Breaking News

Trending right now:
Description
 
Sep 01, 2015

നഗരജ്യോതി' പദ്ധതി: ഇടവഴികളിലെ പോസ്റ്റുകളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: മുനിസിപ്പല്‍ പട്ടണത്തിലെ എല്ലാ വാര്‍ഡുകളിലേയും നിലവിലുള്ള മുഴുവന്‍ തെരുവു വിളക്കുകളിലും എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന 'നഗരജ്യോതി' പദ്ധതിയുടെ ഭാഗമായി പട്ടണത്തിലെ എല്ലാ പ്രധാന റോഡുകളിലും മാത്രമല്ല, എല്ലാ ഇടവഴികളിലുമുള്ള എല്ലാ പോസ്റ്റുകളിലും ലൈറ്റുകള്‍ സ്ഥാപിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

തെരുവുവിളക്കുകളുടെ പരിപാലനവും അറ്റകുറ്റപ്പണികളും കേടായ ഉപകരണങ്ങളുടെ പുനഃസ്ഥാപനവും കൃത്യമായി ഉടനുടനെ നടത്തേണ്ടതാണ്. നിലവില്‍ മാസങ്ങള്‍ കഴിഞ്ഞാലും നടപടിയുണ്ടാകാറില്ല. ലൈറ്റുകള്‍ കത്താതായാല്‍ സമീപത്തു താമസിക്കുന്നവര്‍ പിരിവെടുത്താണ് പിന്നെ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. വളരെ വര്‍ഷങ്ങളായി ഇതാണ് രീതി. അല്ലെങ്കില്‍ ഇരുട്ടത്തു തപ്പിത്തടയേണ്ടി വരും. അതൊരു കീഴ്‌വഴക്കമായി മാറ്റിക്കഴിഞ്ഞു. അതിനി പാടില്ല. സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാന്‍ രാത്രിയില്‍ എല്ലാ വഴികളിലും വെളിച്ചത്തിനു സംവിധാനം വേണം.

നേരത്തേ സ്ഥാപിച്ചിട്ടുള്ള പല എല്‍ഇഡി ലൈറ്റുകളും കണ്ണടച്ചുകഴിഞ്ഞു. മിക്കവയും ക്രമേണ മിന്നാമിനിങ്ങു പോലെയാണ് കത്തുന്നതും. അതിനാല്‍ ലൈറ്റുകളുടെ പ്രകാശതീവ്രത എത്രയായിരിക്കുമെന്നു അറിയിക്കുകയും അതു നിലനിര്‍ത്തുകയും വേണം. വൃത്തിയാക്കിക്കൊണ്ടിരിക്കാത്തതിനാല്‍ ലൈറ്റിന്റെ ഷെയ്ഡില്‍ ഈച്ചകള്‍ വീണും പൊടി പിടിച്ചും പ്രകാശം മങ്ങുന്നതു പതിവാണ്.

നിലവില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ലെന്നു പരാതി കെ.എസ്.ഇ.ബിയില്‍ വിളിച്ചു പറഞ്ഞാല്‍ ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കാണെന്നു പറഞ്ഞു കൈയൊഴിയുകയാണ് പതിവ്. മുനിസിപ്പാലിറ്റിയുടെ നമ്പരില്‍ വിളിച്ചാല്‍ കാര്യം നടക്കണമെന്നില്ല. അതിനാല്‍ ഉടനെ ഇലക്ട്രിക് പോസ്റ്റുകള്‍ക്കു തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തുകയും പരാതി വിളിച്ചുപറയാനുള്ള ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തുകയും വേണം. 

പട്ടണത്തിലെ 8051 പോസ്റ്റുകളിലായി സ്ഥാപിച്ചിട്ടുള്ളതും 22 വാട്‌സ് മുതല്‍ 250 വാട്‌സ് വരെയുള്ളതുമായ ഫഌറസന്റ്, സോഡിയം വേപ്പര്‍, മെര്‍ക്കുറി വേപ്പര്‍ ലാംപുകളാണ് മാറ്റിസ്ഥാപിക്കുന്നത്. അത്തരം മാറ്റുന്ന ട്യൂബുകളും ബള്‍ബുകളും നശിപ്പിക്കാതെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്കു സൗജന്യമായി നല്കണം.

തെരുവുവിളക്കുകള്‍ക്കു കേന്ദ്രീകരണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുമെന്നും ആവശ്യമനുസരിച്ചു വോള്‍ട്ടേജ് ക്രമീകരിക്കുമെന്നും പകല്‍ ലൈറ്റുകള്‍ കത്തിക്കിടക്കുകയില്ലെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനും മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്.

രണ്ടു മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഒക്ടോബര്‍ അവസാനം പൂര്‍ത്തിയാക്കണം.