Breaking News

Trending right now:
Description
 
Jun 26, 2015

മെല്‍ബണ്‍ രൂപത വാര്‍ഷികാഘോഷം ജൂലൈ 10,11,12 തിയതികളില്‍

പോള്‍ സെബാസ്റ്റ്യന്‍
image മെല്‍ബണ്‍: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഓസ്‌ട്രേലിയ രൂപത സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ `കൃപാഭിഷേകം 2015' ജൂലൈ മാസം 10,11,12 തിയതികളില്‍ മെല്‍ബണിലെ ബന്‍ഡൂര ലാട്രോബ്‌ യൂണിവേഴ്‌സിറ്റി ഹാളില്‍ വച്ച്‌ നടത്തപ്പെടുന്നു. കാഞ്ഞിരപ്പിള്ളി, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്‌ടറും പ്രശസ്‌ത വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ.ഡൊമിനിക്‌ വളമനാലാണ്‌ കണ്‍വെന്‍ഷന്‍ നയിക്കുന്നത്‌. സിഡ്‌നി, ബ്രിസ്‌ബെന്‍, പെര്‍ത്ത്‌, അഡലെയ്‌ഡ്‌, ഡാര്‍വിന്‍, ആലീസ്‌പ്രിങ്ങ്‌, പാരമാറ്റ, വാഗ വാഗ, കാന്‍ബറ, ഷെപ്പേര്‍ട്ടന്‍, ബലാറത്ത്‌, ബെന്‍ഡിഗോ,മെല്‍ബണ്‍ തുടങ്ങിയ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ബൈബിള്‍ കണ്‍വെന്‍ഷന്റെ ഉത്‌ഘാടനം ജൂലൈ 10 (വെള്ളിയാഴ്‌ച) 2.00 മണിയ്‌ക്ക്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മെല്‍ബണ്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിക്കും. തുടര്‍ന്ന്‌ ഫാ.ഡൊമിനിക്‌ വളമനാലിന്റെ നേതൃത്വത്തില്‍ ധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9 മണിയോടെ ആദ്യ ദിവസത്തെ കണ്‍വെന്‍ഷന്‍ അവസാനിക്കും.

ജൂലൈ 11 (ശനിയാഴ്‌ച) രാവിലെ 10 മണിയ്‌ക്ക്‌ കണ്‍വെന്‍ഷന്റെ രണ്ടാം ദിനം ആരംഭിക്കും. ഉച്ചഭക്ഷണത്തിനു ശേഷം 1.45നാണ്‌ രൂപതയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്‌. ഓസ്‌ട്രേലിയയിലെ വിവിധ മത-രാഷ്‌ട്രീയ-സംസ്‌കാരിക മേഖലയിലെ വിശിഷ്‌ട വ്യക്തികള്‍ പങ്കെടുക്കും.

തുടര്‍ന്ന്‌ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷപൂര്‍വ്വമായ കൃതജ്ഞതാ ദിവ്യബലിയില്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി, ചാന്‍സിലര്‍ ഫാ.മാത്യു കൊച്ചുപുരയ്‌ക്കല്‍ എന്നിവരുള്‍പ്പെടെ രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായിരിക്കും. രാത്രി 7.30 വരെ കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കും.

ജൂലൈ 12 (ഞായറാഴ്‌ച) രാവിലെ 9.30ന്‌ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട്‌ 4 മണിയോടെ സമാപിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഡൊമിനിക്‌ വളമനാല്‍ അച്ചനെയും ടീമിനെയും നേരില്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള പ്രത്യേക സൗകര്യം കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ക്രമപ്പെടുത്തിയിട്ടുണ്ട്‌. ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക്‌ സൗജന്യ താമസ-വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌.

ബൈബിള്‍ കണ്‍വെന്‍ഷന്റെയും വാര്‍ഷികാഘോഷത്തിന്റെയും വിജയത്തിനായി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ്‌ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ്‌ കോലഞ്ചേരി, ചാന്‍സിലര്‍ ഫാ.മാത്യു| കൊച്ചുപുരയ്‌ക്കല്‍, മെല്‍ബണ്‍ സൗത്ത്‌-ഈസ്റ്റ്‌ കമ്മ്യൂണിറ്റി വികാരി ഫാ. എബ്രഹാം കുന്നത്തോളി, സിഡ്‌നി റീജിയണ്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ.തോമസ്‌ ആലുക്ക, രൂപത മതബോധന വിഭാഗം ഡയറക്‌ടര്‍ ഫാ.വര്‍ഗ്ഗീസ്‌ വാവോലില്‍ എന്നീ വൈദികരുടെയും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പിള്ളില്‍ ജനറല്‍ കണ്‍വീനറും സോളമന്‍ ജോര്‍ജ്‌ജ്‌, ജോഷ്‌ പൈകട, സെബാസ്റ്റ്യന്‍ തട്ടില്‍ എന്നിവര്‍ ജോയിന്റ്‌ കണ്‍വീനര്‍മാരുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച്‌ വരുന്നു.

രൂപത വാര്‍ഷികാഘോഷങ്ങളിലേയ്‌ക്കും ഫാ.ഡൊമിനിക്‌ വളമനാല്‍ നയിക്കുന്ന ബൈബില്‍ കണ്‍വെന്‍ഷനിലേക്കും. ഏവരെയും ക്ഷണിക്കുന്നതായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ്‌ കോലഞ്ചേരി അറിയിച്ചു.