Breaking News

Trending right now:
Description
 
Jul 04, 2015

ആലപ്പുഴ എപ്പോഴും കുരുക്കിലാകണമെന്നു ആര്‍ക്കാണ് നിലയ്ക്കാത്ത താത്പര്യം?

image

ആലപ്പുഴ പട്ടണത്തിലെ വാഹനങ്ങള്‍ എങ്ങോട്ടു തിരിയണമെന്നും പോകണമെന്നും തീരുമാനിക്കുന്നത് അപ്പപ്പോള്‍ ജംഗ്ഷനില്‍ നില്ക്കുന്ന പോലീസുകാരുടെ മനസിലിരുപ്പ് അനുസരിച്ചാണ്. ഒരിടത്തും വേണ്ടരീതിയിലുള്ള ഒരു മുന്നറിയിപ്പു ബോര്‍ഡു പോലുമില്ല. വലത്തോട്ടു തിരിയേണ്ടവനോടു നേരേ വിട്ടോളാന്‍ പറയും. അവനാകട്ടെ അപ്പോള്‍ ഇടത്തോട്ടുള്ള റോഡിലേക്കു പോയി അവിടെയിട്ടു വളച്ചെടുത്തു നേരേ വന്നു പോകേണ്ട സ്ഥലത്തേക്കു തന്നെ പോകും! ഒരു ചെറിയ കുരുക്കഴിക്കാനുള്ള പോലീസ് ബുദ്ധി ആ പ്രദേശമാകെ കുരുക്കിലാക്കി മാറ്റും! തിരക്കും അപകടങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും!!


ജില്ലാക്കോടതിയും മുല്ലയ്ക്കലും കഴിഞ്ഞ്, വലിയ പ്രശ്‌നമില്ലാതെ പോകുന്ന ശവക്കോട്ട പാലം ജംഗ്ഷനില്‍ വണ്‍വേയാക്കി കുളമാക്കാന്‍ പോകുന്നതായി പത്രത്തില്‍ വാര്‍ത്ത കണ്ടു. തലയ്ക്ക് ഓളം കയറിയ ഭരണാധികാരികള്‍ ഇറങ്ങിത്തിരിച്ചാല്‍ നാട്ടുകാരും മറുനാട്ടുകാരും അനുഭവിച്ചേ മതിയാകൂ. വലിയ ടൂറിസ്റ്റ് കേന്ദ്രമാണെന്നു അഭിമാനിക്കുന്ന ആലപ്പുഴ പട്ടണത്തില്‍ നേരെചൊവ്വെ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും (റോഡിലെ വന്‍ ഗര്‍ത്തങ്ങളുടെ കാര്യം പോകട്ടെ!) കഴിവില്ലാത്തവരാണ് ദിവസവും ഓരോ ട്രാഫിക് പരിഷ്‌ക്കാരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നത്. അതു നടപ്പിലാക്കിയാല്‍ പുതുതായി ആരംഭിച്ച മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്തു ചെയ്യണമെന്നു കൂടി നാട്ടുകാര്‍ക്കു പറഞ്ഞുകൊടുക്കണം.


റോഡുകളിലും ജംഗ്ഷനുകളിലും പാലങ്ങളിലും മറ്റുമുള്ള അനധികൃത നിര്‍മിതികളും തടസങ്ങളും നീക്കുകയും റോഡിനു നടുവിലും വളവിലുമുള്ള ബസ് സ്‌റ്റോപ്പുകള്‍ തടയുകയും ചെയ്താല്‍ തന്നെ ആലപ്പുഴ പട്ടണത്തിലെ ട്രാഫിക് സുഖകരമാകും. അതു ചെയ്യാന്‍ ആരെയൊക്കെയോ പേടിച്ചു വാലു ചുരുട്ടി വയ്ക്കുന്നവരാണ് ഒരാവശ്യവുമില്ലാതെ എല്ലാവരെയും ചുറ്റിച്ചു എല്ലായിടത്തും കുരുക്കുണ്ടാക്കി വണ്‍വേ മാറ്റി മാറ്റി പരീക്ഷിക്കുകയും അങ്ങോട്ടു തിരിയരുത്, ഇങ്ങോട്ടു പോകരുത് എന്ന് ആജ്ഞാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്.


ആതാതു പ്രദേശത്തെ ട്രാഫിക് പരിഷ്ക്കാരങ്ങള്‍ക്ക് അതാതിടത്തു സ്ഥിരമായി താമസിക്കുന്ന, സ്വന്തം വാഹനം സ്വന്തം കാശിനു ഇന്ധനമടിച്ചോടിക്കുന്ന പൊതുജനങ്ങളുടെ വാക്കിനായിരിക്കണം മുന്‍ഗണന നല്‌കേണ്ടത്. അല്ലാതെ, സര്‍ക്കാര്‍ വാഹനത്തില്‍ ലൈറ്റും കത്തിച്ച് ഏതുവഴിയേയും എത്രവേഗത്തിലും എങ്ങനെയും ഡ്രൈവറെക്കൊണ്ട് ഓടിപ്പിക്കാന്‍ പാങ്ങുള്ള, ഏതാനും മാസം നാട്ടുകാരെ ഭരിച്ചടുക്കി വല്ലയിടത്തേക്കും പോകുന്നവരാകരുത്.


വീണ്ടും പറയുന്നു. ആലപ്പുഴ പട്ടണത്തില്‍ ഒരു റോഡും വണ്‍വേയാക്കുകയോ തിരിയലുകള്‍ നിരോധിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതു മൂലം പലയിടങ്ങളിലായി കൂടുതലുണ്ടാകുന്ന കുരുക്കും ആവശ്യമില്ലാത്ത ഇന്ധന നഷ്ടവും ഉയരുന്ന പരിസര-ശബ്ദമലിനീകരണവും ഭരണാധികാരികള്‍ക്കു പ്രശ്‌നമേയല്ലന്നുണ്ടോ?