Breaking News

Trending right now:
Description
 
Dec 18, 2012

ഷഫ്‌ളിംഗ്‌ മാനേജ്‌മെന്റ്‌ കാര്യം, സര്‍ക്കാര്‍ ഇടപെട്ടാല്‍ കോടതിയലക്ഷ്യം: മന്ത്രി ഷിബു ബേബി ജോണ്‍

ഗ്ലോബ്ലല്‍ മലയാളം അഭിമുഖം : E.S. Gigimol
image
ഗ്ലോബ്ലല്‍ മലയാളം അഭിമുഖം

ഒരു കാലത്ത്‌ കേരളത്തിലെ തൊഴിലാളി സംഘടനകളുടെ ശബ്ദമായിരുന്നു ബേബി ജോണ്‍. തൊഴിലാളികളെ സംഘടിപ്പിച്ചും അവര്‍ക്കു വേണ്ടി ശബ്ദിച്ചും പരമ്പരാഗത തൊഴില്‍ മേഖലയില്‍ മാറ്റത്തിന്റ കാവലാളായി മാറിയ ബേബി ജോണ്‍ എന്ന അതുല്യ പ്രതിഭ. നിയമസഭകളില്‍ കാര്യങ്ങള്‍ അടുക്കോടെ പഠിച്ചുവരികയും സിംഹഗര്‍ജ്ജനം ഉയര്‍ത്തുകയും ചെയ്‌തിരുന്ന നേതാവിന്റെ മകനാണ്‌ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. കോതമംഗലം എന്‍ജിനീയറിംഗ്‌ കോളജില്‍നിന്നും ബിടെക്‌ ബിരുദം നേടിയ ഷിബു ബേബി ജോണ്‍ കയറ്റുമതി ബിസിനസ്‌ രംഗത്ത്‌ സജീവമായിരുന്നു. റവല്യൂഷണറി സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി (ബേബി ജോണ്‍)യുടെ ജനറല്‍ സെക്രട്ടറി. കേരളത്തിന്റെ ചൂഷിത മേഖലയായ നവീന തൊഴിലിടങ്ങളിലെ വിഷയങ്ങള്‍ മുന്‍നിര്‍ത്തി തൊഴില്‍ വകുപ്പ്‌ മന്ത്രിയുമായി നടത്തിയ  ഗ്ലോബ്ലല്‍ മലയാളം നടത്തിയ അഭിമുഖം ഇതോടൊപ്പം വായിക്കുക.

ഇന്ന്‌ കേരളം നേരിടുന്നത്‌ ചില പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ മാത്രമല്ല. അഭ്യസ്‌തവിദ്യരായ കേരളത്തിന്റെ യൗവനം സ്വകാര്യമേഖലയില്‍ നട്ടെല്ലു വളച്ച്‌ കഠിനാധ്വാനം ചെയ്യുകയാണ്‌. സാമ്പത്തിക പ്രതിസന്ധി കത്തിപ്പടരുന്ന ലോകത്ത്‌ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു. മലയാളികള്‍ എന്നും പ്രതീക്ഷയോടെ കാത്തിരുന്ന വിദേശ തൊഴില്‍ അവസരങ്ങള്‍ ആകര്‍ഷകമല്ലാതായിക്കഴിഞ്ഞു.

കഴിവും യോഗ്യതയുമുണ്ടായിട്ടും കുറഞ്ഞ വേതനത്തിനും അസഹ്യമായ സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നത്‌ അസ്വസ്ഥതകള്‍ക്കും ചില പൊട്ടിത്തെറികള്‍ക്കും കാരണമാകുന്നു. ആഗോളതലത്തില്‍ മാറിയ തൊഴില്‍ സംസ്‌ക്കാരം പുതിയ തൊഴില്‍ സമരങ്ങള്‍ നാട്ടില്‍ ഉയര്‍ത്തുന്നു. അവരുടെ പ്രശ്‌നങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുവാന്‍ നമ്മുടെ സര്‍ക്കാര്‍ പ്രാപ്‌തമാണോ? തൊഴില്‍ മന്ത്രി ബേബി ജോണ്‍ സംസാരിക്കുന്നു.


നഴ്‌സിംങ്ങ്‌ മേഖലയില്‍ മിനിമം വേതനം നടപ്പിലാക്കുമോ?

