Breaking News

Trending right now:
Description
 
Dec 18, 2012

കുട്ടികള്‍ക്കു വിസ്‌മയക്കാഴ്‌ചയൊരുക്കാന്‍ സൗജന്യ വിമാനയാത്ര

image അന്ധരും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും ശാരീരികന്യൂനതയുള്ളവരുമായ കുട്ടികള്‍ക്കു എയര്‍ഇന്ത്യ വിസ്‌മയക്കാഴ്‌ചകളോടു കൂടിയ സൗജന്യ വിമാനയാത്ര ഒരുക്കുന്നു. കൊച്ചിന്‍ വെസ്റ്റ്‌ റോട്ടറി ക്ലബുകള്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, എയര്‍പോര്‍ട്ട്‌ അഥോറിട്ടി, ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍, ഫെഡറല്‍ ബാങ്ക്‌, കാസിനോ എയര്‍ കാറ്റേഴ്‌സ്‌, ലുലു ഗ്രൂപ്പ്‌ എന്നിവയുടെ സഹകരണത്തോടെ നാളെ 11.30ന്‌ 330 കുട്ടികള്‍ക്ക്‌ ആകാശയാത്ര ഒരുക്കുന്നത്‌. വിവിധ ജില്ലകളിലെ 24 സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളും ഓര്‍ഫനേജ്‌, വൃദ്ധമന്ദിരം എന്നിവിടങ്ങളിലെ അന്തേവാസികളും വയനാട്ടിലെ പൂക്കോട്‌ നിന്നുള്ള ആദിവാസികളും വിമാനയാത്രയ്‌ക്കുണ്ടാകും. എല്ലാവരും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങളില്‍നിന്നുള്ളവരാണ്‌. കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്വാതികൃഷ്‌ണ, കരള്‍ ദാതാവായ റെയ്‌നി ജോയി, കാന്‍സര്‍രോഗ വിമുക്തരായിട്ടുള്ള പത്ത്‌ കുട്ടികള്‍, ഇവരെ ചികിത്സിച്ച ഡോ.വി.പി. ഗംഗാധരന്‍, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, സിയാല്‍ എംഡി വി.ജെ. കുര്യന്‍, എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ എ.സി.കെ. നായര്‍, ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ എന്നിവരും യാത്രയ്‌ക്കുണ്ടാകും. കൊച്ചിയില്‍നിന്നു പറന്നുയരുന്ന വിമാനം കന്യാകുമാരിവരെ പോയി ഒന്നോടെ തിരിച്ചെത്തും. വിവേകാനന്ദ പാറ, ത്രിവേണി സംഗമം, കോവളം ബീച്ച്‌ തുടങ്ങിയ സ്ഥലങ്ങളില്‍ വിമാനം താഴ്‌ത്തി ദൃശ്യവിരുന്നൊരുക്കും.