Breaking News

Trending right now:
Description
 
Jun 26, 2015

ഷംഷാദിന്റെ പിതാവിനെ എന്നാളും ഓര്‍മിക്കാന്‍ വണ്ടിപ്പെരിയാര്‍ സ്‌കൂളിന്‌ ഡിജിറ്റല്‍ ലൈബ്രറി

ആകാശ്‌ തോമസ്‌
image വണ്ടിപ്പെരിയാര്‍: പിതാവിന്റെ ഓര്‍മ നിലനിര്‍ത്താന്‍ മകളുടെ അക്ഷരസമ്മാനം. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിച്ചാണ്‌ മകള്‍ ഷംഷാദ്‌ ഉസ്‌മാന്‍ പിതാവിന്റെ ഓര്‍മ നിലനിര്‍ത്തുന്നത്‌. പിതാവിന്റെ ലൈബ്രറി നഷ്ടപ്പെട്ടു പോയതിന്റെ വിഷമത്തിലാണ്‌ ആറു ലക്ഷം രൂപ മുടക്കി സ്‌കൂളിനായി ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിച്ചത്‌. 

ഷംഷാദിന്റെ പിതാവ്‌ എം.എം. ഉസ്‌മാന്‍ ഒരു രാഷ്ടീയ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന വിനോദം വായനമാത്രമായിരുന്നു. മലയാളം, തമിഴ്‌, ഇംഗ്ലീഷ്‌ തുടങ്ങിയ മൂന്നു ഭാഷകളിലുള്ള പുസ്‌തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. പിതാവിന്റെ സുഹൃത്തും തനിനിറം പത്രത്തിന്റെ ലേഖകനുമായിരുന്ന പരീത്‌ കണ്ണ്‌ വഴിയായിരുന്നു പിതാവിന്‌ പുസ്‌തകങ്ങള്‍ കിട്ടിയിരുന്നത്‌. ഈ പുസ്‌തകങ്ങളായിരന്നു പിതാവിന്റെ ജീവ വായു. അങ്ങനെയാണ്‌ ഷംഷാദ്‌ വായനയിലേക്ക്‌ എത്തുന്നത്‌ തന്നെ. 

1996ല്‍ പിതാവ്‌ മരണപെട്ടതോടുകൂടി ഷംഷാദും കടുംബവും കൊട്ടാരക്കരയിലേക്ക്‌ താമസം മാറി. പിതാവിന്റെ ലൈബ്രറിയിലെ പുസ്‌തകങ്ങളും കൂട്ടിനുണ്ടായിരുന്നു. 2000 പുസ്‌തകങ്ങള്‍ ഈ പുസ്‌തക ശേഖരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷംഷാദ്‌ ലണ്ടനിലേക്ക്‌ ജോലിക്ക്‌ പോയപ്പോള്‍ ഉമ്മയെ ഇതെല്ലാം ഏല്‍പ്പിച്ചു. എന്നാല്‍ കാലപ്പഴക്കം മൂലം ഇവയെല്ലാം നശിച്ചുപോയി. തിരികെ വന്ന ഷംഷാദ്‌ വല്ലാതെ വേദനിച്ചു. ഇതില്‍ ദു;ഖിതയായ അവര്‍ തിരികെ ജോലിക്ക്‌ ലണ്ടനില്‍ ചെന്നപ്പോഴും പിതാവിന്റെ പുസ്‌തകങ്ങളുടെ ഓര്‍മ്മയിലായിരുന്നു. 

യു.കെ.യിലെ ചില്‍ഡ്രന്‍സ്‌ ലൈബ്രറിയില്‍ കയറി പുസ്‌തകങ്ങളെക്കുറിച്ച്‌ പഠിച്ചു. പുതിയ തലമുറയിലെ കുട്ടികള്‍ ഇന്റര്‍നെറ്റിലൂടെയാണ്‌ കൂടുതലും അറിവുകള്‍ ശേഖരിക്കുന്നത്‌ എന്നറിഞ്ഞതോടെ ഡിജിറ്റല്‍ ലൈബ്രറി എന്ന ആശയം മനസില്‍ ഉണ്ടായി. ഇതാണ്‌ പറ്റിയ സമയം എന്ന്‌ മനസിലാക്കിയ ഷംഷാദ്‌ ഡിജിറ്റല്‍ ലൈബ്രറിക്ക്‌ വേണ്ടി പണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അതിനു വേണ്ടി അഴ്‌ചയില്‍ അഞ്ചു മണിക്കൂര്‍ അധികമായി ജോലി നോക്കി പണം മിച്ചം പിടിച്ച്‌ ആറു വര്‍ഷം കൊണ്ട്‌ 4 ലക്ഷം രൂപ ഇതിനായി മാറ്റിവച്ചു. 

വീണ്ടും സംശയം മനസില്‍ ഉണ്ടായി, കൊട്ടാരക്കരയില്‍ വേണോ പിതാവിന്റെ നാട്ടില്‍ വേണോ എന്ന ചോദ്യം മനസില്‍ ഉദിച്ചു. അതിനും ഉത്തരം കിട്ടി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 1983-86 കാലത്തെ വിധ്യാര്‍ത്ഥിനിയായിരുന്ന ഷംഷാദ്‌ അന്ന്‌ തന്നെ പഠിപ്പിച്ച അദ്ധ്യാപികയെ ഫോണില്‍ ബന്ധപ്പെട്ടു തന്റെ ആഗ്രഹം അറിയിച്ചു. സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറിക്ക്‌ ടീച്ചര്‍ അനുവാദം നല്‍കി. അങ്ങനെ 2014 ജനുവരിയോടു കൂടി തന്റെ ആഗ്രഹപൂര്‍ത്തീകരണമായി ലൈബ്രറിക്ക്‌ തറക്കല്ലിട്ടു. ഇടക്ക്‌ ഇതില്‍ ഇടപെട്ട ഇടനിലക്കാരന്‍ പണം കൈക്കലാക്കിയെങ്കിലും കെട്ടിടം നിര്‍മ്മിച്ചില്ല. ഇതിലും പതറാതെ ഷംഷാദ്‌ ലണ്ടനില്‍ നിന്നു നേരിട്ടെത്തി കെട്ടിടം പണികഴിപ്പിച്ചു സ്‌കൂളിനായി സമര്‍പ്പിച്ചു.