Breaking News

Trending right now:
Description
 
Jul 11, 2015

പരാതിക്കാരുടെ പേരുകള്‍ ചോര്‍ത്തി നല്കുകയില്ലെന്നും കൈക്കൂലി വാങ്ങുകയില്ലെന്നും ജനമൈത്രി പോലീസ്

image ആലപ്പുഴ: കുറ്റവാളികളെ കര്‍ശനമായി പിടികൂടി പട്ടണത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുമെന്നും പരാതി നല്കുന്നവരുടെ പേരുവിവരങ്ങള്‍ യാതൊരു കാരണവശാലും പോലീസ് സ്‌റ്റേഷനില്‍ നിന്നു മറ്റുള്ളവര്‍ക്കു ചോര്‍ത്തി നല്കുകയില്ലെന്നും ഉറപ്പു നല്കിയ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭിനന്ദിച്ചു. 

ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച സ്റ്റേഷന്‍ പരിധിയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹി യോഗത്തിലാണ് ഈ ഉറപ്പുകള്‍ നല്കിയത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ അധ്യക്ഷത വഹിച്ചു. ചെറുപ്പക്കാര്‍ക്കിടയില്‍ മദ്യ-മയക്കുമരുന്നു വ്യാപനവും മറ്റു കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുന്നതു നിയന്ത്രിക്കാന്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കാകുമെന്നു അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

പോലീസിനെക്കുറിച്ച് പൊതുജനങ്ങളുടെ ഇടയില്‍ പരമ്പരാഗതമായിയുള്ള അവമതി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരു തരത്തിലുമുള്ള കൈക്കൂലി വാങ്ങുകയില്ലെന്നും വിവരങ്ങള്‍ തിരക്കി പോലീസ് വീട്ടുപടിക്കല്‍ എത്തുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

പൊതുജനങ്ങള്‍ സൂചനകള്‍ നല്കിയാലെ പോലീസിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാകു എന്നും എന്തു ഭീഷണിയുണ്ടായാലും സാക്ഷിമൊഴി നല്കാന്‍ തയാറായി സാധാരണക്കാര്‍ നിയമവ്യവസ്ഥയെ ബലപ്പെടുത്തണമെന്നും പദ്ധതി വിശദീകരിച്ച ഡിവൈ.എസ്.പി കെ. ലാല്‍ജി ചൂണ്ടിക്കാട്ടി.

പരാതികള്‍ക്ക് സാധാരണ ഗതിയില്‍ 48 മണിക്കൂറിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്നും അല്ലാത്തപക്ഷം മേലുദ്യോഗസ്ഥരെ സമീപിക്കാമെന്നും സി.ഐ വി.ബാബു സൂചിപ്പിച്ചു.

പരാധീനതകളുണ്ടെങ്കിലും കഴിയുന്നത്ര ഇടവഴികളിലൂടെ പട്രോളിംഗ് സ്ഥിരമായി നടത്തുമെന്നും റസിഡന്റസ് അസോസിയേഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും എസ്.ഐ എം.വി.പരമേശ്വരന്‍ ഉറപ്പുനല്കി.

വിവിധ റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികള്‍ പരാതികള്‍ മുന്നോട്ടുവച്ചു. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും കെട്ടിടങ്ങളും മറ്റും മദ്യ, മയക്കുമരുന്നു വിതരണക്കാരുടെയും ഉപയോഗിക്കുന്നവരുടെയും കേന്ദ്രങ്ങളായി മാറുകയാണെന്നു അവര്‍ എടുത്തുകാട്ടി. തുമ്പോളിയിലെ ഒരു കള്ളുഷാപ്പില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചു കൊലപാതകങ്ങളും 68 കുത്തു കേസുകളുമാണ് ഉണ്ടായിട്ടുള്ളതെന്നു ചൂണ്ടിക്കാണിക്കാണിക്കപ്പെട്ടു. പ്രശ്‌ന ബാധിത ഷാപ്പുകള്‍ അടച്ചു പൂട്ടിക്കാന്‍ എക്‌സെസ് വകുപ്പുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഉറപ്പു നല്കി. പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്ന പൂവാലന്മാരെയും കൂട്ടം കൂടി ശല്യമുണ്ടാക്കുന്നവരെയും ഷാഡോ പോലീസ് കൈയോടെ പിടികൂടും.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ജില്ലാ ഭരണത്തെക്കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്ര സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.