Breaking News

Trending right now:
Description
 
Aug 24, 2015

ആലപ്പുഴ - ചങ്ങനാശേരി റോഡിനെ സര്‍ക്കാര്‍ സംരക്ഷിക്കുമോ?

തോമസ് മത്തായി കരിക്കംപള്ളില്‍
image ആലപ്പുഴയെ കോട്ടയം, പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്കുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് (24.120 കിലോമീറ്റര്‍) ഏറ്റവും സഞ്ചാരയോഗ്യമാക്കി സൂക്ഷിക്കേണ്ട ഒന്നാണ്. മൂന്നു പതിറ്റാണ്ടു മുന്‍പ് പാലങ്ങള്‍ നിര്‍മിക്കുന്നതിനും മുന്‍പ് പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ കടത്തുകള്‍ കടന്നു ചങ്ങനാശേരിയില്‍ എത്തണമെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ടര മണിക്കൂര്‍ എങ്കിലും എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അര മണിക്കൂര്‍ കൊണ്ടെത്താം. റോഡുകള്‍ രണ്ടു വരിയാക്കിയതിനോടൊപ്പം ഇടയ്ക്കുള്ള പാലങ്ങളും കലുങ്കുകളും വീതികൂട്ടാനുള്ള മനസ് അധികൃതര്‍ കാട്ടിയിട്ടില്ല. മഴക്കാലത്ത് വെള്ളം കയറി കുണ്ടുംകുഴിയുമാകുന്ന റോഡിന്റെ ദുഃസ്ഥിതി ആവര്‍ത്തിക്കാതിരിക്കാനും പദ്ധതിയില്ല. അതിനാല്‍ റോഡു നന്നെങ്കിലും അപകടത്തിനു കുറവില്ല. അപകടകാരണങ്ങളും തടസങ്ങളും ഒഴിവാക്കുകയില്ലെങ്കിലും പോലീസിന്റെ പിഴപ്പരിശോധനയ്ക്കു ഒട്ടും കുറവില്ലതാനും.

എ-സി റോഡു കൂടി ഭാഗമാകുന്ന ഒരു ദേശീയ പാതയെക്കുറിച്ചു ചിന്തിക്കുന്നുണ്ടെന്നുള്ള അറിവ് സന്തോഷം പകരുന്നുണ്ടെങ്കിലും അതിനു നാലുവരി പാതയാക്കേണ്ടതുണ്ട്. എന്നാല്‍ താത്ക്കാലിക ലാഭവും സ്വന്തം പോക്കറ്റും മാത്രം ചേര്‍ത്തുപിടിക്കുന്ന രാഷ്ട്രീയക്കാരുടെ കൂടെ പിന്തുണയോടെ അനധികൃതമായി റോഡുവക്കുകള്‍ കൈയേറുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അനധികൃതമായി കൈയേറിയിരിക്കുന്ന സ്ഥലം പതിച്ചു നല്കുമെന്നും അവിടെ കെട്ടിടങ്ങള്‍ കെട്ടി നല്കുമെന്നുള്ള ചില സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മുഷ്ടിബലമുള്ളവര്‍ക്കു കരുത്തു കൂടുതല്‍ നല്കുന്നു. റോഡുവക്കില്‍ കച്ചവടക്കാരോടൊപ്പം ആരാധനാലയങ്ങളും കെട്ടിപ്പൊക്കുന്ന കാഴ്ച കാണാമിപ്പോള്‍. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലാണെങ്കില്‍ പെട്ടെന്നാരും പൊളിക്കാന്‍ എത്തില്ലെന്ന മനോബലമാണ് പലരേയും ഭരിക്കുന്നത്.

വശങ്ങളിലെ അനധികൃത കൈയേറ്റക്കാര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും നിസാരമായി തള്ളാനാകില്ല. അക്കൂട്ടര്‍ സ്ഥിരമായി ഇരിപ്പുറപ്പിക്കുന്നതോടെ റോഡു വീതികൂട്ടലും മറ്റു വികസനങ്ങളും അവതാളത്തിലാകുകയും ചെയ്യും. ഇപ്പോള്‍ തന്നെ ഒരു ബോര്‍ഡു പോലും എടുത്തുമാറ്റാന്‍ അധികൃതര്‍ക്കാകുന്നില്ല. ഒരു ജനതയെ മൊത്തമാണ് ഇത്തരം ഇടുങ്ങിയ, തന്‍കാര്യ ചിന്താഗതിക്കാര്‍ നശിപ്പിക്കുന്നത്. ഏതായാലും തൊഴില്‍ കണ്ടെത്തേണ്ടത് അനധികൃതമായിട്ടായിരിക്കരുത്.

എ-സി റോഡിലെ അനധികൃത കൈയേറ്റക്കാരെയും ബോര്‍ഡുകള്‍ ഉള്‍പ്പടെയുള്ള തടസങ്ങളും കൈയോടെ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കൈയൂക്കുള്ളവര്‍ കാര്യക്കാരാകുന്നത് നിയമം പാലിച്ചു കഴിയുന്നവര്‍ക്കു വെല്ലുവിളിയാണ്. അത് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉചിതമോ പ്രോത്സാഹിക്കപ്പെടേണ്ടതോ അല്ല. കുറച്ചു മിടുക്കന്മാര്‍ക്കു വേണ്ടി അനേകം നിയമപാലകരായ മണ്ടന്മാര്‍ ബലിയാടുകളാകേണ്ട കാര്യമില്ല.

ഇരുവശത്തും നെല്‍ പാടങ്ങളും പുഴകളുമുള്ള വളവുകള്‍ അധികമില്ലാതെ നീണ്ടു കിടക്കുന്ന മനോഹരമായ എ-സി റോഡ് വിനോദസഞ്ചാരികളുടെ മോഹപാത കൂടിയാണ്. ആലപ്പുഴയില്‍ കളര്‍കോട് ജംഗ്ഷനിലും ചങ്ങനാശേരിയില്‍ പെരുന്ന ജംഗ്ഷനിലും റൗണ്ട് എബൗട്ടുകളുണ്ടാക്കി ഗതാഗതം അധികം തടസപ്പെടാതെ വിടണം. റോഡു വക്കിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും നീക്കം ചെയ്താല്‍ തന്നെ അപകടങ്ങളില്ലാത്ത ഒരു നല്ല റോഡായി ഇതു മാറുമെന്നതില്‍ സംശയമില്ല. പിന്നെ ആവശ്യം വരുമ്പോള്‍ വീതി കൂട്ടണം. പക്ഷേ, ആരുണ്ട് ഇതൊക്കെ ശ്രദ്ധിക്കാന്‍?