Breaking News

Trending right now:
Description
 
May 31, 2015

റോഡിലെ വിദ്യാര്‍ഥികളുടെ തിക്കും തിരക്കും ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തില്‍ വൈകുന്നേരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിടുന്ന നേരം കൂട്ടമായി എത്തുന്ന വിദ്യാര്‍ഥികള്‍ മൂലം ദിവസേനയുണ്ടാകുന്ന റോഡിലെ തിക്കും തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോടു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു. സ്‌കൂളും മറ്റും വിടുമ്പോള്‍ വിദ്യാര്‍ഥികളെ ക്രമമായും അച്ചടക്കത്തോടെയും പുറത്തേക്കിറക്കിയാല്‍ നിമിഷനേരത്തിനുളളില്‍ റോഡിലെ തിരക്ക് ഇല്ലാതാകും. സ്ഥാപനത്തിലെ എല്ലാ വിദ്യാര്‍ഥികളെയും ഒരുമിച്ചു വിടുന്ന രീതി ഒഴിവാക്കി ഓരോ വിഭാഗങ്ങളെ ഏതാനും മിനിട്ട് വ്യത്യാസത്തിനു റോഡിലേക്കിറക്കുയാണു വേണ്ടത്. കാല്‍നടക്കാര്‍, സൈക്കിളിലുള്ളവര്‍, ഓട്ടോറിക്ഷ തുടങ്ങിയ സ്വകാര്യ മോട്ടോര്‍ വാഹനങ്ങളുപയോഗിക്കുന്നവര്‍, സ്‌കൂള്‍ ബസില്‍ പോകുന്നവര്‍ എന്നിങ്ങനെ വിദ്യാര്‍ഥികളെ വേര്‍തിരിച്ചാണ് റോഡിലേക്കിറക്കേണ്ടത്. പട്ടണത്തില്‍ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ജില്ലാ കോടതി, കോണ്‍വെന്റ് സ്‌ക്വയര്‍ പ്രദേശങ്ങളില്‍ 2015-16 വിദ്യാഭ്യാസ വര്‍ഷം മുതല്‍ തന്നെ റോഡ് അച്ചടക്ക നടപടി നടപ്പിലാക്കണം. അതിനായി ചേര്‍ന്നു സ്ഥിതി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ചേര്‍ന്നു ടൈം ടേബിള്‍ തയാറാക്കുകയും റോഡില്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ മുതിര്‍ന്ന കുട്ടികളടങ്ങിയ എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയവയുടെ സഹായം വിട്ടു നല്കുകയും വേണം. സ്‌കൂളുകളുടേയും കോളജുകളുടെയും മുന്നിലുള്ള റോഡില്‍ സീബ്രാലൈന്‍ അടക്കമുള്ള ഗതാഗത നിയന്ത്രണ രേഖകള്‍ വരയ്ക്കുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. 

ബസുകള്‍ ബസ് സ്റ്റോപ്പുകളില്‍ തന്നെ കൃത്യമായി നിറുത്തി വിദ്യാര്‍ഥികളെ കയറ്റണം. ജംഗ്ഷനുകളില്‍ ട്രാഫിക് പോലീസ് തീര്‍ച്ചയായും ഉണ്ടായിരിക്കണം. അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുകയും വേണം. ഇതേസമയം, പലരേയും പേടിച്ചു പോലീസ് നടപടിയെടുക്കാന്‍ മടി കാണിച്ചുകൊണ്ടിരിക്കുന്നതും വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടതുമായ രണ്ടു റോഡ് അപകട കാരണങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ വിചാരിച്ചാല്‍ ഒഴിവാക്കാം.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കാതിരുന്നാലും കപ്പാസിറ്റിയില്‍ കവിഞ്ഞു ഓട്ടോറിക്ഷയിലോ വാനിലോ കുട്ടികളെ കയറ്റിവിടാതിരുന്നാലും മതി അതിന്.

ഫോട്ടോ: ആലപ്പുഴ എസ്.ഡി.വി ഗേള്‍സ് ഹൈസ്‌കൂളിനു മുന്നിലെ ഗതാഗതത്തിരക്ക്.