Breaking News

Trending right now:
Description
 
Dec 19, 2012

ഡല്‍ഹി കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ കുടല്‍ നീക്കം ചെയ്‌തു, അതീവ ഗുരുതരം

image
ന്യൂഡല്‍ഹിയിലെ ലക്ഷ്വറി ബസില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. കനത്ത പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ട്‌. ഇവ പഴുക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ രണ്ടു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ കുടലിന്റെ ഏതാനും ഭാഗങ്ങള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തു. ഇന്നു രാവിലെ പെണ്‍കുട്ടിയുടെ നില ഭേദപ്പെടുന്നുവെന്ന തോന്നലുണ്ടാക്കിയിരുന്നു. 

പെണ്‍കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. കുടലും രക്തക്കുഴലുകളും ചതഞ്ഞുപൊട്ടിയ രീതിയിലാണ്‌. അതിനാല്‍ അത്യധികം രക്തം നഷ്ടപ്പെട്ടു. 

വയറ്റിലും സ്വകാര്യഭാഗങ്ങളിലും മൂര്‍ച്ചയില്ലാത്ത എന്തോ ഉപയോഗിച്ചാണ്‌ മുറിവേല്‍പ്പിച്ചത്‌. കൂട്ടമായുളള ആക്രമണം പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാക്കി. തുടര്‍ച്ചയായി പെണ്‍കുട്ടിയെ തല്ലിച്ചതച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അടുത്ത 72 മണിക്കൂര്‍ കഴിയാതെ പെണ്‍കുട്ടിയുടെ സ്ഥിതിയെക്കുറിച്ച്‌ പറയാനാവാത്ത അവസ്ഥയാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. 

ഡെറാഡൂണില്‍നിന്നും പാരമെഡിക്കല്‍ കോഴ്‌സ്‌ പഠിക്കാനായി ഡല്‍ഹിയിലെത്തിയ പെണ്‍കുട്ടിയാണ്‌ അതീവ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്‌. ഏഴുപേരാണ്‌ പ്രതികള്‍ എന്ന്‌ പോലീസ്‌ പറയുന്നു. ഇതില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. 

ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിക്കൊപ്പം ബസില്‍ കയറിയ സുഹൃത്ത്‌ ഡല്‍ഹി മെട്രോപോളീറ്റന്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ മൊഴി നല്‌കി. സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറാണ്‌ ഈ ഇരുപത്തെട്ടുകാരന്‍. ഇരുമ്പുകമ്പികൊണ്ട്‌ ഇയാള്‍ക്കും പരിക്കേറ്റിരുന്നു. വെസ്‌റ്റ്‌ ഡല്‍ഹിയിലെ പാലം മഹിപാല്‍പൂര്‍ ഫ്‌ളൈഓവറിനു സമീപം പെണ്‍കുട്ടിയേയും സുഹൃത്തിനേയും എറിഞ്ഞ ശേഷം ബസിലുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.