Breaking News

Trending right now:
Description
 
Dec 16, 2012

ഖത്തറില്‍ വിസത്തട്ടിപ്പില്‍ കുടുങ്ങി 24 നഴ്‌സുമാര്‍ അടക്കം 35 പ്രഫഷണലുകള്‍ നരകയാതനയില്‍

image
ഗ്ലോബല്‍ മലയാളം എക്‌സ്‌ക്ലൂസീവ്‌

ഖത്തര്‍: കേരളത്തിലെ പ്രമുഖ ഏജന്‍സി വഴി ഖത്തറില്‍ എത്തിയ 24 മലയാളി നഴ്‌സുമാരടക്കം 35 പേര്‍ ഖത്തറില്‍ ദുരിതത്തില്‍. ഖത്തറില്‍ ചേന്നാല്‍ ഉടന്‍ ജോബ്‌ വിസ ശരിയാക്കിതരാമെന്ന പേരില്‍ വിസിറ്റിംങ്‌ വിസയില്‍ ഏജന്‍സി ഇവരെ ഖത്തറിലെ ഏജന്റിന്റെ അടുത്ത്‌ എത്തിക്കുകയായിരുന്നുവെന്ന്‌ ജോലി തേടിയെത്തിയ യുവാക്കള്‍ പറഞ്ഞു. ബിഎസ്‌സി നഴ്‌സിംങ്‌ മുതല്‍ എംബിഎക്കാര്‍ വരെ ഈ കൂട്ടത്തില്‍ ഉണ്ട്‌. ഖുബ്ബൂസും പരിപ്പുകറിയും കഴിച്ച്‌ രണ്ടര മാസമായി ഒരിടുങ്ങിയ മുറിയില്‍ കഴിയുന്നവരെല്ലാം പ്രഫഷണലുകളാണ്‌. 

വിസ കാലാവധി തീരുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കുമ്പോഴും ആര്‍ക്കും ജോലി കണ്ടെത്തി കൊടുക്കുവാന്‍ ഏജന്‍സിക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല. യുണെറ്റഡ്‌ നഴ്‌സിംങ്‌ പ്രവാസി അസോസിയേഷന്റെ (യുഎന്‍പിഎ) ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ നൗഫല്‍ പുളിങ്ങം ഇതേക്കുറിച്ചറിഞ്ഞ്‌ എത്തിയപ്പോഴാണ്‌ ദുരിതം അനുഭവിക്കുന്ന നഴ്‌സുമാരുടെ ദയനീയ വിവരം പുറംലോകം അറിഞ്ഞത്‌. 

ഖത്തറിലെ ഏജന്റായ സ്‌ത്രീയെ ചെന്നു കണ്ട നൗഫല്‍ മറ്റൊരു തട്ടിപ്പിന്റെ കഥയാണ്‌ കേട്ടത്‌. ഇവരെ രക്ഷിക്കാനായി നോര്‍ക്കയുടെയും പോലീസിന്റെയും സഹായവും നൗഫല്‍ തേടിയിട്ടുണ്ട്‌. എല്ലാവര്‍ക്കും തൊഴില്‍ കണ്ടെത്തി കൊടുക്കാമെന്നാണ്‌ ഗള്‍ഫിലെ ഏജന്റായ സ്‌ത്രീ അവകാശപ്പെടുന്നത്‌. എന്നാല്‍ ഇത്രയും ദിവസം കൊണ്ട്‌ സാധിക്കാത്തത്‌ എങ്ങനെ ചുരുങ്ങിയ ദിവസം കൊണ്ട്‌ സാധിക്കുമെന്നാണ്‌ തട്ടിപ്പിനിരയായവരുടെ ചോദ്യം.

നഴ്‌സുമാര്‍ തിരികെ കയറി പൊയ്‌ക്കോട്ടെ പണം നാട്ടില്‍ എത്തിക്കാമെന്നും ഏജന്റ്‌ ഇപ്പോള്‍ പറയുന്നത്‌. എന്നാല്‍ ബന്ധുക്കളുടെ കയ്യില്‍ പണം എത്തിക്കാതെ ഞങ്ങള്‍ ഇവിടെനിന്ന്‌ എങ്ങോട്ടേയ്‌ക്കുമില്ലെന്ന്‌ ബിഎസ്‌ സി നഴ്‌സായ ഷിജോ പറഞ്ഞു. നാലര ലക്ഷം രൂപ വിദ്യാഭ്യാസ ലോണെടുത്താണ്‌ ഷിജോ പഠനം പൂര്‍ത്തിയാക്കിയത്‌. ലോണ്‍ പലിശയും പലിശയുടെ പലിശയുമായി തലയ്‌ക്കു മുകളില്‍ നില്‌ക്കുമ്പോഴും തൊഴില്‍ ലഭിക്കാതെ അലയുവാനായിരുന്നു വിധി. അതിനിടയ്‌ക്ക്‌ ഉള്ള കിടപ്പാടം ജപ്‌തി ചെയ്യുമെന്ന്‌ ബാങ്കുകാര്‍ ജപ്‌തി നോട്ടീസ്‌ അയച്ചു. പഠിപ്പിച്ചുവെന്ന തെറ്റിന്‌ സ്വന്തം മാതാപിതാക്കളെ തെരുവില്‍ ഇറക്കാന്‍ താല്‌പര്യമില്ലാത്തതിനാല്‍ വീണ്ടും ഷിജോയൊരു റിസ്‌ക്ക്‌ എടുത്തു. അയല്‍പക്കക്കാരുടെ സ്വര്‍ണവും ആധാരവും പണയം വച്ചാണ്‌ ഏജന്റിന്‌ പണവും കൊടുത്ത്‌ ഗള്‍ഫില്‍ എത്തിയത്‌. തൊഴില്‍ രഹിതനായി എനിക്ക്‌ ഒരു തിരിച്ച്‌ പോക്കിനാവില്ല എന്ന്‌ പറഞ്ഞ്‌ ഷിജോ പൊട്ടിക്കരയുമ്പോള്‍ ഷിജോ പങ്കുവച്ചത്‌ സ്വന്തം കഥ മാത്രമല്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്‌ ആ ഏജന്റിന്റെ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങി കിടക്കുന്നത്‌. അവരുടെയെല്ലാം കഥ ഇതു തന്നെ.

