Breaking News

Trending right now:
Description
 
Jul 05, 2015

ദര്‍ശനപുരം കിഡ്‌സ് കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും

image ആലപ്പുഴ: കുട്ടനാട്ടിലും ആലപ്പുഴ പട്ടണത്തിലും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) ദര്‍ശനപുരത്തെ അഞ്ചു കുളങ്ങളില്‍ പുതുതായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.

ഈ സീസണിലെ മത്സ്യക്കുഞ്ഞ് നിക്ഷേപ ഉദ്ഘാടനം 2015 ജൂലൈ ആറിന് തിങ്കളാഴ്ച രാവിലെ 10-ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് നിര്‍വഹിക്കും. പ്രസിഡന്റ് ടോം ജോസഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഫാ.ജോസ് കൂലിപ്പുരയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തും. പി.ഡി.ജോസഫ്, കെ.ജെ.ജോസഫ്, പി.എം.കുര്യന്‍, അഡ്വ. പ്രദീപ് കൂട്ടാല, ഫാ. ജിമ്മി മൂലയില്‍ സി.എം.ഐ., ജോജോ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കുമെന്നു കോഓര്‍ഡിനേറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ അറിയിച്ചു. 

മൂന്നര പതിറ്റാണ്ടായി വിവിധയിടങ്ങളില്‍ കിഡ്‌സ് മത്സ്യക്കുളങ്ങള്‍ പരിപാലിച്ചു വരുന്നു. തിലാപ്പിയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ (ടിഫ്) സഹകരണത്തോടെ എണ്‍പതുകള്‍ മുതല്‍ പോഷകാഹാര പ്രാധാന്യമുള്ള തിലാപ്പിയ മത്സ്യകൃഷി വ്യാപകമാക്കിയിട്ടുണ്ട്. ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെയാണ് ഇപ്പോള്‍ നിക്ഷേപിക്കുന്നത്.

ഫാ. തോമസ് മൂറിന്റെ ഫോട്ടോ 
അനാച്ഛാദനം ചെയ്യും


ആലപ്പുഴ: കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) സ്ഥാപകന്‍ ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സി.എം.ഐയുടെ ഫോട്ടോ ദര്‍ശനപുരം കിഡ്‌സ് ഓഫീസില്‍ 2015 ജൂലൈ ആറിന് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് അനാച്ഛാദനം ചെയ്യും.

സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ അനാച്ഛാദനം നിര്‍വഹിക്കും. പ്രസിഡന്റ് ടോം ജോസഫ് അധ്യക്ഷത വഹിക്കും. പി.ഡി.ജോസഫ്, കെ.ജെ.ജോസഫ്, പി.എം.കുര്യന്‍, അഡ്വ. പ്രദീപ് കൂട്ടാല, ഫാ. ജിമ്മി മൂലയില്‍ സി.എം.ഐ., ജോജോ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കുമെന്നു കോഓര്‍ഡിനേറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ അറിയിച്ചു. 

കുട്ടനാടിന്റെയും ആലപ്പുഴ പട്ടണത്തിന്റെയും സമഗ്രവികസനം മുന്‍നിര്‍ത്തി 1982 സെപ്റ്റംബര്‍ 22-ന് തൂപവത്കരിച്ചതാണ് കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്). പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും ധ്യാനപ്രസംഗകനുമായിരുന്നു ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ (1936-2011).