Breaking News

Trending right now:
Description
 
Dec 19, 2012

മലബാര്‍ ചിക്കന്‍ ബിരിയാണി

image ചേരുവകള്‍

ചിക്കന്‍ - 500 ഗ്രാം
ബസ്‌മതി അരി - രണ്ടര കപ്പ്‌
ഇഞ്ചി - ഒരു ചെറിയ കഷണം
സവാള - രണ്ടെണ്ണം
വെളുത്തുള്ളി - അഞ്ച്‌ അല്ലി
കറുവപ്പട്ട - മൂന്നെണ്ണം
സവാള - വലുത്‌, രണ്ടെണ്ണം
ഏലക്ക - നാല്‌
അനിസീഡ്‌ - അര ടേബിള്‍സ്‌പൂണ്‍
ഗ്രാമ്പൂ - അഞ്ച്‌
മുളകുപൊടി - അര ടേബിള്‍സ്‌പൂണ്‍
തക്കാളി - രണ്ടെണ്ണം
പച്ചമുളക്‌ - നാലെണ്ണം
തൈര്‌ - അരക്കപ്പ്‌
പോപ്പിസീഡ്‌ (കശകശ) - അര ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടേബിള്‍സ്‌പൂണ്‍
തേങ്ങ ചുരണ്ടിയത്‌ - മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
റോസ്‌ വാട്ടര്‍, പുതിനയില, മല്ലിയില - മൂന്നു മുതല്‍ നാല്‌ ടേബിള്‍സ്‌പൂണ്‍ വരെ
എണ്ണ - ആവശ്യത്തിന്‌ 
കശുവണ്ടി - നാല്‌ ടേബിള്‍സ്‌പൂണ്‍
കിസ്‌മിസ്‌ - നാല്‌ ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ഇടത്തരം കഷണങ്ങളാക്കി മുറിച്ച്‌ വൃത്തിയായി കഴുകിയെടുക്കുക. രണ്ടു സവാള കനംകുറച്ച്‌ നീളത്തില്‍ അരിയുക. ഒരു പാത്രത്തില്‍ മൂന്നു ടേബിള്‍സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ അരിഞ്ഞ സവാളയുമായി ചേര്‍ക്കുക. ഇത്‌ നൂറുശതമാനം പവറില്‍ പത്തു മിനിട്ട്‌ അല്ലെങ്കില്‍ സവാള കടുംതവിട്ട്‌ ആകുന്നതുവരെ മൈക്രോവേവ്‌ ചെയ്യുക. 

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, അനിസീഡ്‌, ഗ്രാമ്പൂ, എലയ്‌ക്ക, കറുവപ്പട്ട, മഞ്ഞള്‍ പൊടി എന്നിവ അരച്ചെടുക്കുക. ഈ മസാല വറുത്ത സവാളയുമായി ചേര്‍ത്ത്‌ നൂറ്‌ ശതമാനം പവറില്‍ അഞ്ചു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇതിലേയ്‌ക്ക്‌ വൃത്തിയാക്കിയ ചിക്കന്‍ ചേര്‍ത്ത ശേഷം പാകത്തിന്‌ ഉപ്പും രണ്ടു മൂന്നു ടേബിള്‍സ്‌പൂണ്‍ എണ്ണയും ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഇത്‌ നൂറു ശതമാനം പവറില്‍ പത്തു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. 

പകുതി വീതം മല്ലിയിലയും പുതിനയിലയും ചെറുതായി മുറിക്കുക. ബാക്കി മല്ലിയിലയും പുതിനയിലയും ചുരണ്ടിയ തേങ്ങയും കശകശ വെള്ളത്തില്‍ കുതിര്‍ത്തതും ചേര്‍ത്ത്‌ നന്നായി അരയ്‌ക്കുക. 

തക്കാളി ചെറിയ കഷണങ്ങളായി മുറിക്കുക. ഇതോടൊപ്പം തൈര്‌, അരിഞ്ഞ മല്ലിയില, പുതിനയില ഇവ ചിക്കനിലേയ്‌ക്ക്‌ ചേര്‍ക്കുക. നന്നായി യോജിപ്പിച്ചശേഷം അടച്ച്‌ 80 ശതമാനം പവറില്‍ എട്ടു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ചിക്കന്‍ വെന്തോ എന്നു നോക്കിയ ശേഷം തേങ്ങ ചേര്‍ത്തരച്ച മിശ്രിതവുമായി നന്നായി യോജിപ്പിക്കുക. വീണ്ടും നൂറുശതമാനം പവറില്‍ എട്ടു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ചിക്കന്‍ കഷണങ്ങള്‍ ചാറില്ലാതെ മസാല നന്നായി പുരണ്ട പരുവത്തിലായിരിക്കണം. ഗ്രേവിയുണ്ടെങ്കില്‍ കുറച്ചു സമയംകൂടി മൈക്രോവേവ്‌ ചെയ്യുക. 

ചോറ്‌ പാകം ചെയ്യുന്ന വിധം

അരി നന്നായി കഴുകി അരമണിക്കൂര്‍ കുതിര്‍ത്തു വയ്‌ക്കുക. അരി വെള്ളംവാലാന്‍ വയ്‌ക്കുക. ഇതിലേയ്‌ക്ക്‌ പാകത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ നന്നായി ഇളക്കുക. അഞ്ചു കപ്പ്‌ വെള്ളമൊഴിച്ച്‌ മൂടി നൂറു ശതമാനം പവറില്‍ ഇരുപതു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. 

ഒരു പാത്രത്തില്‍ നാല്‌ ടേബിള്‍സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ രണ്ടു സവാള സ്വര്‍ണനിറമാകുന്നതുവരെ വറക്കുക. ഇത്‌ മാറ്റിവച്ച്‌ നാലു ടേബിള്‍സ്‌പൂണ്‍ കശുവണ്ടിയും കിസ്‌മിസും വറുത്തെടുക്കുക. ഇതിനുശേഷം വലിയൊരു പാത്രത്തില്‍ ഏറ്റവും അടിയിലായി ഒരു ലെയര്‍ വേവിച്ച ചോറ്‌, മസാലയോടുകൂടി കുറച്ചു ചിക്കന്‍ കഷണങ്ങള്‍, സവാള വറുത്തത്‌, കശുവണ്ടി, കിസ്‌മിസ്‌ എന്നിവ നിരത്തുക. ഇതിനു മുകളില്‍ ഒന്നോ രണ്ടോ തുള്ളി റോസ്‌ വാട്ടര്‍ തളിക്കുക. ഇതുപോലെ വിവിധ ലെയറുകളായി ചോറും ചിക്കനും നിരത്തുക. മൂടിയശേഷം 50 ശതമാനം പവറില്‍ അഞ്ചുമിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. അഞ്ചു മിനിട്ടിനു ശേഷം പാത്രം തുറന്ന്‌ ചൂടോടെ വിളമ്പുക. അച്ചാര്‍, പപ്പടം, വെജിറ്റബിള്‍ റെയ്‌ത്ത എന്നിവയ്‌ക്കൊപ്പം കഴിക്കുക.