Breaking News

Trending right now:
Description
 
Jul 06, 2015

പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ ; അന്വേഷണം ചെന്നൈയിലേക്ക്‌

image അല്‍ഫോണ്‍സ്‌ പുത്രന്‍ സംവിധാനം ചെയ്‌ത പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ ഇന്റര്‍നെറ്റില്‍ അപ്‌ ലോഡ്‌ ചെയ്‌തവരെക്കുറിച്ച്‌ പൊലീസ്‌ ആന്റി പൈറസി സെല്ലിനു സൂചന ലഭിച്ചു. അപ്‌ ലോഡ്‌ ചെയ്‌ത ഐ.പി നമ്പറിനെക്കുറിച്ചും വ്യക്തമായ സൂചനലഭിച്ചു കഴിഞ്ഞു.അന്വേഷണം ചെന്നൈയിലേക്കു വ്യാപിപ്പിക്കാന്‍ പൊലീസ്‌ തീരുമാനിച്ചു. സിനിമ സെന്‍സര്‍ ചെയ്‌ത സ്ഥലത്ത്‌ ഇന്നു പൊലീസ്‌ പരിശോധന നടത്തും. സിനിമയുടെ നിര്‍മാതാവ്‌ അന്‍വര്‍ റഷീദ്‌, സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. സിനിമയുടെ പതിപ്പ്‌ ചോര്‍ന്നത്‌ എവിടെനിന്നാണെന്നു കണ്ടെത്തുന്നതിനാണ്‌ സിനിമയുടെ മിക്‌സിങ്‌ നടന്ന ചെന്നൈയിലെ സ്‌റ്റുഡിയോയിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കുന്നത്‌. തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്‌മയ മാക്‌സിലായിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗ്‌ ജോലികള്‍ നടത്തിയത്‌. ഇവിടെയും പൊലീസ്‌ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു കാര്‍ഗോ വഴിയാണു ചെന്നൈയിലെ ലാബിലേക്ക്‌ അയച്ചത്‌. ചെന്നൈയിലെ ലാബില്‍ നിന്നു തിരിച്ചും കാര്‍ഗോ വഴിയാണു തിരുവനന്തപുരത്ത്‌ എത്തിച്ചത്‌. ഇതുവഴി ചോരാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. സെന്‍സര്‍ ചെയ്‌ത കോപ്പിയാണ്‌ ഇന്റര്‍നെറ്റിലുള്ളത്‌. വ്യാജകോപ്പിയുടെ പ്രചരണത്തിനു പിന്നില്‍ സിനിമാരംഗത്തെ വമ്പന്‍മാരുടെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. അതേസമയം, പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ പുറത്തായ സംഭവത്തില്‍ അന്വേഷണം തൃപ്‌തികരമല്ലെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ആരോപിച്ചു. സിനിമാ ഷൂട്ടിംഗ്‌ പോലെയാണു അന്വേഷണത്തിന്റെ പോക്ക്‌. അന്വേഷണം കുറേക്കൂടി കാര്യക്ഷമമാക്കണമെന്നും ഫെഡറേഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.