മിനിമം വേതനം നല്‌കാത്ത ഒരു ആശുപത്രി പോലും കേരളത്തില്‍ പ്രവൃത്തിക്കുന്നില്ല. ഏതെങ്കിലും ആശുപത്രികള്‍ അങ്ങനെ ചെയ്യുന്നുണ്ടെന്ന്‌ ആരെങ്കിലും പരാതി നല്‌കുകയോ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്‌താല്‍ സത്വര നടപടി സ്വീകരിക്കാം. പിന്നെ, കോതമംഗലത്തും തൃശൂര്‍ മദര്‍ ഹോസ്‌പിറ്റലിലും നടന്ന സമരത്തെ ഉദ്ദേശിച്ചാണ്‌ ചോദ്യമെങ്കില്‍, അവരുടെ ഇന്റേണല്‍ വിഷയങ്ങളുടെ ഭാഗമായാണ്‌ അവിടെ സമരം നടന്നത്‌. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനു മധ്യസ്ഥന്റെ റോള്‍ മാത്രമാണ്‌ ഉള്ളത്‌. ഇന്റേണല്‍ കാര്യങ്ങളില്‍ ഇടപ്പെടാന്‍ പാടില്ലാ എന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശം തന്നെയുണ്ട്‌. അതുകൊണ്ട്‌ അത്തരം കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ സര്‍ക്കാരിനു പരിമിതിയുണ്ട്‌.

സമരം ചെയ്‌തവര്‍ക്കെതിരേ ഷഫ്‌ളിംഗ്‌ ഉപയോഗിച്ച്‌ മാനസികപീഡനത്തിന്‌ ഇരയാക്കാന്‍ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നതായി പരാതിയുണ്ടല്ലോ. ഇതിനെതിരേ എന്താണ്‌ നടപടി?

പറഞ്ഞുവല്ലോ, ഷഫ്‌ളിംഗ്‌ മാനേജ്‌മെന്റിന്റെ ഇന്റേണല്‍ കാര്യമാണ്‌. ആ വിഷയത്തില്‍ ഇടപ്പെട്ട്‌ സര്‍ക്കാരിന്‌ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കില്ല. കാരണം ട്രാന്‍സ്‌ഫര്‍ എന്നത്‌ മാനേജ്‌മെന്റിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലായെന്നും സുപ്രീം കോടതി വിധിയുണ്ട്‌. അതിനാല്‍ സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ഇടപെട്ടാല്‍ കോടതിയലക്ഷ്യമാകും. അതുകൊണ്ട്‌ ഇത്തരം കാര്യങ്ങളില്‍ ഒരു ഇടപെടല്‍ നടത്തുന്നതിന്‌ സര്‍ക്കാരിനു കഴിയില്ല എന്നതാണ്‌ വാസ്‌തവം. അത്‌ യൂണിയന്‍കാര്‍ മനസിലാക്കണം.

കോതമംഗലത്ത്‌ ത്രീഷിഫ്‌റ്റിനായി നഴ്‌സുമാര്‍ നടത്തിയ സമരം കേരളം അടുത്തകാലത്ത്‌ കണ്ട ഏറ്റവും ശക്തമായ സമരങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ മാന്‌ജ്‌മെന്റ്‌ പറയുന്നത്‌ ത്രീഷിഫ്‌റ്റ്‌ ഞങ്ങള്‍ക്ക്‌ സമ്മതമല്ലെന്നാണ്‌?

ഒരു ദിവസത്തില്‍ 8-8-8 മണിക്കൂര്‍ എന്നതാണ്‌ അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച ഷിഫ്‌റ്റ്‌ സമയക്രമം. നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്‌ 6-6-6 എന്നതാണ്‌. ആഴ്‌ചയില്‍ 48 മണിക്കൂര്‍ ജോലിയാണ്‌ നഴ്‌സുമാര്‍ ചെയ്യേണ്ടത്‌. ഓവര്‍ ടൈമിനു പ്രത്യേക ശമ്പളം നല്‌കേണം. ഇതാണ്‌ സര്‍ക്കാര്‍ നിലപാട്‌. യൂണിയന്‍കാര്‍ പറയുന്നതീതിയില്‍ ഷിഫ്‌റ്റ്‌ രീതി മാറ്റാന്‍ സാധ്യമല്ല. അതിനൊരു അന്താരാഷ്ട്ര മാനദണ്ഡമുണ്ട്‌. അതാണ്‌ നമ്മള്‍ നടപ്പിലാക്കേണ്ടത്‌.

സൗദി പോലെയുള്ള വിദേശരാജ്യങ്ങള്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നഴ്‌സുമാരെ പിരിച്ചു വിടുന്നുണ്ട്‌. ഫിലിപ്പൈന്‍സ്‌ പോലെയുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമ്പോള്‍ ഇന്ത്യ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലന്ന്‌ പ്രവാസി നഴ്‌സുമാരുടെ അസോസിയേഷന്‍ ആരോപിക്കുന്നു?

നിങ്ങളെപ്പോലെയുള്ളവര്‍ ഇങ്ങനെ പറയുന്നത്‌ ശരിയല്ല. കേരളത്തിന്‌ ഈ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടാന്‍ ആകും. 

നമ്മുടെ പ്രവാസി മന്ത്രി മലയാളിയാണ്‌?

