Breaking News

Trending right now:
Description
 
Jul 06, 2015

കുടിവെള്ളത്തിന്റെ ഗുണം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം: ടി.ആര്‍.എ

image ആലപ്പുഴ: ശുദ്ധജലത്തിനു ക്ഷാമം അനുഭവപ്പെടുകയും കുടിവെള്ള സ്രോതസുകളില്‍ മാലിന്യം വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോയെന്നു പരിശോധിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ വ്യാപകമായി സൗജന്യമായോ അഥവാ കുറഞ്ഞ നിരക്കിലോ ഗുണപരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ വക ശുദ്ധജല വിതരണ സംവിധാനം ഇപ്പോഴും കാര്യക്ഷമമല്ലാത്തതിനാല്‍ ഭൂരിപക്ഷം ആള്‍ക്കാരും കിണറ്റിലേയും കുളത്തിലേയും കുഴല്‍ക്കിണറിലേയും തോട്ടിലേയും വെള്ളമാണ് ദൈനംദിന ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നത്. രാസപദാര്‍ഥങ്ങളും കീടനാശിനികളും ജൈവാവശിഷ്ടങ്ങളും കലര്‍ന്നു വിഷമയമായ ജലം കുടിക്കാനും കുളിക്കാനും കഴുകാനും ഉപയോഗിക്കുന്നതിനാല്‍ പല തരത്തിലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

കേരള വാട്ടര്‍ അഥോറിറ്റിയില്‍ സ്വകാര്യ വ്യക്തികള്‍ക്കു ജലം പരിശോധന നടത്തണമെങ്കില്‍ ഫീസായി 850 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തു നല്കണം. ഇതേസമയം സ്വകാര്യ സ്ഥാപനങ്ങളും വിശദമായി ജലപരിശോധന നടത്തി ഫലം നല്കുന്നുണ്ട്. വിവിധ പരിശോധനാ പാക്കേജുകള്‍ക്കു വിവിധ നിരക്കുകളാണ്. കുടിവെള്ളത്തിലെ ക്ലോറൈഡ്, ഇ-കോളി ബാക്ടീരിയ, മാംഗനീസ്, സള്‍ഫേറ്റ്, അയേണ്‍, മെര്‍ക്കുറി, അട്രാസിന്‍, ഡിഡിടി, വോളറ്റൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ട്‌സ് തുടങ്ങി 68 പാരാമീറ്ററുകള്‍ പരിശോധിക്കുന്ന പാക്കേജിനു 2,500 രൂപയാണ് ഒരു സ്വകാര്യ സ്ഥാപനം ഈടാക്കുന്നത്. 33 ആണെങ്കില്‍ 1,500 രൂപയും 49 ആണെങ്കില്‍ 2,000 രൂപയുമാണു നിരക്ക്. അണുവിമുക്തമാക്കിയ കുപ്പികളിലാണ് സൂക്ഷ്മപരിശോധനയ്ക്കായി വെള്ളം ശേഖരിക്കുന്നത്.

കോളജുകളിലും സ്‌കൂളുകളിലും ജലപരിശോധനക്കാവശ്യമായ പ്രാഥമിക സംവിധാനങ്ങള്‍ ഒരുക്കിയാല്‍ ഒരു വലിയ പ്രദേശത്തെ ജലം തുടര്‍ച്ചയായും സൂക്ഷ്മമായും നിരീക്ഷിക്കാനാകുമെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷണശാലകള്‍ ഇത്തരം പൊതുആവശ്യങ്ങള്‍ക്കു കൂടി പ്രയോജനപ്പെടുത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കും നാടിനും അതു ഗുണപ്രദമാകുകയും ചെയ്യും.