Breaking News

Trending right now:
Description
 
Aug 19, 2015

രാഷ്ട്രപതിയുടെ ഭാര്യ സുവ്‌റാ മുഖര്‍ജി അന്തരിച്ചു

image രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി (74) അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം തീവ്രപരിചരണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.50നായിരുന്നു അന്ത്യം. ഓഗസ്‌റ്റ്‌ ഏഴിനാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ശവദാഹം ഇന്നു 10ന്‌ ലോഡിറോഡ്‌ ശ്‌മശാനത്തില്‍ നടത്തും. ഗ്രന്ഥകാരിയും സംഗീതജ്ഞയും നര്‍ത്തകയുമാണ്‌ സുവ്‌റ മുഖര്‍ജി. രവീന്ദനാഥ ടാഗോറിന്റെ ആരാധികയായിരുന്ന സുവ്‌റ, അദ്ദേഹത്തിന്റെ ഗീതങ്ങളും നാട്യനൃത്ത രൂപങ്ങളും പ്രചരിപ്പിക്കുന്നതിനായി ഗീതാഞ്‌ജലി ട്രൂപ്പ്‌ എന്ന പേരില്‍ സംരംഭം സ്ഥാപിച്ചു. ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും ട്രൂപ്പ്‌ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി വൃക്തിപരമായ സൗഹൃദം അനുസ്‌മരിച്ചുകൊണ്ടും ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും ബംഗാളി ഭാഷയില്‍ രണ്ടു പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ജസ്സോറില്‍ 1940 സെപ്‌റ്റംബര്‍ 17നാണ്‌ സുവ്‌റ മുഖര്‍ജിയുടെ ജനനം. 1957 ജൂലൈ 13നായിരുന്നു വിവാഹം. അഭിജിത്‌ മുഖര്‍ജി എംപി, ഇന്ദര്‍ജിത്‌ മുഖര്‍ജി, ശര്‍മിഷ്‌ഠ മുഖര്‍ജി എന്നിവരാണു മക്കള്‍. സുവ്‌റ മുഖര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌, മുതിര്‍ന്ന മന്ത്രിമാര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രാഷ്‌ട്രപതിഭവനിലും പിന്നീടു മകനും എംപിയുമായ അഭിജിത്‌ മുഖര്‍ജിയുടെ വസതിയായ 13, തല്‍ക്കത്തോറയിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു.