Breaking News

Trending right now:
Description
 
Dec 15, 2012

വിമാനത്താവള വികസനപദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ കെ.സി.വേണുഗോപാല്‍

image സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നു കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിമാനം ഇറക്കാനാകാതെ തിരിച്ചു വിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അപ്രോച്ച്‌ സര്‍വെയ്‌ലന്‍സ്‌ റഡാര്‍ (എഎസ്‌ആര്‍) സംവിധാനം ഏപ്രില്‍ അവസാനത്തോടെ കമ്മീഷന്‍ ചെയ്യും. ഇതിനുള്ള ഉപകരണങ്ങള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്‌. നെടുമ്പാശേരിയിലെ ലാന്‍ഡിംഗ്‌ സൗകര്യം വിപുലീകരിക്കാനുള്ള ഇന്‍സ്‌ട്രുമെന്റ്‌ ലാന്‍ഡിംഗ്‌ സിസ്റ്റം (ഐഎല്‍എസ്‌) ഉടന്‍ നടപ്പാക്കും. ഇതുവഴി മൂടല്‍മഞ്ഞുപോലുള്ള പ്രതിസന്ധികളെ ഒരു പരിധി വരെ മറികടക്കാനാകും. വിമാന ലാന്‍ഡിംഗിനും ടേക്‌ഓഫിനുമുള്ള സിഗ്നല്‍ സംവിധാനങ്ങള്‍ ഓട്ടോമാറ്റിക്‌ സംവിധാനത്തിലേക്കു മാറ്റുന്നതിനു ട്രാഫിക്‌ മാനേജ്‌മെന്റ്‌ സിസ്റ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സിഇഒമാര്‍ എന്നിവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ്‌ മന്ത്രി വിശദീകരണം നടത്തിയത്‌. വിവരങ്ങള്‍ കൈമാറുന്നതില്‍ സിയാലും എയര്‍പോര്‍ട്ട്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യയുമായുണ്ടായിരുന്ന തകര്‍ക്കങ്ങള്‍ക്കു പരിഹാരമായിട്ടുണ്ട്‌. നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ (സിഎസ്‌എഫ്‌) ക്വാര്‍ട്ടേഴ്‌സ്‌ നിര്‍മിച്ചു നല്‌കും. ക്വാര്‍ട്ടേഴ്‌സിനുള്ള സ്ഥലം സിയാല്‍ കണ്ടെത്തണം. യുഎഇയില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നതു കണക്കിലെടുത്തു പ്രവാസികളെ രാജ്യത്തേക്കെത്തിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കും. നാലു വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം കൊച്ചിയിലേക്കു മാറ്റാന്‍ തീരുമാനമായിട്ടുണ്ട്‌. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ കേരളത്തിലെ കോള്‍ സെന്റര്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും. മലയാളത്തിലടക്കം ഇവിടെനിന്നു വിവരങ്ങള്‍ ലഭ്യമാകും.