Breaking News

Trending right now:
Description
 
Jul 08, 2015

പ്രേമം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ രണ്ടുവിദ്യാര്‍ഥികള്‍ക്ക്‌ ജാമ്യം

image പ്രേമം സിനിമയുടെ പതിപ്പ്‌ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുവിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റീസ്‌ ബോര്‍ഡ്‌ ചെയര്‍മാനും തിരുവനന്തപുരം ജുഡീഷല്‍ മജിസ്‌ട്രേറ്റുമായ വിന്‍സന്റ്‌്‌ ചാര്‍ലി ജാമ്യത്തില്‍ വിട്ടു. കുറ്റാരോപിതനും കൊല്ലം സ്വദേശിയുമായ മറ്റൊരു വിദ്യാര്‍ഥി സാജിത്തിനെ ജുഡീഷല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌കോടതിയില്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി പൈറസി വിഭാഗം ഹാജരാക്കി. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. ഇയാളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. പ്ലസ്‌ വണ്‍ വിദ്യാര്‍ഥികളാണ്‌ ജാമ്യം ലഭിച്ച വിദ്യാര്‍ഥികള്‍ പിടിയിലായ മൂവരും കൊല്ലം സ്വദേശികളാണ്‌. ഇതേസമയം, പകര്‍പ്പ്‌ എവിടെനിന്നു ചോര്‍ത്തിയെന്നോ അതിനു പിന്നില്‍ ആരാണെന്നോ പൊലീസിനു തുമ്പു ലഭിച്ചിട്ടില്ല. ചിത്രം റിലീസ്‌ ചെയ്‌തതിന്റെ രണ്ടാം ദിവസമാണ്‌ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തത്‌. സംശയത്തെതുടര്‍ന്ന്‌ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികള്‍ പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കു വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്ന്‌ ആന്റി പൈറസിസെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥികളെ അവരുടെ വീടുകളില്‍നിന്നാണ്‌ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്‌. പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ ഇന്റര്‍നെറ്റില്‍നിന്നു ഇതിനോടകം ഒന്നരലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ്‌ ചെയ്‌തുകഴിഞ്ഞു. മൊബൈല്‍ ഫോണില്‍ വാട്ട്‌സ്‌ ആപ്പിലൂടെയും മറ്റും ഷെയര്‍ ചെയ്‌ത്‌ കണ്ടവരുടെ എണ്ണം ഇതിലേറെ വരുമെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കുന്നത്‌.