Breaking News

Trending right now:
Description
 
Dec 17, 2012

സഭയുടെ എതിര്‍പ്പ്‌ മറികടന്ന്‌ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക്‌ ഫിലിപ്പൈന്‍ സര്‍ക്കാര്‍ ഫണ്ട്‌ നല്‌കും

image ഫിലിപ്പൈന്‍സ്‌: കത്തോലിക്ക സഭയുടെ കഠിനമായ എതിര്‍പ്പിനെ ജനകീയ വോട്ടെടുപ്പിലൂടെ തോല്‌പ്പിച്ച്‌ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ക്കും സെക്‌സ്‌ എഡ്യുക്കേഷനും ഫണ്ട്‌ നല്‌കാനുള്ള നിയമം പാസാക്കി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഫി്‌ലിപ്പെന്‍സിലെ ജനസംഖ്യ നിയന്ത്രണം നടത്താനുള്ള സര്‍ക്കാര്‍ നടപടികളെ കഴിഞ്ഞ 13 വര്‍ഷമായി തടസ്സപ്പെടുത്തിയിരുന്നത്‌ കത്തോലിക്ക സഭയുടെ നിലപ്പാടുകളായിരുന്നു. സെനറ്റും ഹൗസ്‌ ഓഫ്‌ പാര്‍ലമെന്റും സംയുക്തമായാണ്‌ ഈ നിയമം നടപ്പിലാക്കുവാന്‍ വോട്ടെടുപ്പ്‌ നടത്തിയത്‌.  സൂപ്രീം കോടതി ഈ നിയമം നടപ്പിലാക്കുന്നതിനെ തടയണമെന്ന്‌ സഭ ആവിശ്യപ്പെട്ടിരുന്നു.  കഴിഞ്ഞ 13 വര്‍ഷമായി സഭ ഈ നിയമത്തിനെതിരെ നില്‌ക്കുകയായിരുന്നു.

യുഎന്നിന്റെ കണക്കനുസരിച്ച്‌ 3.4 മില്യണ്‍ ഗര്‍ഭധാരണമാണ്‌ ഒരു വര്‍ഷം ഫിലിപ്പെന്‍സില്‍ നടക്കുന്നത്‌. അതില്‍ പകുതിയിലേറെയും അവിചാരിതമായി സംഭവിക്കുന്നതാണ്‌.  ഇതില്‍ മൂന്നില്‍ ഒന്ന്‌ ഗര്‍ഭച്ഛിദ്രത്തിനു വിധേയമാകുന്നു. ദിവസേന പതിനൊന്ന്‌ സ്‌ത്രീകളാണ്‌ പ്രസവസംബന്ധമായി മരണപ്പെടുന്നത്‌.70%  സ്‌ത്രീകളും ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ യാതൊന്നും സ്വീകരിക്കുന്നില്ലയെന്നും യുഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാവപ്പെട്ട ജനങ്ങള്‍ക്ക്‌ യാതൊരുവിധ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിലവില്‍ മാര്‍ഗമില്ലായിരുന്നു. ലോക്കല്‍ ഗവണ്‍മെന്റുകള്‍ കോണ്ടത്തിന്റെ വില്‌പ്പനയും വിതരണവും തന്നെ നിരോധിച്ചിരിക്കുകയായിരുന്നു. ശരിയായ ഗര്‍ഭ പരിചരണങ്ങളുടെയും സെക്‌സ്‌ ഏഡ്യുക്കേഷന്റെയും അഭാവം പല സ്‌ത്രീകളുടെയും ജീവനെടുക്കുവാന്‍ തന്നെ കാരണമായിരുന്നുവെന്ന്‌ പഠനങ്ങളും കണക്കുകളും വ്യക്തമാക്കുന്നു.  എന്തായാലും സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തന്നെയാണ്‌ സഭയുടെ തീരുമാനം  കാരണം ഇത്തരം ഒരു നിയമം വന്നാല്‍ കുടുംബ ബന്ധങ്ങള്‍ താറുമാറാകുമെന്നാണ്‌ സഭയുടെ വിശ്വാസം.