Breaking News

Trending right now:
Description
 
Jul 28, 2015

ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന്‌; പതിനായിരങ്ങളെത്തി

image ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ദിവസമായ ഇന്ന്‌ പതിനായിരക്കണക്കിന്‌ ഭക്തജനങ്ങള്‍ അനുഗ്രഹം യാചിച്ച്‌ എത്തി. രാവിലെ ഏഴിനു മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചയുടനെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുനാള്‍ റാസയ്‌ക്ക്‌ കാര്‍മികത്വംവഹിച്ചു സന്ദേശം നല്‍കി. ഉച്ചയ്‌ക്ക്‌ 12 നു തിരുനാള്‍ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ്‌ 2.30 മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അല്‍ഫോന്‍സാമ്മ വിശുദ്ധയായ ശേഷം ഏഴാമത്തെ തിരുനാളാണിത്‌. ആഘോഷം ലളിതമായിട്ടാണ്‌. കരിമരുന്ന്‌ കലാപ്രകടനങ്ങളോ, വാദ്യമേളങ്ങളോ ഇല്ല.ജപമാല മന്ത്രധ്വനികള്‍ പ്രതിധ്വനിക്കുന്ന പ്രദക്ഷിണമാണ്‌ തിരുനാളിന്റെ പ്രധാന ആത്മീയാഘോഷം. അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ എത്തുന്ന വിശ്വാസികള്‍ക്കെല്ലാം ഏതുസമയവും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുംവിധമാണ്‌ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പത്തുലക്ഷം നേര്‍ച്ചയപ്പം വിതരണം ചെയ്യും. അല്‍ഫോന്‍സാമ്മ വിശുദ്ധയായതോടെയാണ്‌ ഉണ്ണിയപ്പം നേര്‍ച്ചയായി നല്‍കിത്തുടങ്ങിയത്‌. ഉദരരോഗ ശമനത്തിനും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലൂടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുന്നതിനുമാണ്‌ ഭക്തര്‍ നേര്‍ച്ചയപ്പം കഴിക്കുന്നത്‌. തിരുനാളില്‍ പങ്കെടുക്കുന്നതിന്‌ എത്തുന്നവരുടെ സൗകര്യത്തിനായി പ്രത്യേക വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌.