Breaking News

Trending right now:
Description
 
Jun 17, 2015

പുസ്‌തകം മരിച്ചിട്ടില്ല: ജയശ്രീമിശ്ര

കാരൂര്‍സോമന്റെ ഇംഗ്ലീഷ്‌ നോവല്‍ \\\'മലബാര്‍ എഫ്‌ളേം\\\' പ്രകാശനം ചെയ്‌തു
image കാരൂര്‍ സോമന്‍ രചിച്ച 'മലബാര്‍ എഫ്‌ളേം' എന്ന ഇംഗ്ലീഷ്‌ നോവലിന്റെ പ്രകാശനം എഴുത്തുകാരി ജയശ്രീ മിശ്ര നിര്‍വഹിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ കേരളയുടെ വൈസ്‌ ചാന്‍സിലറായിരുന്ന ഡോ. ജാന്‍സി ജയിംസ്‌ ആദ്യപ്രതി ഏറ്റുവാങ്ങി. ``വായന മരിച്ചിട്ടില്ല അതുകൊണ്ട്‌ പുസ്‌തകങ്ങളും മരിച്ചിട്ടില്ല വായനയുടെ രൂപഭാവങ്ങള്‍ മാറിയെന്നുമാത്രം. തന്മൂലം എഴുത്തുകാര്‍ പുതിയ വായനക്കാരുടെ അഭിരുചിക്കനുസൃതമായി എഴുത്തിന്റെ രൂപഭാവങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു,''ഇംഗ്ലീഷില്‍ പരമ്പാരാഗത ശൈലിയില്‍ എട്ടു ബെസ്റ്റ്‌ സെല്ലറുകള്‍ രചിച്ചു ലോകപ്രശസ്‌തി നേടിയ മലയാളി ജയശ്രീ മിശ്ര പറഞ്ഞു. കഥയും നോവലും കവിതയും യാത്രാവിവരണങ്ങളും ഒക്കെയായി 40ല്‍പരം മലയാളപുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ള സോമന്റെ പ്രഥമ ഇംഗ്ലീഷ്‌ നോവലാണ്‌ `മലബാര്‍ എഫ്‌ളേം.' 1990ല്‍ സോമന്റെ ആദ്യരചനക്കു ആമുഖം രചിച്ചതു തകഴിയാണ്‌.
യുദ്ധാനന്തര ബ്രിട്ടനില്‍ കാലുകുത്താനിടവന്ന ഒരു കൊച്ചിക്കാരന്റെയും ഒരു കാശ്‌മീര്‍കാരന്റെയും ജീവിതങ്ങള്‍ ലണ്ടനില്‍ കെട്ടുപിണഞ്ഞുകിടക്കുന്നിടത്താണ്‌ നോവല്‍ ആരംഭിക്കുന്നത്‌. പ്രണയവും സാഫല്യവും നൈരാശ്യവും മൊഴിചൊല്ലലും ചതിയും വഞ്ചനയുമെല്ലാം കഥയില്‍ വരുന്നു. മൂന്നാംതലമുറയില്‍ എത്തിയപ്പോള്‍ കൊച്ചുമക്കള്‍ ഡോക്‌ടര്‍മാരും എഞ്ചിനീയര്‍മാരും ടെക്‌നോക്രാറ്റുകളുമൊക്കയാകുന്നു. എഞ്ചിനീയറിംങ്‌ കരവിരുതിന്റെ മകുടോദാഹരണമായി ഇംഗ്ലീഷ്‌ ചാനലിനു കുറുകെ നിര്‍മ്മിച്ച സമുദ്രാന്തര തുരങ്കംവഴി ഇന്ത്യയില്‍ നിന്നു പാരീസിലേക്കു യുറോസ്റ്റാര്‍ ട്രെയിന്‍ കൂകിപായുന്നതാണ്‌ കഥാന്ത്യം. തീവ്രവാദവും ട്രെയിനിനു ബോംബുവെയ്‌ക്കാനുള്ള നിഗൂഢശ്രമവുമെല്ലാം കഥയില്‍ വരുന്നു.
``നോവല്‍ ഞാന്‍ കൗതുകപൂര്‍വ്വം വായിച്ചു. ഈസ്റ്റ്‌ ഹാമിലും കിംഗ്‌സ്‌ ക്രോസിലും വ്യാപരിക്കുന്ന അതിലെ കഥാപാത്രങ്ങളില്‍ പലരും ഇപ്പോഴും അവിടെ ജീവിക്കുന്നതായി ഞാന്‍ തിരിച്ചറിയുന്നു'' പുസ്‌തകത്തിന്റെ ആദ്യപ്രതി ഡോ. ജാന്‍സി ജയിംസിനു സമ്മാനിച്ചുകൊണ്ട്‌ ജയശ്രീ ഓര്‍മ്മകള്‍ അയവിറക്കി. ``നോവലിന്റെ പുറംചട്ടയില്‍ ചിത്രീകരിച്ച നമ്പര്‍ 12 ലണ്ടന്‍ ഡബിള്‍ ഡക്കര്‍ ബസില്‍ ഞാന്‍ എത്രയോ തവണ സഞ്ചരിച്ചിട്ടുണ്ട്‌'' ലണ്ടന്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലം അനുസ്‌മരിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു.
``പുതിയ എഴുത്തുകാര്‍ക്കുമുമ്പില്‍ പുതിയ സമസ്യകളുണ്ട്‌'' പുസ്‌തകം പ്രകാശനത്തോടനുബന്ധിച്ച്‌ `പോസ്റ്റ്‌ മോഡേണ്‍ റിഡില്‍സ്‌ ബിഫോര്‍ ഇന്‍ഡോ-ആംഗ്ലിയന്‍ റൈറ്റേഴ്‌സ്‌' എന്ന സെമിനാറില്‍ ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചുകൊണ്ട്‌ ജയശ്രീ പറഞ്ഞു പലരും ബ്ലോഗ്‌ എഴുത്തുകാരാണ ഐപാഡിലും കിന്‍ഡില്‍, നൂക്‌ പോലുള്ള ഈ റീഡറുകളിലും എന്നുവേണ്ട ഐഫോണ്‍ പോലുള്ള ന്യൂജനറേഷന്‍ ഫോണുകളിലുമാണ്‌ ഇന്നു വായന'' കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച്‌ പുതിയ എഴുത്തുകാര്‍ തങ്ങളുടെ രചനാവൈഭവങ്ങള്‍ രൂപപ്പെടുത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
ഐ. എ. എസില്‍ നിന്നു രാജിവെച്ചു. ബിസിനസ്‌ ലോകത്ത്‌ തന്റേതായ തട്ടകം കണ്ടെത്തിയ തിരുവനന്തപുരംകാരന്‍ സി. ബാലഗോപാലിന്‌ ഒരെഴുത്തുകാരനെന്ന നിലയില്‍ സെമിനാറില്‍ പലരും പങ്കുവയ്‌ക്കാറുണ്ടായിരുന്നു. മണിപ്പൂരില്‍ ഐ.എ.എസ്‌. ട്രെയിനി ആയിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന ``ഓണ്‍ എ ക്ലിയര്‍ ഡേ യു കാന്‍ സി ഇന്ത്യ'' എന്ന പ്രഥമഗ്രന്ഥം ഹാര്‍പ്പര്‍ കോളിന്‍സ്‌ ആണ്‌ പ്രകാശിപ്പിച്ചത്‌. കൊല്ലത്തു സബ്‌ കളക്‌റ്റര്‍ ആയിരിക്കുമ്പോഴുള്ള അനുഭവങ്ങള്‍ വിവരിക്കുന്ന അടുത്ത ഗ്രസ്ഥം ഉടനെ പുറത്തിറങ്ങും.
``സ്വന്തമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍മാത്രം പേനയെടുക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ അതു മറ്റുള്ളവരുമായി പങ്കുവെയ്‌ക്കുക.'' എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവരോട്‌ ബാലഗോപാലനു പറയാനുണ്ടായിരുന്നത്‌ അതാണ്‌.
കാരൂര്‍ സോമന്‍ മറുപടി പ്രസംഗത്തില്‍ കുട്ടികളുടെ റോള്‍ മോഡല്‍ സിനിമാനടീനടന്മാമാരായാല്‍ അതു അപകടകരമായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കി. മാതൃകയാകേണ്ടത്‌ അറിവും ജ്ഞാനവുമുള്ള മഹദ്‌വ്യക്തികള്‍ ആയിരിക്കണം. പഠിക്കുന്ന പ്രായം കളിമണ്ണുപോലെയാണ്‌. അതിനെ നിയന്ത്രിക്കാനുള്ള അറിവിനായി വായിക്കണം. വായിക്കാത്തതിന്റെ ഫലമാണ്‌ ഇന്ത്യന്‍ ജനത അനുഭവിക്കുന്നത്‌. ഇവിടെ ഭരിക്കുന്നത്‌ ഇന്ത്യന്‍ ബ്രിട്ടീഷുകാരാണ്‌. അതാണ്‌ ജനം കടത്തിലും ദാരിദ്ര്യത്തിലും കഴിയുന്നത്‌. സാധാരണ ജനത്തിന,്‌ സ്‌ത്രീകള്‍ക്ക്‌ നീതി നിഷേധിക്കപ്പെടുന്നു'' സോമന്‍ പറഞ്ഞു.
`മലബാര്‍ എഫ്‌ളേം' എഡിറ്റ്‌ ചെയത സീനിയര്‍ ജേണലിസ്റ്റ്‌ കുര്യന്‍ പാമ്പാടി ഗ്രന്ഥകാരനെയും പുസ്‌തകങ്ങളെയും പരിചയപ്പെടുത്തി. ഡോ. മീനാ ടി. പിള്ള ഡയറക്‌ടറായ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. അസോസിയേറ്റ്‌ പ്രൊഫസറും സെന്റര്‍ ഫോര്‍ ഓസ്‌ട്രേലിയന്‍ സ്റ്റഡീസ്‌ ഡയറക്‌ടറുമായ ഡോ. സുജാകുറുപ്പ്‌ സ്വാഗതം പറഞ്ഞു. പങ്കെടുത്തവരില്‍ ആര്‍ട്‌സ്‌ ഡീന്‍ ഡോ. മായാ ദത്ത്‌, പ്രൊഫസര്‍ ഡോ. ബി. ഹരിഹരന്‍, എഴുത്തുകാരനായ രാകേശ്‌ വര്‍മ്മ, ലെക്‌സിക്കന്‍ എഡിറ്റര്‍ ഡോ. മിനി നായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. പി. എച്ച്‌. ഡി. സ്‌കോളര്‍ സുചേതശങ്കര്‍ കൃതജ്ഞത പറഞ്ഞു.

ന്യൂഡല്‍ഹിയിലെ മീഡിയാ ഹൗസ്‌ ആണ്‌ `മലബാര്‍ എഫ്‌ളേം' പ്രകാശനം ചെയ്‌തിരിക്കുന്നത്‌.