രായങ്ങളൊന്നും വകവയ്ക്കാതെയാണ് നിയമം.

ഇരുചക്രവാഹന യാത്രികര്‍ക്കു നേരേയുള്ള കേരള പോലീസിന്റെ ഹെല്‍മറ്റ് തുടര്‍പീഡനവേട്ട മുതലെടുക്കാന്‍ ഉടനെ കൂടുതല്‍ ചെറു, ഇടത്തരം കാര്‍ നിര്‍മാതാക്കള്‍ രംഗത്തെത്തുമാണ് സൂചന.