Breaking News

Trending right now:
Description
 
Jul 20, 2015

'മരം വരം തന്നെ; എന്നാല്‍ അതിരു വിടരുത്!' കാമ്പയിന്‍ തുടരുന്നു

മരച്ചില്ലകള്‍ സ്വമേധയാ വെട്ടിനീക്കി ടി.ആര്‍.എ വീണ്ടും മാതൃകയാകുന്നു
image ആലപ്പുഴ: വഴിയിലേക്കു തള്ളി നില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിനീക്കി തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) വീണ്ടും മാതൃകയാകുന്നു. അയല്‍പക്കങ്ങളിലേക്കു കടന്നിരിക്കുന്ന വൃക്ഷങ്ങളും ശാഖകളും സ്വമേധയാ വെട്ടിനീക്കുന്ന 'മരം വരം തന്നെ; എന്നാല്‍ അതിരു വിടരുത്!' എന്ന ടി.ആര്‍.എ തുടര്‍ കാമ്പയിനിന്റെ ഭാഗമായിട്ടാണിത്. മഴക്കാലത്ത് കാറ്റില്‍ ചില്ലകള്‍ വഴിയിലേക്കു കൂടുതല്‍ താഴുന്നയിടങ്ങളില്‍ അവ ഒഴിവാക്കുകയാണ്. മൂന്നാം വര്‍ഷത്തിലും വിജയകരമായി തുടരുകയാണ് പദ്ധതി. ഇതേസമയം, ഇടവഴികളില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ സ്ഥലമില്ലാത്തിനാല്‍ വീട്ടു മുറ്റങ്ങളിലെ മരങ്ങളാണ് വഴിയിലും തണല്‍ പ്രദാനം ചെയ്യുന്നത്. അതിനാല്‍ പ്രത്യേക ശ്രദ്ധ നല്കിയാണ് കൊമ്പിറക്കല്‍.

അയല്‍പറമ്പുകളിലേക്കും റോഡിലേക്കും ഇലക്ട്രിക് ലൈനുകളിലേക്കും ചെരിഞ്ഞു നില്ക്കുന്ന വൃക്ഷങ്ങള്‍ സ്വമേധയാ വെട്ടിനീക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ടി.ആര്‍.എയുടെ 'മരം വരം തന്നെ; എന്നാല്‍ അതിരു വിടരുത്!'കാമ്പയിന്‍ പട്ടണത്തിലാകെ അധികൃതതലത്തില്‍ വ്യാപിപ്പിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഭരണകൂടം താത്പര്യം കാണിച്ചിട്ടില്ല. ശല്യമായി നില്ക്കുന്ന മരങ്ങളും കൊമ്പുകളും വെട്ടിമാറ്റണമെന്നു അയല്‍വാസികളോടു പറഞ്ഞു ചെയ്യിക്കാന്‍ പല കാരണങ്ങളാലും സാധിച്ചെന്നിരിക്കില്ല. അപ്പോള്‍ അധികൃതതലത്തില്‍ വ്യാപകമായ നടപടിയാണ് ആവശ്യം. അതിനു വ്യക്തിപരമായ ഓരോരോ പരാതികള്‍ക്കായി കാത്തുനില്ക്കരുത്. പൊതുതാത്പര്യം കണക്കിലെടുത്തുള്ളതും ഭരണകൂടതലത്തില്‍ സ്വമേധായായുള്ളതുമായ പൊതുവായുള്ള നടപടികളാണ് വേണ്ടതെന്നു ടി.ആര്‍.എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം നിലനില്ക്കാനും അതാണ് ഉചിതം.

ടി.ആര്‍.എയിലെ കാമ്പയിനെത്തുടര്‍ന്നു അന്യര്‍ക്കു തങ്ങളുടെ മരങ്ങള്‍ ദോഷമുണ്ടാക്കുന്നുണ്ടോയെന്നു ടി.ആര്‍.എ അംഗങ്ങള്‍ ശ്രദ്ധിക്കുകയും അതിരു വിടുന്ന മരങ്ങളും ചില്ലകളും ഇലകളും ഉടനുടനെ വെട്ടിനീക്കുകയും ചെയ്യുന്നുണ്ട്. അധികൃതരുടെ പക്കല്‍ പരാതിപ്പെടാനും അതിന്മേല്‍ നടപടി വരാനും ആരും നോക്കിയിരിക്കുന്നില്ല. മറ്റുള്ളവര്‍ക്കു ശല്യമായ കായ്ഫലമുള്ള തെങ്ങുകളും മാവുകളും അടക്കമുള്ള അനേകം മരങ്ങള്‍ സ്വമേധയാ ഇതിനകം വെട്ടിനീക്കിയിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റുകള്‍ക്കു സമീപമുള്ള ചില്ലകള്‍ നീക്കം ചെയ്യുന്നതിനാല്‍ റോഡില്‍ രാത്രികാലങ്ങളില്‍ കൂടുതല്‍ വെളിച്ചവും ലഭ്യമാകുന്നു.