Breaking News

Trending right now:
Description
 
Jul 09, 2015

കോര്‍ത്തശേരിയിലെ കുഴികളില്‍ അപകടം പതിവായി

റോഡിലെ വെള്ളം നിറഞ്ഞ വന്‍ കുഴികള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ നികത്തി
image ആലപ്പുഴ: അധികൃതരോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതായിക്കിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികള്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശ്രമദാനമായി മെറ്റലിട്ട് നികത്തി. കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - ഫിനിഷിംഗ് പോയിന്റ് റോഡില്‍ വളരെ അപകടകരമായി കിടക്കുന്ന കോര്‍ത്തശേരി കുരിശടി ഭാഗത്തെ വന്‍ കുഴികളാണ് ശ്രമദാനത്തിന്റെ ആദ്യഘട്ടമായി നികത്തിയത്. 

ജനസേവിനി റസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍കൈയെടുത്തു നടത്തിയ ശ്രമദാനം ടോമിച്ചന്‍ മേത്തശേരി ഉദ്ഘാടനം ചെയ്തു. പി.കെ.ശശിധരന്‍, ഡോ. കെ.എ.ജോസഫ്, കെ.ബൈജു, ലിറ്റോ ആന്റണി, രഞ്ജിനി സജി, സിനി തോമസ്, മേഴ്‌സി ബിജി, മരിയ ബാബു, ടി.വി.ജോസഫ്. ജെസി ടോമിച്ചന്‍, അപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇതേസമയം, മഴക്കാലത്തു വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ വീണ് കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും പരിക്കേല്‍ക്കുന്നതും വാഹനങ്ങള്‍ക്കു കേടു സംഭവിക്കുന്നതും പതിവായതോടെ പരാതികള്‍ പലതു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പുന്നമട ഹൗസ് ബോട്ട് ടെര്‍മിനലിലേക്ക് നൂറു കണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അടുത്ത മാസം ലോകപ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളം കളി വേളയില്‍ കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - ഫിനിഷിംഗ് പോയിന്റ് റോഡ് കൂടുതല്‍ പരിതാപകരമായി മാറാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.


ഫോട്ടോ: 

ആലപ്പുഴ കിടങ്ങാംപറമ്പ് - കോര്‍ത്തശേരി - ഫിനിഷിംഗ് പോയിന്റ് റോഡില്‍ വളരെ അപകടകരമായി കിടക്കുന്ന കോര്‍ത്തശേരി കുരിശടി ഭാഗത്തെ വന്‍ കുഴികള്‍ ശ്രമദാനത്തിലൂടെ റസിഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നികത്തുന്നു.