Breaking News

Trending right now:
Description
 
Jul 06, 2015

ദര്‍ശനപുരം കിഡ്‌സ് കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

image ആലപ്പുഴ: വളരെ വിപണന സാധ്യതയുള്ള തിലാപ്പിയ മത്സ്യങ്ങളെ വളര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും മത്സ്യക്കര്‍ഷകര്‍ക്കു നല്കുമെന്നു ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്. 

കുട്ടനാട്ടിലും ആലപ്പുഴ പട്ടണത്തിലും വളര്‍ത്തു മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ദര്‍ശനപുരത്തെ അഞ്ചു കുളങ്ങളില്‍ പുതുതായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഡെപ്യൂട്ടി ഡയറക്ടര്‍.

ഫാമുകളില്‍ ഏതാനും മാസങ്ങള്‍ കൊണ്ടു വിളവെടുപ്പിനു പാകമാകുന്ന മികച്ചയിനം തിലാപ്പിയ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. വളര്‍ച്ചയെത്തിയ തിലാപ്പിയ മത്സ്യത്തിനു നല്ല വില ലഭിക്കുന്നുമുണ്ട്. ആലപ്പുഴ പട്ടണത്തില്‍ എ.സി റോഡിന്റെ അരുകിലുള്ള കിഡ്‌സ് ഫാം ഒരു മോഡല്‍ പ്രോജക്ടായി ഉയര്‍ത്തുമെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

ഈ സീസണിലെ മത്സ്യക്കുഞ്ഞ് നിക്ഷേപ ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് ടോം ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ.ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ ആമുഖ പ്രഭാഷണം നടത്തി. അഡ്വ. പ്രദീപ് കൂട്ടാല പ്രസംഗിച്ചു. പി.ഡി.ജോസഫ്, കെ.ജെ.ജോസഫ്, തോമസ് മത്തായി കരിക്കംപള്ളില്‍, ജോജോ മാത്യു, കെ.കരുണാകരന്‍, ഫാ. ജോസഫ് മലയാംപുറം സി.എം.ഐ., തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നര പതിറ്റാണ്ടായി വിവിധയിടങ്ങളില്‍ കിഡ്‌സ് മത്സ്യക്കുളങ്ങള്‍ പരിപാലിച്ചു വരുന്നു. തിലാപ്പിയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ (ടിഫ്) സഹകരണത്തോടെ എണ്‍പതുകള്‍ മുതല്‍ രുചികരവും പോഷകപ്രദവുമായ തിലാപ്പിയ മത്സ്യകൃഷി വ്യാപകമാക്കിയിട്ടുണ്ട്. ജനിതിക രീതികള്‍ അവംലബിച്ചു വികസിപ്പിച്ചെടുത്തിട്ടുള്ളതും കേരളീയ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ ഉത്പാദിപ്പിച്ചിട്ടുള്ളതുമായ മികച്ചയിനം ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെയാണ് ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഫോട്ടോ:

കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ആലപ്പുഴ ദര്‍ശനപുരത്തെ കുളങ്ങളില്‍ പുതുതായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് നിര്‍വഹിക്കുന്നു. ജോജോ മാത്യു, ഫാ. ജോസഫ് മലയാംപുറം സി.എം.ഐ., ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ., ടോം ജോസഫ്, അഡ്വ. പ്രദീപ് കൂട്ടാല, കെ.ജേ.ജോസഫ്, പി.ഡി.ജോസഫ്, കെ.കരുണാകരന്‍ തുടങ്ങിയവര്‍ സമീപം.