സിജോ മാത്യു, ബോബിന്‍ വര്‍ഗീസ്‌, സി. യോഗദീസ്‌, ലിജു കുര്യാക്കോസ്‌, എ.എം. സമീര്‍, ഇ. സോബിന്‍, സനൂപ്‌ വര്‍ഗീസ്‌, ബേസില്‍ സ്‌കറിയ, സിബി ജോര്‍ജ്‌, ഷിജോ സെബാസ്‌റ്റിയന്‍, സിജോ അഗസ്‌റ്റിന്‍, ജിനോമോന്‍ തോമസ്‌, യു.പി. നിയാദ്‌, എല്‍ദോ പോള്‍, ടി.എം. സിയാദ്‌ എന്നിവരാണ്‌ കുടുങ്ങിയ നഴ്‌സുമാര്‍.

ആറു മാസം മുമ്പാണ്‌ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഖത്തറിലെ നഴ്‌സിംങ്‌ എക്‌സാമായ പ്രൊമെട്രിക്‌ പാസായ പുരുഷ നഴ്‌സുമാര്‍ക്ക്‌ ഖത്തറില്‍ അവസരം ഉണ്ടെന്ന്‌ പരസ്യം ചെയ്‌തത്‌. ഇന്റര്‍വ്യു പാസായവരോട്‌ 1,25,000 രൂപ നല്‌കണമെന്നാണ്‌ ഏജന്‍സികാര്‍ ആവശ്യപ്പെട്ടത്‌. 4500 റിയാല്‍ ഏകദ്ദേശം 70000 രൂപ ശമ്പളം ഉണ്ടെന്നാണ്‌ ഏജന്‍സികാര്‍ ഇവരെ പറഞ്ഞ്‌ വിശ്വസിപ്പിച്ചത്‌. ശമ്പളം 6000 റിയാലാണെന്നും അതിനാല്‍ 50000 രൂപ കൂടി നല്‌കണമെന്ന്‌ ഏജന്റ്‌ വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ആ തുകയും കണ്ടെത്തി കൊടുത്ത ഇവരോട്‌ ഏജന്‍സി പറഞ്ഞ്‌ വിശ്വസിപ്പിച്ചത്‌ വിസിറ്റിംങ്ങ്‌ വിസയില്‍ ഇവിടെ നിന്ന്‌ ഖത്തറില്‍ ചെല്ലുക, ജോബ്‌ വിസ അവിടെ നിന്ന്‌ നല്‌കാമെന്നാണ്‌. 

സ്വകാര്യ മേഖലയിലെ കമ്പനികളില്‍ നഴ്‌സിംങ്‌ ജോലി ശരിയാക്കി കൊടുക്കാമെന്നാണ്‌ ഖത്തറിലെ ഏജന്റും ഇവരെ പറഞ്ഞ്‌ വിശ്വസിപ്പിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല, ഒരു കുടുസു മുറിയില്‍ പട്ടിണിയുടെ യാതനയില്‍ കഴിയുമ്പോഴും അവര്‍ പറയുന്നത്‌ ഒന്നു മാത്രം. ഞങ്ങള്‍ തിരിച്ച്‌ നാട്ടിലേയ്‌ക്ക്‌ വെറും കയ്യോടെയില്ല, മണലാരിണ്യത്തില്‍ തളര്‍ന്ന്‌ നീണു മരിച്ചാലും ജോലിയില്ലാതെ പോകാനാവില്ല എന്ന പറയുന്ന ചെറുപ്പക്കാരുടെ വാക്കുകളില്‍ വിശപ്പിന്റെ തളര്‍ച്ചയില്ല.

തട്ടിപ്പിനിരയായ നഴ്‌സുമാര്‍ യുണൈറ്റ്‌ഡ്‌ നഴ്‌സസ്‌്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായോടും സെക്രട്ടറി സുദീപ്‌ കൃഷ്‌ണയോടും ഫോണില്‍ സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇവര്‍ കേരളത്തിലെ ഏജന്‍സിക്കാരുമായി ബന്ധപ്പെട്ടു. നഴ്‌സുമാര്‍ക്ക്‌ ജോലി ശരിയാക്കി കൊടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കി. ഖത്തറിലെ ഏജന്റിന്റെ പാസ്‌പോര്‍ട്ട്‌ സഹിതമുള്ള പ്രധാന രേഖകളുടെ കോപ്പികളും ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ നൗഫല്‍ സംഘടിപ്പിച്ചു വച്ചിട്ടുണ്ട്‌. നോര്‍ക്കയുടെ ശ്രദ്ധയും ഈ വിഷയത്തില്‍ കൊണ്ടു വന്നിട്ടുണ്ടെന്ന്‌ നൗഫല്‍ അറിയിച്ചു.


Tags: Nurse, Visa, Qatar, Fraud, Uninted Nurses Pravasi Association, UNPA, Gulf, UNA