Breaking News

Trending right now:
Description
 
Aug 23, 2015

റവ.ഡോ. കെ.സി ജോര്‍ജിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കും

image
ആലപ്പുഴ: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും തമിഴ്‌നാട്ടിലെ ഗ്രാമീണ സാമൂഹ്യ പ്രവര്‍ത്തകനുമായ റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ-യുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി 2015 ഓഗസ്റ്റ് 25-നു ചൊവ്വാഴ്ച ആഘോഷിക്കും.

എടത്വ പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ രാവിലെ 10.30-ന് നടത്തുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കുടുംബാംഗങ്ങളായ മറ്റു വൈദികര്‍ പങ്കെടുക്കും. 11.30-ന് പാരീഷ് ഹാളില്‍ ചേരുന്ന അനുമോദന സമ്മേളനത്തില്‍ മാവേലിക്കര രൂപതാ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാതിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

ചെന്നൈ ലയോള കോളജില്‍ നിന്നു സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം എല്‍എല്‍.ബി ബിരുദവും ഗ്രാമീണ കര്‍ഷകരുടെ സാമ്പത്തികനിലയെക്കുറിച്ചുള്ള ഗവേഷണ വിഷയത്തില്‍ പിഎച്ച്.ഡിയും കരസ്ഥമാക്കി. സാമൂഹിക സേവന പാഠങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുക മാത്രമല്ല അത് ഗ്രാമവികസനത്തിലൂടെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നു വ്യക്തമായി ചെയ്തു കാണിച്ചു മാതൃകയാകുകയും ചെയ്ത അധ്യാപകനാണ് റവ.ഡോ.കെ.സി.ജോര്‍ജ്. തമിഴ്‌നാട്ടിലെയും അരുണാചല്‍ പ്രദേശിലെയും ഗ്രാമവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രയത്‌നിച്ചു.

കോളജ് വിദ്യാര്‍ഥികളുടെ കായികോല്ലാസങ്ങള്‍ക്കും അധ്യാപകനായ റവ.ഡോ.കെ.സി.ജോര്‍ജ് മുന്‍ഗണന നല്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സിനും ഗയിംസിനും സഹായകമാകുന്ന ക്രിക്കറ്റ് കയര്‍ മാറ്റ്, കയര്‍ വടം തുടങ്ങിയവയെല്ലാം ആലപ്പുഴയില്‍ നിന്നു തമിഴ്‌നാട്ടിലെ കോളജുകളിലേക്കെത്തിക്കാന്‍ എപ്പോഴും താത്പര്യം പ്രകടിപ്പിച്ചിരുന്നു. കായികതാരങ്ങള്‍ക്കും ഏറെ പ്രിയങ്കരനാണ്. ചെന്നൈ ലയോള കോളജില്‍ പഠിച്ച ടെന്നിസ് താരങ്ങളായിരുന്ന അമൃത്‌രാജ് സഹോദരന്മാര്‍ അടക്കമുള്ളവര്‍ ശിഷ്യഗണത്തില്‍പ്പെടും.

ചെന്നൈ ലയോള കോളജില്‍ ലക്ചറര്‍ ആയിട്ടാണ് അധ്യാപനത്തിന്റെ തുടക്കം. പിന്നീടു പ്രൊഫസറായി. തുടര്‍ന്നു കരുമാത്തൂര്‍ കോളജില്‍ പ്രൊഫസറും പ്രിന്‍സിപ്പാളുമായി. ചെന്നൈ ലയോള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ലിബ) ഡയറക്ടര്‍, ബംഗളൂര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ട്രെപ്രെണര്‍ഷിപ് (സൈം) ഡെപ്യൂട്ടി ഡയറക്ടര്‍, നാഗലാന്‍ഡ് സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പാള്‍, ചെന്നൈ മാര്‍ ഗ്രിഗോറിയോസ് കോളജ് പ്രിന്‍സിപ്പാളും ഡയറക്ടറും തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. അരുണാചല്‍ പ്രദേശില്‍ മിഷനറിയായി സേവനം ചെയ്തു. വിവിധ സാമൂഹ്യസേവന സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ പഠനവിഷയമാക്കിയിട്ടുണ്ട്. ഡിണ്ടിഗല്‍ ബെസ്ചി ഇല്ലത്തില്‍ വിശ്രമത്തിലാണ് ഇപ്പോള്‍. 

റവ.ഡോ. കെ.സി. ജോര്‍ജിന്റെ ബഹുമാനാര്‍ഥം കരുമാത്തൂര്‍ അരുള്‍ ആനന്ദര്‍ കോളജിലെ ഒരു ഹാളിന് അദ്ദേഹത്തിന്റെ പേരു നല്കിയിരിക്കുന്നു. കൂടാതെ മികച്ച സേവനത്തിനു നോണ്‍ ടീച്ചിംഗ് സ്റ്റാഫിനായി ഒരു അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകപ്രമുഖന്‍ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ചാക്കോച്ചന്‍ - ചമ്പക്കുളം വേലങ്കളം അച്ചാമ്മ ദമ്പതികളുടെ മകനായി 1930 നവംബര്‍ 24-നാണ് ജനനം. 1954 മേയ് 17-നു ഈശോ സഭയില്‍ (സൊസൈറ്റി ഓഫ് ജീസസ്) പ്രവേശിച്ചു. 1965 മാര്‍ച്ച് 17-നു ഡാര്‍ജിലിംഗ് കുര്‍സോംഗിലാണ് പൗരോഹിത്യം സ്വീകരിച്ചത്. സഹോദരങ്ങള്‍: പി.സി.മാത്യു, തങ്കമ്മ സേവ്യര്‍ വാളംപറമ്പില്‍, സിസ്റ്റര്‍ ജോര്‍ജിറ്റ എസ്.ഡി, പരേതരായ പി.സി.തോമസ്, പി.സി.ചാക്കോ, ജേക്കബ് സെബാസ്റ്റിയന്‍, പി.സി.ജോസഫ്, മേരിക്കുട്ടി.

പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന റവ.ഡോ. കെ.സി.ജോര്‍ജിന് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി മാത്യു സഖറിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.