Breaking News

Trending right now:
Description
 
Dec 19, 2012

പുത്തന്‍ ടാറ്റ ആര്യ പ്യുര്‍ എല്‍എക്‌സ്‌ വിപണിയില്‍

image
ടാറ്റ മോട്ടോഴ്‌സ്‌ ഒട്ടേറെ പുതിയ ഫീച്ചറുകളോടെ ടാറ്റ ആര്യ പ്യുര്‍ എല്‍എക്‌സ്‌ ആകര്‍ഷകമായ വിലയില്‍ വിപണിയിലെത്തിച്ചു. 

സെഡാന്റെ സൂക്ഷ്‌മമായ സൗകര്യങ്ങള്‍ക്കൊപ്പം ആര്യ പ്യുര്‍ എല്‍എക്‌സില്‍ ഒട്ടേറെ മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ഏഴുപേര്‍ക്ക്‌ സുഖമായി യാത്ര ചെയ്യാന്‍ കഴിയും. പില്ലര്‍ മൗണ്ടഡ്‌ എസി വെന്റുകളോടെ ഡ്യുവല്‍ എസിയുള്ളതിനാല്‍ പുറത്ത്‌ എത്ര കടുത്ത കാലാവസ്ഥയായാലും കാബിന്‍ മുഴുവന്‍ സുഖകരമാക്കും. ഏറ്റവും നൂതന ഡ്രൈവര്‍ ഇന്‍ഫോ സംവിധാനത്തിനൊപ്പം സൗകര്യപ്രദമായ ഡാഷ്‌ബോര്‍ഡുമുള്ളതിനാല്‍ കാറിന്റെ പ്രകടനത്തെക്കുറിച്ച്‌ എപ്പോഴും ഡ്രൈവര്‍ക്ക്‌ അറിയാനാകും. കീലെസ്‌ എന്‍ട്രിയും റിമോട്ട്‌ ഇന്റഗ്രേറ്റഡ്‌ കീയുമാണ്‌ പുതിയ ആര്യയ്‌ക്ക്‌. രണ്ടും മൂന്നും നിരകളിലെ സീറ്റുകള്‍ മടക്കാന്‍ കഴിയും. രണ്ടാം നിര സീറ്റുകള്‍ക്ക്‌ സ്ലൈഡിംഗ്‌ സൗകര്യവുമുണ്ട്‌.



എസ്‌യുവിയുടെ കരുത്ത്‌ ലഭ്യമാക്കാന്‍ ആര്യ പ്യുര്‍ എല്‍എക്‌സിന്‌ ബിഎസ്‌-4 ഗ്രേഡ്‌ 2.2 ലിറ്റര്‍ ഡൈക്കോര്‍ എന്‍ജിനാണ്‌ നല്‍കിയിരിക്കുന്നത്‌. ശക്തമായ 140 പിഎസ്‌ പവറും 32 എന്‍എം ടോര്‍ക്കും ലഭ്യമാക്കുന്നതിനൊപ്പം ഇന്ധനക്ഷമതയും ഉറപ്പുനല്‌കുന്നതാണ്‌ ഈ എന്‍ജിന്‍. ആകെ 4780 എംഎം നീളവും 1895 എംഎം വീതിയും 1780 എംഎം ഉയരവുമുണ്ട്‌ ആര്യയ്‌ക്ക്‌. 2850 എംഎം വീല്‍ബേസുള്ള ആര്യ പ്യുവര്‍ എല്‍എക്‌സിന്‌ 200 എംഎം ഗ്രൗണ്ട്‌ ക്ലിയറന്‍സുണ്ട്‌. അറുപതു ലിറ്റര്‍ ഇന്ധന ടാങ്കാണ്‌ ആര്യയുടേത്‌. വെറും 5.6 മീറ്റര്‍ മാത്രമാണ്‌ ടേണിംഗ്‌ റേഡിയസ്‌. 

കാഴ്‌ചയ്‌ക്ക്‌ ഏറെ ആകര്‍ഷമാണ്‌ ആര്യ പ്യുവര്‍ എല്‍എക്‌സ്‌. പതിനാറിഞ്ച്‌ വീലുകളും ഡ്യുവല്‍ ബാരല്‍ ഹെഡ്‌ലാംപുകളും പ്രൊജക്ടര്‍ ബീമുകളും ക്രോം വെയ്‌സ്‌റ്റ്‌ലൈനും ഏറെ ആകര്‍ഷകത്വം നല്‌കുന്നു. ബീജ്‌ ഫാബ്രിക്‌ അപ്‌ ഹോള്‍സ്‌റ്ററി ആര്യ പ്യുര്‍ എല്‍എക്‌സിനെ ഏറെ സുന്ദരമാക്കുന്നു. 



യാത്രക്കാര്‍ക്ക്‌ ഏറ്റവും സുരക്ഷിതത്വം ഉറപ്പാക്കുന്നു ആര്യ പ്യുര്‍ എല്‍എക്‌സ്‌. നാലു വീലുകളിലുമുള്ള ഡിസ്‌ക്‌ ബ്രേക്കുകള്‍ കാര്യക്ഷമവും ശക്തിയേറിയതുമാണ്‌. ഡ്യുവല്‍ പോട്ട്‌ കാലിപ്പര്‍ ബ്രേക്കിംഗ്‌ സംവിധാനം ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ശക്തമായ ബ്രേക്കിംഗ്‌ ഉറപ്പാക്കുന്നു. 

പുറംചട്ട ശക്തമാക്കുന്നതിനും ഭാരം കുറയ്‌ക്കുന്നതിനുമൊപ്പം ഇന്ത്യന്‍ നിരത്തുകളില്‍ കരുത്തോടെ മുന്നേറുന്നതിനുമായി ഏറ്റവും ആധുനികമായ ഹൈഡ്രോഫോം ഘടകങ്ങള്‍ ഉപയോഗിച്ചാണ്‌ ആര്യയുടെ ചട്ടക്കൂട്‌ നിര്‍മിച്ചിരിക്കുന്നത്‌. ബോണറ്റോ വാതിലുകളോ കുത്തിത്തുറക്കാനോ മോഷണശ്രമമോ ഉണ്ടായാല്‍ പാരാമെട്രിക്‌ അലാം സംവിധാനം മുന്നറിയിപ്പു നല്‌കുകയും ഇന്‍-ബില്‍റ്റ്‌ എന്‍ജിന്‍ ഇമ്മൊബിലൈസര്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ഇതുവഴി എന്‍ജിനിലേയ്‌ക്കുള്ള ഇന്ധനപ്രവാഹം നിലയ്‌ക്കും. യഥാര്‍ത്ഥ താക്കോല്‍ ഉപയോഗിച്ചാല്‍ മാത്രമേ പിന്നീട്‌ എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ടാവുകയുള്ളൂ. 

ടാറ്റ ആര്യ പ്യുര്‍ എല്‍എക്‌സിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 9.95 ലക്ഷം.