Breaking News

Trending right now:
Description
 
Sep 07, 2015

വീട്ടുമുറ്റത്തുള്ള തെങ്ങുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ വീടുകളുടെ മുറ്റത്തുള്ള തെങ്ങുകള്‍ സംരക്ഷിച്ചു നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഇടപെടണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ലോക നാളികേര ദിനാചരണത്തോടനുബന്ധിച്ചാണ് അധികൃതര്‍ മുമ്പാകെ ഇക്കാര്യം സൂചിപ്പിച്ചത്.

നാളികേരവും ഉപോത്പന്നങ്ങളും കേരളീയ ഭക്ഷണത്തിലെ മുഖ്യഘടകമായതിനാല്‍ പട്ടണത്തില്‍ അല്പമെങ്കിലും മുറ്റമുള്ള എല്ലാ വീടുകളിലും ഒന്നോ രണ്ടോ തെങ്ങുകളെങ്കിലും നട്ടുവളര്‍ത്താന്‍ വീട്ടുടമസ്ഥര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കീട, രോഗ ബാധകളാല്‍ മിക്കവയും നശിക്കുകയോ ഉത്പാദനം വളരെയേറെ കുറയുകയോ ചെയ്യുന്നു. ഇടിവെട്ടേറ്റു നശിക്കുന്നവയുമുണ്ട്. കീട, രോഗ ബാധ നിയന്ത്രിക്കാനും ആവശ്യമായ വളപ്രയോഗത്തിനും ശാസ്ത്രീയമായ ഏര്‍പ്പാടുകള്‍ ആവശ്യമാണ്. കാര്‍ഷിക സര്‍വകലാശാലകള്‍ക്കും കൃഷി വകുപ്പിനും ഇത്തരം കാര്യങ്ങളില്‍ ഏറെ സഹായിക്കാനാകുമെങ്കിലും നാമമാത്രമായി തെങ്ങു വളര്‍ത്തുന്നവരുടെ ഇടയിലേക്കു കടന്നു ചെല്ലാന്‍ ശ്രമിക്കുന്നില്ല. ഉത്പാദനശേഷി ഏറിയയിനം തൈകള്‍ വിതരണം ചെയ്യാനും പരിചരണം ഉറപ്പാക്കാനും അവര്‍ക്കാകും. കേടായതും മണ്ടപോയതുമായ തെങ്ങുകള്‍ വെട്ടിനീക്കി രോഗപ്രതിരോധശേഷിയുള്ള പുതിയ തൈകള്‍ വച്ചുപിടിപ്പിക്കാനും പ്രോത്സാഹനം നല്കണം.

ഓരോ കുടുംബങ്ങളേയും തേങ്ങയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കാനുള്ള ഏര്‍പ്പാടുകളാണ് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടത്. അതിനുള്ള സാഹചര്യം നിലനില്ക്കുന്നുണ്ട്. പൂക്കുലയില്‍ നിന്നു കള്ളോ നീരയോ ചെത്തിയെടുക്കാനും പഴപ്പരുവത്തില്‍ കരിക്കായി കഴിക്കാനും കായായ തേങ്ങയില്‍ നിന്നു തേങ്ങപ്പീര ചുരണ്ടിയെടുപ്പു മുതല്‍ ആട്ടി എണ്ണയെടുക്കാന്‍ വരെ സാധിക്കും. ഏതു നിലയിലും നാളികേരം പ്രയോജനപ്പെടും. മാര്‍ക്കറ്റിലെ മായം ചേര്‍ത്ത വെളിച്ചെണ്ണ ഒഴിവാക്കാനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയാറാക്കാനും ചെറുകിട ഉത്പാദകരുടെ പരിശ്രമത്തിനാകും.

യന്ത്രമുപയോഗിച്ചു തെങ്ങില്‍ കയറാന്‍ പരിശീലനം നല്കിവര്‍ക്കു തെങ്ങൊന്നിനു 25 രൂപയാണ് നാളികേര ബോര്‍ഡ് കൂലി നിശ്ചയിച്ചിട്ടുള്ളതെങ്കിലും അതിന്റെ രണ്ടും മുന്നും ഇരട്ടി തുക നല്കിയാലേ പട്ടണപ്രദേശങ്ങളില്‍ തേങ്ങയിടാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍. തെങ്ങുകയറ്റത്തിനു നിശ്ചിത കൂലിയേ ഈടാക്കാവൂ എന്നു സര്‍ക്കാര്‍ ഉറപ്പാക്കണം. കിളികള്‍ക്കു കൂടുകൂട്ടാന്‍ പൊത്തുകളുള്ള തെങ്ങുകള്‍ക്കു വര്‍ഷം 100 രൂപ വീതം നല്കാനുള്ള പദ്ധതിയും വേണ്ട രീതിയില്‍ നടപ്പിലായിട്ടില്ല. പട്ടണപ്രദേശത്ത് മൂന്നു പതിറ്റാണ്ടിനുളളില്‍ മുപ്പതു ശതമാനം തെങ്ങുകള്‍ എങ്കിലും ഇല്ലാതായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.