Breaking News

Trending right now:
Description
 
Jun 04, 2015

നിക്ഷേപ തട്ടിപ്പ്‌: നടി രാഖി സാവന്തിന്‌ രണ്ടരക്കോടി നഷ്ടപ്പെട്ടു

image മുംബൈ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞദിവസം അറസ്റ്റു ചെയ്‌ത നടി ലീനാപോളിന്റെ വലയില്‍ ബോളിവുഡ്‌ താരം രാഖി സാവന്തും കുടുങ്ങി. രാഖിക്ക്‌ നഷ്ടമായത്‌ രണ്ടരക്കോടി രൂപയാണ്‌. ലീനയുടെ സുഹൃത്ത്‌ ചന്ദ്രശേഖറാണ്‌ പണം നിക്ഷേപിക്കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ സമീപിച്ചത്‌. ഇവരുടെ ആഡംഭരജീവിതം കണ്ടപ്പോള്‍ ശരിക്കും വിശ്വസിച്ചുപോയെന്ന്‌ രാഖി വ്യക്തമാക്കി. നിക്ഷേപിക്കുന്ന തുകയ്‌ക്ക്‌ മാസം 20 ശതമാനവും മൂന്നുവര്‍ഷത്തേക്ക്‌ 300 ശതമാനവും റിട്ടേണ്‍ ആയിരുന്നു വാഗ്‌ദാനം. ലയണ്‍ ഓക്‌ ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥാപനത്തില്‍ ലക്കി നമ്പര്‍-അഞ്ച്‌, ന്യു ഇയര്‍ ബോനാണ്‍സ, സൂപ്പര്‍ ഹാര്‍വെസ്റ്റ്‌, തുടങ്ങിയ അഞ്ചുസ്‌കീമുകളിലാണ്‌ പണം നിക്ഷേപം നടത്തിയിരുന്നത്‌. നിക്ഷേപങ്ങളൊക്കെയും പണമായിട്ടായിരുന്നു. കാലാവധി പൂര്‍ത്തിയായപ്പോള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ഓഫീസില്‍ എത്തിയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്ന്‌ രാഖി പറഞ്ഞു. ഒരുവര്‍ഷംകൊണ്ട്‌ ആയിരം പേര്‍ ലീനാപോളിന്റെ തട്ടിപ്പിന്‌ ഇരയായിട്ടുണ്ടെന്ന്‌ പൊലീസും സമ്മതിക്കുന്നുണ്ട്‌. 10 കോടി രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ലീനയുടം ചന്ദ്രശേഖരും ചെന്നൈയില്‍ 16 കോടിയുടെ തട്ടിപ്പുകേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ്‌ മുംബൈയില്‍ ബിസിനസ്‌ തുറന്നത്‌. ഇരുവരെയും കൂടാതെ ബോളിവുഡ്‌ ഗാനരചയിതാവ്‌ ഹസ്രത്ത്‌ ജയ്‌പൂരിയുടെ മകന്‍ അക്തര്‍ (55), അക്തറിന്റെ മകന്‍ അദില്‍ (22), ബന്ധു നസീര്‍ ജയ്‌പൂരി, സല്‍മാന്‍ റിസ്വി എന്നിവരും അറസ്റ്റിലായിട്ടുണ്ട്‌. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇവരും പങ്കാളികളായെന്നാണ്‌ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.