Breaking News

Trending right now:
Description
 
Jul 20, 2015

ആലപ്പുഴയില്‍ അപകടകരമായ മരങ്ങള്‍ ശാസ്ത്രീയമായി മുറിച്ചു നീക്കാനുള്ള നടപടി വേണം: ടി.ആര്‍.എ

image ആലപ്പുഴ: റോഡുവക്കില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ അപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്ന രീതിയില്‍ ശാസ്ത്രീയമായി മുറിച്ചു നീക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നു തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍. അതോടൊപ്പം അതാതു ഭൂപ്രദേശത്തിനു അനുയോജ്യവും ചില്ലകള്‍ സാധാരണഗതിയില്‍ ഒടിയാത്തതുമായ തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കാനും ശ്രമം വേണം.

അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രം വൃക്ഷങ്ങള്‍ വ്യാപകമായി തോന്നിയ പോലെ വെട്ടിയിടുകയല്ല ചെയ്യേണ്ടത്. വര്‍ഷത്തിലൊരിക്കലെങ്കിലും മരത്തിലെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ചില്ലകള്‍ തൂപ്പുവെട്ടി (പ്രൂണ്‍) നിര്‍ത്തുകയാണ് വേണ്ടത്. ഇപ്പോള്‍ ചില വശത്തേക്കുള്ള വന്‍ ശിഖരങ്ങള്‍ മാത്രം വെട്ടി മാറ്റുന്നതിനാല്‍ മരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും മറിഞ്ഞു വീഴാനുള്ള സാധ്യത കൂടുകയും ചെയ്യും.

ആലപ്പുഴ പട്ടണത്തില്‍ കനാല്‍ത്തീരത്തും മറ്റും ഇലക്ട്രിക് ലൈനുകളിലും കെട്ടിടങ്ങളിലും മുട്ടി നില്ക്കുന്ന ശിഖരങ്ങള്‍ നീക്കി അപകടമൊഴിവാക്കണമെന്നുള്ള സ്ഥിരമായ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ല. വൈദ്യുതി ബോര്‍ഡുകാരുടെ 'ടച്ചിംഗ്‌സ്' വെട്ട് സാധാരണഗതിയില്‍ വഴിപാടായി മാറുകയുമാണു പതിവ്. 

കഴിഞ്ഞ ദിവസം ജില്ലാ കോടതി വളപ്പില്‍ അപകടരമായി നിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചത് ഉദാഹരണമായി എടുക്കാം. വളര്‍ന്നു പടര്‍ന്നു പന്തലിച്ചു വളപ്പിലുള്ള കെട്ടിടങ്ങളില്‍ മുട്ടിയിരുന്ന ശിഖരങ്ങള്‍ മുറിച്ചു നീക്കിയെങ്കിലും മുന്നിലുള്ള എസ്.ഡി.വി റോഡു കവിഞ്ഞു എതിര്‍വശത്തുള്ള പ്രസ് ക്ലബ് കെട്ടിടത്തില്‍ മുട്ടി നില്ക്കുന്ന ശിഖരങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. അതാകട്ടെ ഇലക്ട്രിക് ലൈനുകളിലും മറ്റും സ്പര്‍ശിച്ചാണ് നില്ക്കുന്നത്. മഴയത്തും ഉയര്‍ന്ന വാഹനങ്ങള്‍ മുട്ടുമ്പോഴും ഒടിഞ്ഞു വീഴുന്ന ശിഖരങ്ങളാണ് ഈ മരത്തിനുള്ളത്. അനേകം ആള്‍ക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡുകളില്‍ ഇത്തരം മരശാഖകള്‍ ഒടിഞ്ഞു വീണു പലപ്പോഴും അപകടമുണ്ടാകാറുണ്ട്. കൂടാതെ വൈദ്യുതി തടസവും പതിവാണെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി.


ഫോട്ടോ: 

ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നു വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരം റോഡു കവിഞ്ഞു പ്രസ് ക്ലബ് കെട്ടിടത്തിലും ഇലക്ട്രിക് ലൈനുകളിലും മുട്ടി നില്ക്കുന്നു.