Breaking News

Trending right now:
Description
 
Aug 10, 2015

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ അന്തര്‍ സംസ്ഥാന ബസ് ബോര്‍ഡിംഗ് പോയിന്റ് വേണം

image
ആലപ്പുഴ: അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഓടിക്കുന്ന വിവിധ സ്വകാര്യ ബസുകള്‍ക്കു ആലപ്പുഴ മുനിസിപ്പല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പൊതു ബോര്‍ഡിംഗ് പോയിന്റ് അനുവദിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

ഒരു പൊതുസംവിധാനമുണ്ടാക്കുമ്പോള്‍ അത് എത്രയും ജനോപകാരപ്രദമായി നടത്താനുള്ള ദീര്‍ഘവീക്ഷണമുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്. സ്റ്റാന്‍ഡ് തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും അതു പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. 

സ്റ്റാന്‍ഡ് പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, അന്യസംസ്ഥാനങ്ങളിലേക്കു ഉള്‍പ്പടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്കുള്ള കോമണ്‍ ബോര്‍ഡിംഗ് പോയിന്റായി സ്റ്റാന്‍ഡില്‍ സൗകര്യം ഒരുക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ബസുകാര്‍ക്കുള്ള ബൂത്തുകളും ക്ലോക്ക് റൂമും ടോയ്‌ലെറ്റും മറ്റും ഒരുക്കാവുന്നതേയുണ്ടായിരുന്നുള്ളു. 

എന്നാല്‍ ഇപ്പോഴും അത്തരം ബസുകള്‍ പട്ടണത്തിന്റെ പല ഭാഗത്തു നിന്നാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. റോഡിന്റെ പകുതിയും അപഹരിച്ചു ഹാള്‍ട്ടു ചെയ്യുന്ന നീളവും വീതിയുമേറിയ അന്തര്‍സംസ്ഥാന ബസുകള്‍ മിനിട്ടുകളോളം ഗതാഗതം സ്തംഭിപ്പിക്കും. റോഡുകുറുകെ കടന്നു ബസില്‍ കയറിയിറങ്ങുന്ന ആള്‍ക്കാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ അങ്ങനെ. വെയിലത്തും മഴയത്തും റോഡുവക്കില്‍ ലഗേജുമായി കാത്തുനില്‌ക്കേണ്ടതിന്റെ യാത്രക്കാരുടെ ബദ്ധപ്പാടുകള്‍ വേറെ. ജനറല്‍ ആശുപത്രി ജംഗ്ഷന്‍, വൈ.എം.സി.എ ജംഗ്ഷന്‍ തുടങ്ങിയയിടങ്ങളില്‍ ഇതു സ്ഥിരം കാഴ്ചയാണ്.

ഒരു ചെലവുമില്ലാത്തതും എന്നാല്‍ വരുമാനമാര്‍ഗവുമായ ഇക്കാര്യം ജനങ്ങള്‍ക്കു സൗകര്യപ്രദമായ രീതിയില്‍ മുനിസിപ്പാലിറ്റി ചെയ്യാന്‍ തയാറാകണമെന്നു ടി.ആര്‍.എ ആവശ്യപ്പെട്ടു.

അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റിയിറക്കി സമയം കൂടുതല്‍ കളയുന്നിനു പകരം സ്റ്റാന്‍ഡിനു മുന്നില്‍ റോഡിനു ഇരുവശത്തും ബസ് ബേകളുണ്ടാക്കി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഗൗനിച്ചിട്ടില്ല. റോഡില്‍ ഉള്ള സ്ഥലത്ത് ഏറോബിക് ബിന്നുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സ്റ്റാന്‍ഡിനു എതിര്‍വശത്തേക്കു വാടക്കനാലിനു കുറുകെയുള്ള നടപ്പാലം കൂടി നിര്‍മിക്കുമ്പോള്‍ പിന്നെ വികസനത്തിനു ഇടമില്ലാതെ കുപ്പിക്കഴുത്താകുകയും ചെയ്യും. അപകടങ്ങള്‍ ഒഴിവാക്കാന്‍ സമീപത്തെ ഇടുങ്ങിയ കലുങ്കുകള്‍ റോഡിന്റെ വീതിക്കൊപ്പമാക്കണമെന്ന ആവശ്യവും വനരോദനമായി.