ഇങ്ങനെ ഒരു പ്രശ്‌നം നിലവില്‍ ഇല്ല. വല്ല സ്ഥലത്തും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കാണാം. അത്‌ സാര്‍വ്വത്രികമാണെന്ന്‌ പറയുന്നത്‌ ശരിയല്ല, കഴിഞ്ഞവര്‍ഷം വരെ ഈ പ്രശ്‌നം വ്യാപകമായിരുന്നു. ഇേേപ്പാള്‍ അതില്ല. 

ഒഡേപെക്‌ എന്ന സര്‍ക്കാര്‍ ജോബ്‌ ഏജന്‍സി നഴ്‌സുമാരില്‍ നിന്ന്‌ മൂന്നു ലക്ഷം വരെ ഈടാക്കുന്നുവെന്നു പറയുന്നുവല്ലോ?

ഇതൊക്കെ ആരാണ്‌ നിങ്ങളോട്‌ പറയുന്നത്‌. ഞങ്ങള്‍ക്ക്‌ പരാതി ലഭിക്കേണ്ടേ. ഒരാള്‍ പോലും അത്തരത്തില്‍ ഒരു പരാതി നല്‌കിയിട്ടില്ല, 

നഴ്‌സിങ്ങ്‌ മേഖലയില്‍ തൊഴിലവസരം വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌പെയിനുമായി ഒരു കരാര്‍ ഉണ്ടാക്കുന്നുവെന്ന്‌ കേട്ടു. അതു ശരിയാണോ?

സ്‌പെയിനുമായി മാത്രമല്ല ഡിമാന്‍ഡ്‌ ഉള്ള എത്‌ രാജ്യമാണോ ആ രാജ്യവുമായി കരാറില്‍ ഏര്‍പ്പെടാനാണ്‌ തീരുമാനം.

അപ്പോള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‌കുന്നതിനായി ഫിനീഷിംങ്‌ സ്‌കൂള്‍ എന്ന ആശയം നടപ്പിലാക്കാനാണ്‌ ആലോചന.

നഴ്‌സുമാരെപ്പോലെതന്നെ തൊഴില്‍ ചൂക്ഷണം നേരിടുന്ന മേഖലയാണ്‌ സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍. അവരുടെ വിഷയങ്ങളില്‍ ഇടപെടുവാന്‍ കഴിയുമോ?

അധ്യാപകര്‍ തൊഴിലാളികളല്ല, അവര്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ വരുന്നവരല്ലെന്ന്‌ സുപ്രീംകോടതി വിധിയുണ്ട്‌. സ്‌കൂളിലെ മറ്റു ജീവനക്കാര്‍ മാത്രമേ വരുകയുള്ളു. അതിനാല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അധ്യാപകരുടെ കാര്യത്തില്‍ നിസഹായരാണ്‌.

ഐടി മേഖലയിലും തൊഴില്‍ ചൂക്ഷണം?

ഏറ്റവും കുറച്ച്‌ ചൂക്ഷണം നടക്കുന്ന മേഖലയാണ്‌ ഐടി മേഖല. 

സെയ്‌ല്‍സ്‌ ഗേള്‍സ്‌, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ഇന്ന്‌ കേരളത്തില്‍ കഠിനമായ ചൂക്ഷണത്തിന്‌ വിധേയമാകുന്നു ഇവരുടെ പ്രശ്‌നങ്ങള്‍?

അവര്‍ അസംഘടിതരാണ്‌, അതുകൊണ്ട്‌ അത്തരം വിഷയങ്ങളില്‍ ഇപ്പോള്‍ ഇടപ്പെടുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്‌.

അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട്‌ അക്രമ സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നു. അതിനെതിരെ എന്തെങ്കിലും നിയമ നടപടികള്‍ ഫലപ്രദമായി നടത്താന്‍ കഴിയുമോ? 

ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ രാജ്യത്തിന്റെ ഏത്‌ ഭാഗത്തും ജോലി ചെയ്‌ത്‌ പണസമ്പാദനത്തിന്‌ ഭരണഘടന സ്വാതന്ത്യം നല്‌കുന്നുണ്ട്‌. അത്തരം മൗലികാവകാശങ്ങള്‍ക്കെതിരെ ഒരു സംസ്ഥാന സര്‍ക്കാരിനും എതിര്‌ നില്‌ക്കാനാവില്ല. 

എതിര്‌ നില്‌ക്കണമെന്നില്ല, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ എന്തെങ്കിലും രജിസ്‌ട്രേഷന്‍ നടപ്പിലാക്കുവാന്‍ കഴിയുമോ? 

അതിനെക്കുറിച്ചുള്ള ആലോചനയിലാണ്‌ കൂടുതല്‍ പഠനം ആവശ്യമുണ്ട്‌.