Breaking News

Trending right now:
Description
 
Sep 01, 2015

വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിനു മാതൃക അധ്യാപകര്‍: ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്

image ആലപ്പുഴ: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും തമിഴ്‌നാട്ടിലെ ഗ്രാമീണ സാമൂഹ്യ പ്രവര്‍ത്തകനുമായ റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ-യുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിച്ചു.

എടത്വ പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ നടത്തിയ കൃതജ്ഞതാ സമൂഹ ദിവ്യബലിക്ക് ഫാ. തോമസ് തെക്കേത്തലയ്ക്കല്‍ സി.എം.ഐ നേതൃത്വം നല്കി. മാവേലിക്കര രൂപതാ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തുകയും ജൂബിലേറിയനെ പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിന് ഉത്തമരായ അധ്യാപകരാണ് മാതൃകയാകേണ്ടതെന്നു അനുഗ്രഹ പ്രഭാഷണത്തില്‍ ബിഷപ് എടുത്തുകാട്ടി.

പാരീഷ് ഹാളില്‍ ചേര്‍ന്ന അനുമോദന സമ്മേളനം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി. ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ലൂര്‍ദ്് മാതാ പള്ളി വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് പാലാത്ര സി.എം.ഐ., പ്രൊഫ. ഡോ. സ്‌കറിയാ സക്കറിയ, കെ.സി.തോമസ് കണിച്ചേരി, ജ്യോതിമണി ഡിണ്ടിഗല്‍, ധനരാജ മധുര, പ്രൊഫ. പുരുഷോത്തമന്‍, ജേക്കബ് ചാക്കോ, ജയിംസ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചെന്നൈ ലയോള കോളജില്‍ നിന്നു സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം റവ.ഡോ.കെ.സി.ജോര്‍ജ,് എല്‍എല്‍.ബി ബിരുദവും ഗ്രാമീണ കര്‍ഷകരുടെ സാമ്പത്തികനിലയെക്കുറിച്ചുള്ള ഗവേഷണ വിഷയത്തില്‍ പിഎച്ച്.ഡിയും കരസ്ഥമാക്കി. 

ചെന്നൈ ലയോള കോളജില്‍ ലക്ചറര്‍ ആയിട്ടാണ് അധ്യാപനത്തിന്റെ തുടക്കം. പിന്നീടു പ്രൊഫസറായി. തുടര്‍ന്നു കരുമാത്തൂര്‍ കോളജില്‍ പ്രൊഫസറും പ്രിന്‍സിപ്പാളുമായി. ചെന്നൈ ലയോള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ലിബ) ഡയറക്ടര്‍, ബംഗളൂര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ട്രെപ്രെണര്‍ഷിപ് (സൈം) ഡെപ്യൂട്ടി ഡയറക്ടര്‍, നാഗലാന്‍ഡ് സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പാള്‍, ചെന്നൈ മാര്‍ ഗ്രിഗോറിയോസ് കോളജ് പ്രിന്‍സിപ്പാളും ഡയറക്ടറും തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. അരുണാചല്‍ പ്രദേശില്‍ മിഷനറിയായി സേവനം ചെയ്തു. വിവിധ സാമൂഹ്യസേവന സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ പഠനവിഷയമാക്കിയിട്ടുണ്ട്. ഡിണ്ടിഗല്‍ ബെസ്ചി ഇല്ലത്തില്‍ വിശ്രമത്തിലാണ് ഇപ്പോള്‍. 

റവ.ഡോ.കെ.സി. ജോര്‍ജിന്റെ ബഹുമാനാര്‍ഥം കരുമാത്തൂര്‍ അരുള്‍ ആനന്ദര്‍ കോളജിലെ ഒരു ഹാളിന് അദ്ദേഹത്തിന്റെ പേരു നല്കിയിരിക്കുന്നു. കൂടാതെ മികച്ച സേവനത്തിനു നോണ്‍ ടീച്ചിംഗ് സ്റ്റാഫിനായി ഒരു അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകപ്രമുഖന്‍ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ചാക്കോച്ചന്‍ - ചമ്പക്കുളം വേലങ്കളം അച്ചാമ്മ ദമ്പതികളുടെ മകനായി 1930 നവംബര്‍ 24-നാണ് ജനനം. 1954 മേയ് 17-നു ഈശോ സഭയില്‍ (സൊസൈറ്റി ഓഫ് ജീസസ്) പ്രവേശിച്ചു. 1965 മാര്‍ച്ച് 17-നു ഡാര്‍ജിലിംഗ് കുര്‍സോംഗിലാണ് പൗരോഹിത്യം സ്വീകരിച്ചത്.