Breaking News

Trending right now:
Description
 
Sep 08, 2015

പാര്‍ക്കിന്‍സണ്‍ രോഗിക്ക്‌ കൊച്ചിയില്‍ ഡീപ്‌ ബ്രെയ്‌ന്‍ സ്റ്റിമുലേഷന്‍ ശസ്‌ത്രക്രിയ വിജയകരമായി നടത്തി

image പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സമാശ്വാസവുമായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ കഴിഞ്ഞയാഴ്‌ച പാര്‍ക്കിന്‍സണ്‍ രോഗിക്ക്‌ ഡീപ്‌ ബ്രെയ്‌ന്‍ സ്റ്റിമുലേഷന്‍ (ഡിബിഎഫ്‌) ശസ്‌ത്രക്രിയ വിജയകരമായി നടത്തി. കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗം മൂലം വലഞ്ഞിരുന്ന അന്‍പത്തിയെട്ടുകാരനാണ്‌ ശസ്‌ത്രക്രിയയിലൂടെ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുവന്നത്‌.
മരുന്നുകളോട്‌ പ്രതികരിക്കാത്ത സ്ഥിതിയിലായതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെവന്ന സാഹചര്യത്തിലുമാണ്‌ അപൂര്‍വ്വമായ ശസ്‌ത്രക്രിയ നടത്താന്‍ ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്‌. ഈ ശസ്‌ത്രക്രിയ നടത്തുന്ന സമയത്ത്‌ രോഗി സ്വബോധത്തോടെ ന്യൂറോളജിസ്റ്റിനോട്‌ സഹകരിക്കും.

രണ്ട്‌ നേരിയ ഇലക്ട്രോഡുകള്‍ തലച്ചോറിലെ സബ്‌ തലാമിക്‌ കേന്ദ്രത്തിലേയ്‌ക്ക്‌ ഇറക്കിവയ്‌ക്കുന്നതാണ്‌ ഈ ചികിത്സയിലെ രീതി. തലച്ചോറിലെ കോശങ്ങളുടെ വൈദ്യുതപ്രവര്‍ത്തനം വിലയിരുത്തിയാണ്‌ ഇലക്ട്രോഡുകള്‍ ഉള്ളിലേയ്‌ക്ക്‌ കടത്തുന്നത്‌. ഇതിനു മുന്‍പായി മൈക്രോ ഇലക്ട്രോഡ്‌ റിക്കോര്‍ഡിംഗും ശസ്‌ത്രക്രിയമൂലമുള്ള ഗുണദോഷ ഫലങ്ങളും വിശദമായി വിലയിരുത്തും. ഈ ശസ്‌ത്രക്രിയ നടത്തുന്ന സമയത്ത്‌ രോഗി ബോധത്തോടെ ന്യൂറോളജിസ്‌റ്റുമായി സഹകരിക്കും. സ്‌റ്റിമുലേഷന്റെ ഗുണഫലങ്ങള്‍ രോഗിക്ക്‌ അപ്പോള്‍തന്നെ തിരിച്ചറിയാന്‍ കഴിയും.

നെഞ്ചില്‍ ഉറപ്പിച്ചിരിക്കുന്ന ചെറിയ പേയ്‌സ്‌മേക്കര്‍ പോലെയുള്ള ഉപകരണം തലച്ചോറിലെ ഇലക്ട്രോഡുകള്‍ വഴി മര്‍മ്മങ്ങളെ ഉദ്ദീപിപ്പിക്കും. ഈ ഉപകരണത്തില്‍നിന്നുള്ള ഉദ്ദീപനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ന്യൂറോളജസ്‌റ്റിന്‌ രോഗിയുടെ ആവശ്യത്തിന്‌ അനുസരിച്ച്‌ ഇവ പ്രോഗ്രാം ചെയ്യാം.

ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗിയെ കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. രോഗാവസ്ഥയില്‍നിന്ന്‌ ഒത്തിരി മെച്ചപ്പെടുകയും മരുന്നിന്റെ അളവു കുറയ്‌ക്കുകയും ചെയ്‌തശേഷമാണ്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്‌. എട്ടു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ നടത്തി മൂന്നു ദിവസങ്ങള്‍ക്കുശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍നിന്നും ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ശസ്‌ത്രക്രിയയ്‌ക്കുമുമ്പ്‌ കഴിച്ചിരുന്ന മരുന്നുകളുടെ എണ്ണം ഗണ്യമായി കുറച്ചു. രോഗി മെച്ചപ്പെട്ട റിസല്‍ട്ട്‌ കൈവരിക്കുന്നതുവരെ അടുത്ത ഏതാനും ആഴ്‌ചകള്‍കൂടി ഉപകരണത്തിന്റെ പ്രോഗ്രാമിംഗ്‌ നടത്തേണ്ടിവരുമെന്നതിനാല്‍ ഔട്ട്‌പേഷ്യന്റായി ആശുപത്രിയില്‍ എത്തേണ്ടി വരും.

പാര്‍ക്കിന്‍സണ്‍ രോഗികളുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുന്നതാണ്‌ ഡീപ്‌ സ്റ്റിമുലേഷന്‍ സര്‍ജറി. പാര്‍ക്കിന്‍സണ്‍ രോഗം അവസാനഘട്ടത്തിലെത്തിയ രോഗികള്‍ക്ക്‌ മാത്രമേ ഡിബിഎഫ്‌ നിര്‍ദ്ദേശിക്കാറുള്ളൂ. യുവരോഗികളിലും രോഗം വന്ന്‌ നാലഞ്ചുവര്‍ഷമായവരിലും ഡിബിഎഫ്‌ കൂടുതല്‍ ഫലപ്രദമാണെന്ന്‌ കണ്ടിട്ടുണ്ട്‌.

ആസ്‌റ്റര്‍ മെഡ്‌സിറ്റിയാണ്‌ കൊച്ചിയില്‍ ആദ്യമായി സങ്കീര്‍ണ്ണമായ ഡീപ്‌ ബ്രെയിന്‍ സ്റ്റിമുലേഷന്‍ ശസ്‌ത്രക്രിയ നടത്തിയത്‌. കേരളത്തില്‍ തിരുവനന്തപുരത്താണ്‌ ഇപ്പോള്‍ ഈ സൗകര്യമുള്ളത്‌.

ആസ്‌റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ്‌ ഡോ. ദിലീപ്‌ പണിക്കര്‍, ന്യൂറോളജി വിഭാഗം കണ്‍സല്‍ട്ടന്റ്‌ ഡോ. ബോബി വര്‍ക്കി മാരാമറ്റം, അനസ്‌തേഷ്യ വിഭാഗം കണ്‍സല്‍ട്ടന്റ്‌ ഡോ. പി.ടി. ജിതേന്ദ്ര, ഡോ. ഒ.കെ. സുജിത്‌ എന്നിവരാണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‌കിയത്‌.
ലോകത്ത്‌ അഞ്ഞൂറ്‌ പേരില്‍ ഒരാള്‍ക്ക്‌ പാര്‍ക്കിന്‍സണ്‍ രോഗം ബാധിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. തലച്ചോറിലെ ചില ഭാഗങ്ങളില്‍ ഡോപമിന്റെ അളവ്‌ കുറയുന്നതു മൂലമുള്ള കൈകാലുകളുടെ വിറയല്‍, നീക്കങ്ങളിലുണ്ടാകുന്ന കാലതാമസം, കൈകാലുകള്‍ കട്ടിയായതുപോലെയിരിക്കുക, നടക്കുന്നതില്‍ ബുദ്ധിമുട്ട്‌ തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍. ഇന്ത്യയില്‍ ഇതുവരെ മരുന്ന്‌ മാത്രം നല്‌കിയുള്ള ചികിത്സയാണ്‌ നിലവിലിരുന്നത്‌. എന്നാല്‍, രോഗം അധികരിക്കുമ്പോള്‍ മരുന്നുകള്‍ക്ക്‌ ഫലമുണ്ടാകാതെ വരുന്നു. സ്‌ത്രീകളെയും പുരുഷന്മാരേയും ഈ രോഗം ബാധിക്കാം. രോഗകാരണമെന്തെന്ന്‌ കണ്ടെത്തിയിട്ടില്ല.