Breaking News

Trending right now:
Description
 
Aug 10, 2015

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയം ദ പീപ്പിള്‍ ചിങ്ങം ഒന്നിന്‌ കര്‍ഷകവിരുദ്ധ ദിനമായി പ്രതിഷേധിക്കും

image കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളിലും കര്‍ഷകരോടുള്ള നീതിനിഷേധങ്ങളിലും പ്രതികരിച്ച്‌ കേരളത്തിലെ പ്രമുഖ കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിള്‍ ചിങ്ങം ഒന്നിന്‌ കര്‍ഷക വഞ്ചനാദിനമായി സംസ്ഥാനത്തുടനീളം പ്രതിഷേധിക്കും.
കാര്‍ഷിക മേഖല സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതി അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാരിനോട്‌ കേന്ദ്രസമിതി അഭ്യര്‍ത്ഥിച്ചു. എറണാകുളം പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന ദ പീപ്പിള്‍ കേന്ദ്ര സമിതി ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ദേശീയ കര്‍ഷകസമാജം ജനറല്‍ സെക്രട്ടറി മുതലാംതോട്‌ മണി അധ്യക്ഷത വഹിച്ചു. ദ പീപ്പിള്‍ കോര്‍ഡിനേറ്റര്‍ ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. 

സര്‍ക്കാര്‍ ഖജനാവിലെത്തുന്ന നികുതിപ്പണം എവിടെപ്പോകുന്നു എന്നതിനെക്കുറിച്ച്‌ കേരളത്തിലെ 14 ജില്ലകളിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സെപ്‌റ്റംബര്‍ 5 മുതല്‍ ചാലക്കുടി, പാല, ഇടുക്കി, എറണാകുളം, പാലക്കാട്‌, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ജനകീയ സംവാദം നടത്തും.
കട്ടപ്പന ഇമാം മൗലവി മുഹമ്മദ്‌ റഫീക്ക്‌ അല്‍ കൗസരി, പി.സി.സിറിയക്‌, ഫാ.ജോസ്‌ മോനിപ്പള്ളി, പി.സി.ജോസഫ്‌ എക്‌സ്‌.എംഎല്‍എ, സി.കെ.മോഹനന്‍, ഡിജോ കാപ്പന്‍, ജോസ്‌ വെട്ടം, ജിനറ്റ്‌ മാത്യു, ഫ്രാന്‍സീസ്‌ പെരുമന, ജോയി ജോസഫ്‌, കെ.മൊയ്‌തീന്‍ ഹാജി, ഡോ.എം.സി.ജോര്‍ജ്ജ്‌, ജോസ്‌ എടപ്പാട്ട്‌, ജോസ്‌ പുത്തേട്ട്‌ എന്നിവര്‍ കേരളത്തിലെ വിവിധ കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചു.
ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ്‌ മൂവ്‌മെന്റ്‌ (ഇന്‍ഫാം), ഹൈറേഞ്ച്‌ സംരക്ഷണ സമിതി (ഇടുക്കി), ദേശീയ കര്‍ഷക സമാജം (പാലക്കാട്‌), പശ്ചിമഘട്ട ജനസംരക്ഷണ സമിതി (കോഴിക്കോട്‌), കുട്ടനാട്‌ വികസനസമിതി (ആലപ്പുഴ), കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (തിരുവനന്തപുരം), സനാതനം കര്‍ഷകസമിതി (കൊല്ലം), കര്‍ഷകവേദി (കോട്ടയം), വെസ്റ്റേണ്‍ ഘട്ട്‌ പീപ്പിള്‍സ്‌ പ്രൊട്ടക്‌ഷന്‍ കൗണ്‍സില്‍ (മലപ്പുറം), പരിയാരം കര്‍ഷകസമിതി (തൃശൂര്‍), ദേശീയ കര്‍ഷക സമിതി, തീരദേശ പ്രസ്ഥാനമായ ``കടല്‍'' (ആലപ്പുഴ), കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി (പാലക്കാട്‌), കേരകര്‍ഷകസംഘം (എറണാകുളം), സംസ്ഥാന ഇഎഫ്‌എല്‍ പീഡിത കൂട്ടായ്‌മ, റബര്‍ കര്‍ഷക സംരക്ഷണ സമിതി, അഗ്രികള്‍ച്ചറല്‍ ഫോറം, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്നിങ്ങനെ 32 സംഘടനകളാണ്‌ കര്‍ഷക ഐക്യവേദിയായ ദ പീപ്പിളിലുള്ളത്‌.