Breaking News

Trending right now:
Description
 
Jun 04, 2015

ഫിഫയിലെ അഴിമതിക്കാരെ കുടുക്കിയതിനു പിന്നില്‍ ലൊറേറ്റ ലിഞ്ചിന്റെ നിശ്ചയദാര്‍ഢ്യം

image ലോക ഫുട്‌ബോളിന്റെ ഭരണചക്രം തിരിക്കുന്ന ഫിഫയിലെ അഴിമതിക്കാരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനു പ്രധാന പങ്കുവഹിച്ചത്‌ അമേരിക്കന്‍ അറ്റോര്‍ണി ജനറലായ ലൊറേറ്റ ലിഞ്ച്‌. ഇവരുടെ ശക്തമായ ഇടപെടലാണ്‌ ഫിഫ ഭരണസമിതിയിലെ ഏഴ്‌ അതികായകരുടെ കൈയില്‍ വിലങ്ങുവീഴാന്‍ കാരണം. അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സെപ്‌ ബ്ലാറ്ററെ രാജിയിലേക്കു നയിച്ചതുപോലും ലിഞ്ചിന്റെ ശക്തമായ നിലപാടാണ്‌. അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതല്‍ ഫിഫയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലൊറേറ്റ ഭാഗഭാക്കാകുന്നത്‌. കഴിഞ്ഞ മൂന്നുവര്‍ഷമായി എഫിബിഐ ഫിഫയിലെ അഴിമതിയെക്കുറിച്ച്‌ അന്വേഷണം നടത്തിവരുകയായിരുന്നു. ഫിഫയിലെ ഒമ്പത്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടീവുകള്‍ക്കും നേരെ 47 അഴിമതികുറ്റങ്ങള്‍ ഉന്നയിച്ച്‌ അഴിമതിക്കെതിരേ തുറന്ന പോരാട്ടത്തിന്‌ താന്‍ തയാറായിക്കഴിഞ്ഞിരിക്കുന്നു എന്നവര്‍ പറഞ്ഞതിന്റെ പിറ്റേദിവസമാണ്‌ ഫിഫയുടെ വൈസ്‌ പ്രസിഡന്റടക്കം ഏഴു പേര്‍ സൂറിച്ചില്‍ അറസ്റ്റിലായത്‌. സ്വന്തം താല്‌പര്യസംരക്ഷണത്തിനും മറ്റുള്ളവന്റെ പണംകൊണ്ട്‌ കീശ വീര്‍പ്പിക്കുന്നതിനും വേണ്ടി ലോകഫുട്‌ബോളിനെ ഉപയോഗിക്കുന്നു. ഫുട്‌ബോളിന്റെ സത്യസന്ധമായ നിലനില്‍പ്പിനാവശ്യമായ നിലപാടുകളാണ്‌ ഫുട്‌ബോള്‍ അധികാരികളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നാണ്‌ ഫിഫ അഴിമതിയേക്കുറിച്ചു ലൊറേറ്റ പറഞ്ഞത്‌.

1990-ല്‍ ഈസ്‌റ്റേണ്‍ ഡിസ്‌ട്രിക്ട്‌ പ്രോസിക്യൂട്ടറാകുന്നതോടെയാണ്‌ ലൊറേറ്റ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്‌. പിന്നീട്‌ ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം ഡിസ്‌ട്രിക്‌ അറ്റോര്‍ണിയായി ചുമതലയേറ്റു. ചുമതലയേറ്റ ആദ്യവര്‍ഷം തന്നെ പ്രമാദമായ കേസുമായി ലൊറേറ്റ ജനശ്രദ്ധ നേടിയിരുന്നു. പൊലീസ്‌ കസ്റ്റഡിയില്‍ ഇരിക്കെ ലൈംഗിക പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായ ഹെയ്‌ത്തി സ്വദേശി അബ്‌നെര്‍ ലൂയിമയുടെ കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ ലൊറേറ്റയ്‌ക്കു യാതൊരു മടിയുമില്ലായിരുന്നു അവരില്‍ ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്‌ മുപ്പത്‌ വര്‍ഷമാണ്‌ ശിക്ഷ ലഭിച്ചത്‌. പിന്നീട്‌ കള്ളക്കടത്തുകാര്‍, ലൈംഗിക ചൂഷകര്‍, മറ്റു മാഫിയകള്‍ എല്ലാവരെയും അവര്‍ ശിക്ഷിച്ചു, അതും കഠിനമായിത്തന്നെ. ഇവരുടെ തന്റേടം കോടതിയിലെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. മികച്ച പ്രവര്‍ത്തനത്തിനുള്ള ബഹുമതിയെന്നോണം 2014ല്‍ ലൊറേറ്റയെ യുഎസ്‌ അറ്റോര്‍ണിയായി നാമനിര്‍ദേശം ചെയ്‌തുകൊണ്ട്‌ ഒബാമ അവരുടെ മികവിനുള്ള അംഗീകാരം നല്‍കി.