Breaking News

Trending right now:
Description
 
Jul 06, 2015

എസ്‌റ്റേറ്റ്‌ മാഫിയകള്‍ വഴിയടക്കുന്ന പീരുമേട്‌. എംഎല്‍എയ്‌ക്കെതിരെ 27 കേസുകള്‍

ആകാശ്‌ തോമസ്‌
image

പീരുമേട്‌ തോട്ടം മേഖലയുടെ സൗന്ദര്യത്തില്‍ മനം മയങ്ങുന്നവര്‍ കാണാതെ പോകുന്ന മനുഷ്യാവകാശ ലംഘനമറിയണമെങ്കില്‍ പീരുമേടിലെ ഉള്‍ ഗ്രാമങ്ങളിലെയ്‌ക്കൊന്നും സഞ്ചരിക്കേണ്ട. കട്ടപ്പന - കോട്ടയം റൂട്ടില്‍ സഞ്ചരിച്ചാല്‍ മതി. പൊട്ടി പൊളിഞ്ഞ വഴികള്‍, വഴികളില്‍ സ്ഥാപിച്ചിരിക്കുന്ന ഗേറ്റുകള്‍ ഇതൊക്കെ കാണുമ്പോള്‍ കേരളത്തിലാണോ നാം നില്‍ക്കുന്നതെന്ന്‌ അമ്പരന്നു പോകും. എസ്റ്റേറ്റ്‌ റോഡുകള്‍ സ്വകാര്യ എസ്‌റ്റേറ്റ്‌ കമ്പനികള്‍ സര്‍ക്കാരിന്‌ റോഡു പണിയുവാന്‍ പോലും വിട്ടു കൊടുക്കില്ല അതാണ്‌ ഈ ദുരവസ്ഥയ്‌ക്ക്‌ കാരണം.

റോഡു പണിയുവാന്‍ ശ്രമിച്ചാല്‍ പലപ്പോഴും കേസില്‍ മാത്രമാണ്‌ കലാശിക്കുക. പീരുമേട്‌ താലുക്കിലെ തോട്ടം മേഖലയില്‍ റോഡു പണിയുവാനും ഗേറ്റ്‌ പൊളിച്ചുമാറ്റുവാനും നേതൃത്വം നല്‍കിയതിന്‌ പീരുമേട്‌ എംഎല്‍എ ഈ എസ്‌ ബിജിമോളുടെ പേരില്‍ 27 കേസുകളാണ്‌ നിലവില്‍ ഉള്ളത്‌. 

കളക്ടറും തഹസില്‍ദാരും വില്ലേജ്‌ ഓഫീസര്‍മാരും മാനേജ്‌മെന്റ്‌ പ്രതിനിധികളും അടക്കം ഇരുന്ന്‌ സമാധാന ചര്‍ച്ച നടത്തി വഴി തുറന്നു കൊടുക്കാന്‍ തീരുമാനം എടുത്ത്‌ പുറത്തേയ്‌ക്ക്‌ ഇറങ്ങിയാല്‍ മാനേജ്‌മെന്റ്‌ വാക്കു മാറും. അവരുടെ ദുശാഠ്യത്തിന്‌ പലപ്പോഴും റവന്യു അധികൃതരുടെ കൂട്ടുമുണ്ടാകും. 
ഈ എതിര്‍പ്പുകളെ മറികടന്ന്‌ 64 ഗേറ്റുകള്‍ ഇതുവരെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുവാന്‍ സമരത്തിലൂടെയും പ്രതിഷേധത്തിലൂടെയും എംഎല്‍എയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. എന്നാല്‍ ഇനിയും നൂറു കണക്കിന്‌ റോഡുകളാണ്‌ പൊതുജനത്തിന്‌ തുറന്നു കൊടുക്കാതെ അടച്ചു വച്ചിരിക്കുന്നത്‌. 
പലപ്പോഴും എസ്‌റ്റേറ്റിന്റെ വഴിയടച്ചുള്ള നടപടിയെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരാണ ജനം വൈകാരികമായാണ്‌ നോക്കി കാണുന്നത്‌. എസ്റ്റേറ്റിലൂടെ യാത്ര ചെയ്‌താല്‍ രണ്ടറ്റവും മുട്ടാതെ നില്‍ക്കുന്ന പാലങ്ങള്‍ കാണാം അപ്പുറവും ഇപ്പുറവും എസ്റ്റേറ്റ്‌ ഭൂമി. എസ്റ്റേറ്റിന്റെ കയ്യില്‍ നിന്ന്‌ എങ്ങനെയെങ്കിലും ഭൂമി മേടിച്ചെടുക്കാമെന്ന ധാരണയില്‍ ത്രിതല പഞ്ചായത്തുകള്‍ ഫണ്ട്‌ അനുവദിച്ചു നിര്‍മ്മിക്കുന്നവയാണ്‌ ഈ പാലങ്ങള്‍. എന്നാല്‍ എസ്റ്റേറ്റ്‌ ഉടമകളുടെ ധാര്‍ഷ്ട്യത്തിന്‌ മുമ്പില്‍ ജനാധിപത്യം തന്നെ തോക്കുന്നു. 

