Breaking News

Trending right now:
Description
 
Jul 12, 2015

കിരീടത്തില്‍ മുത്തമിട്ട്‌ അമേരിക്കയുടെ സെറീന വില്യംസ്‌

image വിംബിള്‍ഡണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സ്‌ കിരീടം ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസിന്‌. ഫൈനലില്‍ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരുസയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ്‌ (6-4, 6-4) സെറീന വിംബിള്‍ഡണില്‍ കിരീടമണിഞ്ഞത്‌. 2012 നു ശേഷം ആദ്യമായാണ്‌ സെറീന വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തുന്നത്‌. സെറീനയുടെ ആറാം വിംബിള്‍ഡണ്‍ നേട്ടമാണിത്‌. അടുത്തമാസം നടക്കുന്ന യുഎസ്‌ ഓപ്പണ്‍കൂടി നേടിയാല്‍ സെറീനയക്കു നാലു ഗ്രാന്‍സ്ലാം കിരീടങ്ങളും സ്വന്തമാക്കാം. മത്സരത്തില്‍ സെറീനയ്‌ക്കു വെല്ലുവിളി ഉയര്‍ത്തിയശേഷമായിരുന്നു മുഗുരുസ കീഴടങ്ങിയത്‌. സെറീനയുടെ മൂന്നു ഡബിള്‍ ഫോര്‍ട്ടുകള്‍ മുതലെടുത്ത്‌ മുന്നേറിയ മുഗുരുസ ആദ്യ സെറ്റില്‍ മുന്നിലെത്തിയിരുന്നു. ആദ്യ സെറ്റില്‍ ഒരു ഘട്ടത്തില്‍ 4-1ന്‌ പിന്നില്‍നിന്നശേഷം ശക്തമായ തിരിച്ചവരവ്‌ നടത്തിയാണ്‌ സെറീന സെറ്റ്‌ കൈയിലാക്കിയത്‌. രണ്ടാംസെറ്റില്‍ 3-1നു മുന്നിലെത്തി സെറീന വിജയത്തിന്‌ അടുത്ത്‌ എത്തിയതിനുശേഷം മുഗുരുസ ശക്തമായി തിരിച്ചുവന്നെങ്കിലും വിജയിക്കാനായില്ല. സിംഗിള്‍സില്‍ കഴിഞ്ഞ വര്‍ഷത്തെ യു.എസ്‌. ഓപ്പണ്‍ വിജയിയാണെന്നതിനാല്‍ സെറിന സ്ലാം എന്നറിയപ്പെടുന്ന നേട്ടം ഇപ്പോള്‍തന്നെ ഈ അമേരിക്കന്‍ താരത്തിനു സ്വന്തമാണ്‌. വിമ്പിള്‍ഡണ്‍ കിരീടം ചൂടുന്ന ഏറ്റവും പ്രായംകൂടിയ വനിത എന്ന റെക്കോര്‍ഡില്‍ മാര്‍ട്ടിന നവരത്തിലോവരെ മറികടന്ന്‌ സെറീന മുന്നിലെത്തി.