Breaking News

Trending right now:
Description
 
Sep 07, 2015

പിന്‍സീറ്റ് ഹെല്‍മറ്റ് വ്യവസ്ഥയോട് സര്‍ക്കാര്‍ യോജിക്കാത്തത് ഇരട്ടത്താപ്പ്: കോള്‍ഫ്

മാനസികമായോ ശാരീരികമായോ ക്ഷതമേല്‍പ്പിക്കാത്ത ഒരു കാര്യത്തിനുള്ള പിഴപ്പിരിവില്‍ ജനരോഷം
image ആലപ്പുഴ: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിര്‍ബന്ധ വ്യവസ്ഥയോട് കേരള സര്‍ക്കാര്‍ യോജിക്കാത്തത് ഇരട്ടത്താപ്പാണെന്നു സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, കണ്‍വീനര്‍ അഡ്വ. വി. മഹേന്ദ്രനാഥ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കാണ് ശരീരത്തില്‍ കൂടുതല്‍ മുറിവും ക്ഷതവും ഉണ്ടാകുന്നതെന്നും മിക്കപ്പോഴും മരിക്കുന്നതെന്നുമെന്ന കാഴ്ചപ്പാടിലാണ് പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതത്രേ. എന്നാല്‍ കേരളത്തില്‍ ഹെല്‍മറ്റ് ധരിച്ചിട്ടും പരിക്കേല്‍ക്കുന്നവരേയും മരിക്കുന്നവരേയും കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തി സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചിട്ടില്ല. പിന്‍സീറ്റ് ഹെല്‍മറ്റ് വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതായി സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വ്യക്തമാക്കിയിട്ടുള്ളത്.

ഒരു പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു പിന്‍സീറ്റുകാര്‍ക്കു ഹെല്‍മറ്റ് വേണ്ടെന്നു വച്ചിട്ടുള്ളതെന്നും മന്ത്രി വിശദീകരിക്കുന്നു. ഇതേസമയം, അന്യര്‍ക്കു മാനസികമായോ ശാരീരികമായോ ക്ഷതമേല്‍പ്പിക്കാത്ത ഒരു കാര്യത്തിനു ക്രിമിനല്‍ കുറ്റവാളികളോടെന്നതിനേക്കാള്‍ മോശമായി പെരുമാറി പിഴ വഴിയില്‍ നിന്നു പീഡനമാര്‍ഗങ്ങളിലൂടെ ഈടാക്കുന്നതിനെതിരേ നിലനില്ക്കുന്ന ജനരോഷം സര്‍ക്കാര്‍ അറിയുന്നില്ലെന്നു നടിക്കുകയാണ്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ സംഘടിതരല്ലാത്ത ഓരോരുത്തരെ പിടികുടുന്നതിനാല്‍ പ്രതിഷേധം പുറത്തറിയില്ലെന്നു മാത്രം.

യാത്രക്കാരൂടെ പരിക്കിനോ മരണത്തിനോ ഹെല്‍മറ്റ് പരിഹാരമല്ലെന്നും അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഒരു കാര്യവും റോഡില്‍ ചെയ്യാതെ മരണത്തില്‍ നിന്നു രക്ഷിക്കുമെന്നുള്ള ഒരു അടിസ്ഥാനവുമില്ലാത്ത വൃഥാവാഗ്ദാന നിയമം മാത്രമാണെന്നും സര്‍ക്കാരിന് ശരിക്കറിയാം. എന്നാല്‍ ഖജനാവിലേക്ക് ഒരു പ്രയത്‌നവും കൂടാകെ പിഴത്തുക കുമിഞ്ഞു കൂടുമെന്നതിനാലും പിരിവു സുഗമമായി മുന്നോട്ടു കൊണ്ടുപോകാനും ഒരാള്‍ക്കെങ്കിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയേ പറ്റൂ. പുറകിലിരിക്കുന്നവരുടേയും ഓടിക്കുന്ന ചില മതവിഭാഗങ്ങളില്‍പ്പെട്ടവരുടേയും തല ഒരു തരത്തിലും പൊട്ടില്ലെന്നു സര്‍ക്കാരിനു നല്ല ഉറപ്പുണ്ട്. അതിനാലാണ് അത്തരത്തില്‍പ്പെട്ടവരെ ഹെല്‍മറ്റ് നിയമത്തില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പരസ്പരവിരുദ്ധ നിലപാടുകളുള്ള വ്യര്‍ഥവും അസാധുവുമായ ഹെല്‍മറ്റ് നിയമം പൂര്‍ണമായി എടുത്തുകളയുകയും എല്ലാ വിഭാഗം യാത്രക്കാര്‍ക്കുമുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തി അപകടകാരണങ്ങള്‍ കഴിവതും ഒഴിവാക്കുകയുമാണ് വേണ്ടത്.