കേസും പുക്കാറും ഭയന്ന്‌ പാവം പൊതുജനം എല്ലാം സഹിക്കുകയാണ്‌. പലപ്പോഴും രോഗികളെയും അത്യാസന്നരെയും ചുമന്ന്‌ കിലോമീറ്ററുകള്‍ നടന്ന്‌ തങ്ങളുടെ വിധിയെ പഴിക്കുന്നു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ദുരവസ്ഥയുടെ ദുരന്തം അനുഭവിക്കുന്നവരാണ്‌. 
പീരുമേടിന്റെ വോട്ടു രാഷ്ട്രീയത്തിലും ഈ ഗേറ്റുകള്‍ക്ക്‌ പ്രധാന സ്ഥാനമാണ്‌. ഗേറ്റു തുറക്കുന്നവനും എസ്‌റ്റേറ്റ്‌ വഴികള്‍ പൊതുജനത്തിനായി തുറന്നു കൊടുക്കുവാന്‍ നേതൃത്വം നല്‍കുന്നവരുമാണ്‌ അവരുടെ നേതാക്കള്‍. 

ബോയ്‌സ്‌ എസ്‌റ്റേറ്റിലെ ഗേറ്റു എടുത്തു മാറ്റുവാന്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹം സമരം കഴിഞ്ഞ വര്‍ഷമായിരുന്നു. 16 ദിവസംവൈദികന്റെ സത്യാഗ്രഹത്തിന്‌ ഒടുവില്‍ സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തി ഒരുവിധം ഈ കേസില്‍ നിന്ന്‌ ഊരിപ്പോന്നത്‌. 
1980യില്‍ മുണ്ടക്കയം പാലൂര്‍ക്കാവ്‌ റോഡില്‍ 35-ാം മൈലില്‍ സ്ഥാപിച്ചിരുന്ന ഗേറ്റു തുറക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമത്തെ അന്നത്തെ എസ്റ്റേറ്റ്‌ മാനേജ്‌മെന്റ്‌ ഗുണ്ടകളെ ഉപയോഗിച്ചാണ്‌ നേരിട്ടത്‌. 

ഇപ്പോള്‍ പ്രശ്‌നബാധിതമായ ടി ആര്‍ ആന്‍ഡ്‌ ടി കമ്പനി എസ്റ്റേറ്റിലൂടെയുള്ള നൂറോളം വഴികളില്‍ ഗേറ്റ്‌ സ്ഥാപിക്കുകയും ടോള്‍ പിരിവ്‌ നടത്തുകയും ചെയ്യുന്നു. സ്‌കൂള്‍ ബസിനു പോലും ടോള്‍ കൊടുക്കാതെ ടി ആര്‍ ആന്‍ഡ്‌ ടി കമ്പനി വഴി യാത്ര ചെയ്യാന്‍ സാധിക്കില്ല. ഇതിനെതിരെ നിരവധി സമരങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. തൊഴിലാളികളും ബഹുജനങ്ങളും നിരന്തരമായി സമരത്തിലാണ്‌. 
ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഉണ്ടാക്കുവാന്‍ കമ്പനി ഗ്രൂപ്പ്‌ മാനേജേഴ്‌സിനെയോ മാനേജരെയോ ചുമതലപ്പെടുത്തുകയും പിന്നീട്‌ ഗ്രൂപ്പ്‌ മാനേജര്‍ ഉണ്ടാക്കിയ എഗ്രിമെന്റ്‌ എനിക്ക്‌ ബാധകമല്ലെന്ന മട്ടില്‍ നിലപാട്‌ സ്വീകരിക്കുകയും സമരം ശാസ്‌ത്രീയമായി പൊളിച്ച്‌ എഗ്രിമെന്റ്‌ ഉണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയ സി ഐ, തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ എന്നിവരെ പരിഹസിക്കുകയും ഗ്രൂപ്പുമാനേജരെ സ്ഥലം മാറ്റുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നത്‌ പതിവാണ്‌. 
അതീവ ഗുരുതരാവസ്ഥയിലായ പാലം പണിയുവാന്‍ അനുവദിക്കാതിരിക്കുകയും സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്ററ്റിന്റെ വാറണ്ടിനെപ്പോലും (11- ഒക്ടോബര്‍ 2013) മാനിക്കാതിരിക്കുകയും ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മാനേജ്‌മന്റ്‌ ആണ്‌ ടി ആര്‍ ആന്‍ഡ്‌ ടി കമ്പനി മാനേജ്‌മെന്റ്‌.

ജൂണ്‍ 4 ലെ കമ്മീഷന്‍ ഉത്തരവ്‌ നടപ്പാക്കിയ ആര്‍ ഡി ഒയെ ഒഴിവാക്കി ഹൈക്കോടതി പറയാത്ത ഉത്തരവ്‌ നടപ്പടിലാക്കുവാന്‍ തോക്കും ലാത്തിയും പോലീസും സന്നാഹവുമായി ഇറങ്ങി പുറപ്പെട്ട്‌ എഡിഎമ്മിന്റെ നീക്കം ദുരൂഹമാണ്‌. 

ഇല്ലാത്ത ഗേറ്റ്‌ പിടിപ്പിച്ച്‌ തുറന്നുവയക്കണം എന്നു കോടതി പറഞ്ഞിട്ടില്ല. അവിടെ ഗേറ്റു ഉണ്ടെങ്കില്‍ 
തുറന്നു വയക്കാനാണ്‌ കോടതി ഉത്തരവിട്ടത്‌.

കമ്പനിക്ക്‌ ഇവിടെ ഗേറ്റ്‌ ഇല്ലെന്നു കോടതിയെ അറിയിക്കുകയും തുടര്‍ന്ന്‌ കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തിക്കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ കമ്പനിക്ക്‌ വേണ്ടി ഇല്ലാത്ത ഗേറ്റ്‌ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌. 
4 .6.2015ലാണ്‌ മനുഷ്യാവകാശ കമ്മീഷന്‍ ഗേറ്റ്‌ നീക്കം ചെയ്യണമെന്ന ഉത്തരവിറക്കിയെങ്കിലും ആര്‍ ഡി ഒ ഉത്തരവ്‌ നടപ്പിലാക്കിയത്‌ പ്രാദ്ദേശികവാസികളുടെ കടുത്ത സമര്‍ദ്ദത്തെ തുടര്‍ന്ന്‌ 1.7 2015ലാണ്‌. 

ഉത്തരവ്‌ നടപ്പിലാക്കേണ്ട എ ഡിഎം ലീവില്‍ പോയാണ്‌ ഉത്തരവ്‌ നടപ്പാക്കാതെ കാലതാമസം വരുത്തിയത്‌. ഈ ദിവസങ്ങളില്‍ ഉടമ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ആയിരുന്നു. ഉടമയ്‌ക്ക്‌ സ്റ്റേ കിട്ടി എന്നറിഞ്ഞ ഉടന്‍ തന്നെ എ ഡി എം ഗേറ്റു സ്ഥാപിക്കുവാന്‍ എത്തുകയും തുടര്‍ന്ന്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു. റവന്യൂ വകുപ്പും തോട്ടം ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ ഇന്നു തുടങ്ങിയതല്ല. അതിന്‌ കേരള ചരിത്രത്തോളം പഴക്കമുണ്ട്‌. 

നാളെ 

ടി ആര്‍ ആന്‍ഡ്‌ ടി കമ്പനിയുടെ ഭൂമിയുടെ അവകാശികള്‍ വിദേശികളോ? ഭരണഘടന വിരുദ്ധമായ പ്രവൃത്തിക്കുന്ന തോട്ടം ഉടമകള്‍ക്ക്‌ ഒത്താശ ചെയ്‌തു കൊടുക്കുന്ന സര്‍ക്കാരുകള്‍...