സുരക്ഷിതത്വ മുദ്ര നല്കുന്ന ഐഎസ്‌ഐ (ബിഐസ്) പോലും മരണത്തില്‍ നിന്നും പരിക്കില്‍ നിന്നും രക്ഷപെടുമെന്ന ഉറപ്പൊന്നും നല്കാത്ത ഹെല്‍മറ്റ് തലയില്‍ വച്ചില്ലെന്നതിന്റെ പേരില്‍ മറ്റൊരു കുറ്റകൃത്യത്തിനും ചെയ്യാത്ത രീതിയില്‍ വാശിയോടെയും പ്രതികാരബുദ്ധിയോടെയും വഴിയില്‍ നിന്നു ആരുടേയും പരാതിയില്ലാതെയും തെളിവുകള്‍ പരിശോധിക്കാതെയും പോലീസ് ഏകപക്ഷീയമായി ശിക്ഷ വിധിച്ചു ഉടന്‍ പിഴയീടാക്കുന്നതു മനുഷ്യാവകാശ ധ്വംസനമാണ്. നിയമത്താല്‍ സ്ഥാപിതമായ നീതിന്യായ കോടതി മാത്രം ചെയ്യേണ്ട നടപടിയാണിത്.

വിപണിയില്‍ ലഭ്യമായ ഹെല്‍മറ്റുകള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണോയെന്നും ഉറപ്പുള്ളതാണോയെന്നും അറിയാന്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധനാ സംവിധാനങ്ങളില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വ്യാജവും കാലാവധി കഴിഞ്ഞതുമായ ഹെല്‍മറ്റുകള്‍ എല്ലാം പിടിച്ചെടുത്ത് പൊതുജനങ്ങള്‍ കാണും വിധം കൂട്ടിയിട്ടു നശിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തത് ജനങ്ങളുടെ തലയോടും ജീവരക്ഷയോടുമല്ല, പിരിച്ചെടുക്കാവുന്ന പണത്തിനോടു മാത്രമാണ് സര്‍ക്കാരിന്റെ താത്പര്യമെന്നു വ്യക്തമാക്കുന്നു. അപകടവേളയില്‍ ഹെല്‍മറ്റ് തകര്‍ന്നും തലയില്‍ നിന്നു ഊരാനാകുകയും ചെയ്യാതെ മരണത്തിനു കീഴ്‌പ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. അപകടത്തില്‍പ്പെട്ടു മരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പോലീസ് അപകട സ്ഥലത്തു നിന്നു ഹെല്‍മറ്റ് രഹസ്യമായി കടത്തുന്നതും നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്.

ഹെല്‍മറ്റ് മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ഹെല്‍മറ്റ് വയ്ക്കുന്നവര്‍ മരിക്കുന്നതിനെക്കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തണമെന്ന ആവശ്യത്തിനും പ്രതികരണമില്ല. എന്നാല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷാ തുക നല്കരുതെന്നും ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹനയാത്രികര്‍ക്ക് പെട്രോള്‍ നല്കരുതെന്നും മറ്റുമുള്ള അസംബന്ധ ഉത്തരവുകള്‍ ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായും അടിസ്ഥാനമില്ലാതെയും പുറപ്പെടുവിക്കുന്നതില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലതാനും. അതും പിഴപ്പിരിവിനോടുള്ള ആസക്തിയാണു കാണിക്കുന്നത്.